കുഞ്ഞാത്തൂത്താക്ക്
മാപ്പളയില്ല
''ദുബായീന്ന് കപ്പലുമുങ്ങി
മെരിച്ചുപോയീ''ന്നാണ്
ഓറ് എല്ലാരോടും പറഞ്ഞിന്..
ഓർക്കൊരു ചെക്കനുണ്ടേനു,
കരികരക്കറത്ത കാട്ടു പന്നീനപ്പോലെ
ഒരു കോങ്കണ്ണൻ ചെക്കൻ.
ഓന്റെ വെശപ്പ്
വെല്ലാത്തൊരു വെശപ്പേരുന്നു.
നാലുക്ണ്ണം പയങ്കഞ്ഞീം കപ്പേം ത്‌ന്ന്
പൊറത്തെറങ്ങിയാലും
അപ്രത്തേം ഇപ്രത്തേം
അട്ക്കളപ്പൊറത്ത്
പൂച്ചനെപ്പോലെ ചെന്നു നിക്കും..
ചൂടുവെള്ളം പോർന്നാലും
കാടിവെള്ളൊയിച്ചാലും
പൊള്ളിയാലും കണ്ണെരിഞ്ഞാലും
പിന്നേം വെരും ഒടുക്കത്തെ വെശപ്പുമായി
കറത്ത കോങ്കണ്ണൻ...
നാട്ട്കാര്
കുഞ്ഞാത്തൂത്താനെ പള്ള് പറയും
"ചെക്കന് ഓള് നേരാംവണ്ണം
വെച്ച്ണ്ടാക്കി കൊടുക്കാഞ്ഞിറ്റാന്ന്"
അന്നൊരീസം
കുഞ്ഞാത്തൂത്താൻറെ
ഓലപ്പൊരേല്
ഞാൻ
കുറ്റാക്കൂരിരുട്ടില് കേരിച്ചെന്നപ്പം
ചെക്കൻ ഞെട്ടിയെണീറ്റ്
"പൈക്കുന്നുമ്മാ, പൈക്കുന്നുമ്മാ"ന്നു
കാള്ന്ന്ണ്ടേനു..
ഉടുമുണ്ട് വാരിച്ചുറ്റി
ഓറ് ഞാൻകൊടുത്ത
അയിമ്പതുറുപ്യ
മുലയിടുക്കിൽ തിരുകിവെച്ച്
കവലേലെ തട്ട്കടേലേക്ക്
കീഞ്ഞ് പായ്‌ന്ന്‌ണ്ടേനു
എന്നിറ്റും നാട്ട്കാര് പറയുന്നു
ചെക്കനെ ഓള് കൊന്നതാന്ന്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ