"ഇന്നത്തെ കാലിഡോസ്കോപ്പിൽ രമേശൻ എന്ന മുപ്പത്തൊന്നുകാരനെയാണ്പരിചയപ്പെടുത്തുന്നത്"
ചാനൽ അവതാരക പ്രത്യക്ഷപ്പെടുന്നു
(യുവാവിനെ രണ്ടുമൂന്നുപേർ ചേർന്ന് നിർബന്ധിച്ചു പുറത്തേക്കു കൊണ്ടുവരുന്നു,ചാരുകസേരയിൽ ഇരുത്തുന്നു.വേണ്ട, താത്പര്യമില്ല എന്ന് അയാൾ കുതറിയോടുന്നു)
ഇനിയൊരു ഇടവേളയാണ്.
('നാളെയെനിക്ക് സ്പൈസി ഓട്സ് ഉണ്ടാക്കിത്തരുമോ?' എന്ന് ഒരാൾ ഭാര്യയെ ഉറക്കത്തിൽ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന പരസ്യമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് ഞങ്ങൾ രണ്ടുമൂന്നുപേർ രമേശനെ പാടവരമ്പിലും കുന്നിൻമൂട്ടിലും മറ്റുമായി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു, രമേശനിപ്പോൾ പൂമുഖത്തെ ചാരുകസേരയിൽ വളരെ മാന്യനായി ഇരിക്കുകയാണ്. ഇനി ഓടിയാൽ വെടിവെച്ചു കൊന്നുകളയും
എന്ന ഭീഷണി ഇത്രമേൽ ഫലിക്കുമെന്ന് ഞങ്ങൾപോലും പ്രതീക്ഷിച്ചതല്ല)
അവതാരക തുടരുന്നു:
"എന്താണ് രമേശനെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തനാക്കുന്നത് എന്നു നോക്കാം.
മുപ്പത്തിയൊന്നാം വയസ്സിലും ഒരു ദിവസം പോലും
മുടങ്ങാതെ ഉറക്കത്തിൽ കിടക്കപ്പായയിൽ
മൂത്രമൊഴിക്കുന്നു എന്നതാണ് ഇദ്ദേഹത്തിൻറെ പ്രത്യേകത"
(രമേശൻ വളരെ വിഷാദ ചിത്തനായി വെടിവെച്ചു കൊല്ലപ്പെടേണ്ട അവസ്ഥയെ തരണം ചെയ്യാൻ എന്നപോലെ ഇരിക്കുമ്പോൾ ഒരു പരസ്യത്തിനുള്ള സമയമാണ്)
"പെട്ടന്നുതന്നെ തിരികെ വരാം"
(കുട്ടികളുടെ സ്നഗ്ഗിയുടെ പരസ്യവും, കെയർഫ്രീ നാപ്കിന്റെ പരസ്യവും മിന്നിമറയുന്നു)
അവതാരക തുടരുന്നു:
"സ്വന്തമായി കൃഷിചെയ്തു ജീവിക്കുന്ന
അവിവാഹിതനായ രമേശന്റേത്
അമ്മയും മകനും മാത്രമുള്ള സംതൃപ്ത കുടുംബമാണ്.
ജനിച്ചതുമുതൽ ഒരു ദിവസം പോലും മുടങ്ങാതെ
ഇങ്ങനെയൊരു ക്രിയേറ്റിവിറ്റി കണ്ടിന്യു ചെയ്യുന്നു
എന്നതു കൊണ്ടുതന്നെ, അഥവാ 11315 ദിവസം തുടർച്ചയായി
കിടക്കപ്പായയിൽ കാര്യം സാധിച്ചു എന്നതുകൊണ്ടുതന്നെ
ലിംകാ ബുക്സ് ഓഫ് റെക്കോഡ്സിലും ഗിന്നസ് ബുക്കിൽ തന്നെയും
രമേശന്റെ പേര് രേഖപ്പെടുത്തേണ്ടാതാണ്.
പക്ഷേ, നിരാശാവഹമായ ഒരു സത്യം അതിനു സാധിച്ചില്ല എന്നതാണ്.
നമ്മുടെ ഭരണ സംവിധാനത്തിൻറെ കെടുകാര്യസ്ഥത എന്നല്ലാതെ
എന്തു പറയാൻ..
മൂത്രാനുഭവങ്ങളുടെ കാലാതീതമായ അടയാളപ്പെടുത്തലുകൾക്ക് വേണ്ടി വിവാഹ ജീവിതംവരെ ഉപേക്ഷിച്ചിരിക്കുന്ന രമേശൻ ഒരു ജീവിത സാക്ഷാൽക്കാരത്തിന്റെ ത്യാഗോജ്വലമായ ഉദാഹരണമാണ്.... ഒരുതരം സാക്രിഫൈസ്..
പറയൂ മിസ്റ്റർ രമേശ് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ഇനിയങ്ങോട്ട് ജീവിതത്തിൽ എന്താണ് ആഗ്രഹം?"
(രമേശൻ ഭയന്നുവിറച്ച സ്കൂൾ കുട്ടിയെപ്പോലെ ഞങ്ങൾ ഒളിച്ചുപിടിച്ചിരിക്കുന്ന ആയുധത്തിന് മുന്നിൽ എഴുന്നേറ്റു നിന്ന് സംസാരിക്കാൻ തുടങ്ങുന്നു)
"ഒരു ചെറിയ ഇടവേളയും കൂടി"
(ഈ സമയത്ത് രമേശൻ കരഞ്ഞുകൊണ്ടു തുടർന്നു: "എനിക്കൊന്നും പറയാനില്ല സർ.... ദയവുചെയ്ത് ഇതു നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. സത്യമായിട്ടും ഇതൊരു രോഗമാണ്. എത്ര ഡോക്ടർ മാരെ കണ്ടിട്ടും നേരെയാകുന്നില്ല. കല്ല്യാണം വരെ വേണ്ടെന്നു വെച്ചത്, ആദ്യരാത്രിയിൽ...." - കേരളത്തിലെ അറിയപ്പെടുന്ന ഒരു ചാനൽ പ്രവർത്തകൻ എന്ന നിലയിൽ ഇത്തരം പ്രതിസന്ധികളിൽ ഇടപെടാതിരിക്കാൻ എനിക്ക് സാധ്യമല്ല എന്നതുകൊണ്ട് ഞാൻ വളരെ സഹാനുഭൂതിയോടെ അദ്ദേഹത്തെ സമീപിച്ചു കൊണ്ട് പറഞ്ഞു: "അറിയാം സുഹൃത്തേ... പക്ഷേ ഇത് ഞങ്ങളുടെ ചാനലിൻറെ നില നിൽപ്പിൻറെ പ്രശ്നമാണ്.. അതിലുപരി ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നം.. ദയവുചെയ്ത് സഹകരിക്കണം ഇല്ലെങ്കിൽ തീർച്ചയായും ആയുധം ഉപയോഗിക്കേണ്ടിവരും")
"ക്ഷമിക്കണം, വളരെ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രമേശനിലെക്കു വരികയാണ്.
പറയൂ ഇനി എന്താണ് താങ്കളുടെ ജീവിതലക്‌ഷ്യം?"
രമേശൻ മടികൂടാതെ മൈക്കുവാങ്ങുന്നു,
തുടരുന്നു: "സത്യം പറഞ്ഞാൽ ഇത് ഇത്രയും വലിയ ഒരു കലയാണെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഇത്രയും കാലം എനിക്ക് 'ഒന്നി'ൽ മാത്രമേ തുടരാൻ പറ്റിയുള്ളൂ, എന്നതിൽ തീർത്തും കുണ്‍ഠിതപ്പെടുന്നു.
ഇനിയങ്ങോട്ട് ഇന്നുമുതൽ എൻറെ പ്രവർത്തന മേഖല 'രണ്ടിലേക്കും' വ്യാപിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്"
"ഇനി നമുക്ക് വ്യത്യസ്തരായ പുതിയ വ്യക്തികളുമായി അടുത്താഴ്ച ഇതേ സമയത്തു വീണ്ടും കാണാം. നന്ദി... നമസ്കാരം"
"ഇനി നമുക്ക് വ്യത്യസ്തരായ പുതിയ വ്യക്തികളുമായി അടുത്താഴ്ച ഇതേ സമയത്തു വീണ്ടും കാണാം. നന്ദി... നമസ്കാരം"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ