2013 ജൂലൈ 31, ബുധനാഴ്‌ച


പശുമരം 

കുഞ്ഞമ്മാമാ കുഞ്ഞമ്മാമാ..
നമ്മക്ക്... ഒരു പശുവമ്പ ഉണ്ടായിനേ...
ആ പശുവമ്പക്ക്...ഒരു കുഞ്ഞമ്പ ഉണ്ടായിനേ..
ചോന്ന കുഞ്ഞമ്പ, നല്ല കുഞ്ഞമ്പ..
ആ, കുഞ്ഞമ്പക്ക് ഞാനാന്നേ.. പുല്ലു പറിച്ചു കൊടുക്ക്വാ..
ഞാനാനാന്നേ... കാടിയുമ്പം കൊടുക്ക്വാ 

കുഞ്ഞമ്മാമാ കുഞ്ഞമ്മാമാ..
ആ കുഞ്ഞമ്പയില്ലേ.. ൻറെ കൂടെ...
പാടത്തും, പറമ്പത്തും,കാട്ടിലും,ഒക്കെ വര്വേ..
ആ കുഞ്ഞമ്പക്ക്.. ഞാൻ മുത്തം കൊടുക്കലുണ്ടേ..
ആ കുഞ്ഞമ്പ... ഇക്കും.. മുത്തം തരാറുണ്ടേ..

കുഞ്ഞമ്മാമാ, കുഞ്ഞമ്മാമാ.. 
ഒരീസില്ലേ.. കുഞ്ഞമ്മാമാ..
ഞാനേ... ഉസ്കൂളി പോയതേന്വേ..
വെരുമ്പക്കില്ലേ.... കുഞ്ഞമ്മാമാ...

ഞാനതു പറയൂലാ...

ഏ കുഞ്ഞമ്മാമാ.. 
പിന്നെയുണ്ടല്ലോ കുഞ്ഞമ്മാമാ..
അമ്മ പറയലാന്നേ...
അപ്പാപ്പനും വല്ല്യേട്ടനും ഒക്കെ കൂടി 
കുഞ്ഞമ്പേനെ കണ്ടത്തില്  കുഴികുഴിച്ച്  നട്ടതാന്ന്...

കുഞ്ഞമ്മാമാ,കുഞ്ഞമ്മാമാ..
എത്ര ദീസായീന്നോ... രാവിലേം  ഉച്ചക്കും  വൈന്നേരോം 
കുഞ്ഞാവ, കണ്ടത്തിൽ പോയി നോക്കുന്നൂന്നോ... 

കുഞ്ഞമ്പ, മരമായി മൊളച്ചു വര്വോ കുഞ്ഞമ്മാമ?

കുഞ്ഞമ്മാമാ, കുഞ്ഞമാമാ.. 
ഈ നാട്ടിലുള്ള എല്ലാ വെഷത്തവളേനെയും-
കൊല്ലണം,അല്ലേ കുഞ്ഞമ്മാമാ?







2013 ജൂലൈ 28, ഞായറാഴ്‌ച

കാലിഡോസ്കോപ്

"ഇന്നത്തെ കാലിഡോസ്കോപ്പിൽ രമേശൻ എന്ന മുപ്പത്തൊന്നുകാരനെയാണ്പരിചയപ്പെടുത്തുന്നത്"

ചാനൽ അവതാരക പ്രത്യക്ഷപ്പെടുന്നു

(യുവാവിനെ രണ്ടുമൂന്നുപേർ ചേർന്ന് നിർബന്ധിച്ചു പുറത്തേക്കു കൊണ്ടുവരുന്നു,ചാരുകസേരയിൽ ഇരുത്തുന്നു.വേണ്ട, താത്പര്യമില്ല എന്ന് അയാൾ കുതറിയോടുന്നു)

ഇനിയൊരു ഇടവേളയാണ്.

('നാളെയെനിക്ക് സ്പൈസി ഓട്സ് ഉണ്ടാക്കിത്തരുമോ?' എന്ന്  ഒരാൾ ഭാര്യയെ ഉറക്കത്തിൽ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന പരസ്യമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് ഞങ്ങൾ രണ്ടുമൂന്നുപേർ രമേശനെ പാടവരമ്പിലും കുന്നിൻമൂട്ടിലും മറ്റുമായി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു, രമേശനിപ്പോൾ പൂമുഖത്തെ ചാരുകസേരയിൽ വളരെ മാന്യനായി ഇരിക്കുകയാണ്. ഇനി ഓടിയാൽ വെടിവെച്ചു കൊന്നുകളയും
എന്ന ഭീഷണി ഇത്രമേൽ ഫലിക്കുമെന്ന് ഞങ്ങൾപോലും പ്രതീക്ഷിച്ചതല്ല)

അവതാരക തുടരുന്നു:

"എന്താണ് രമേശനെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തനാക്കുന്നത് എന്നു നോക്കാം.

മുപ്പത്തിയൊന്നാം വയസ്സിലും ഒരു ദിവസം പോലും
മുടങ്ങാതെ ഉറക്കത്തിൽ  കിടക്കപ്പായയിൽ
മൂത്രമൊഴിക്കുന്നു എന്നതാണ് ഇദ്ദേഹത്തിൻറെ പ്രത്യേകത"

(രമേശൻ വളരെ വിഷാദ ചിത്തനായി  വെടിവെച്ചു കൊല്ലപ്പെടേണ്ട അവസ്ഥയെ തരണം ചെയ്യാൻ എന്നപോലെ ഇരിക്കുമ്പോൾ ഒരു പരസ്യത്തിനുള്ള സമയമാണ്)

"പെട്ടന്നുതന്നെ തിരികെ വരാം"
(കുട്ടികളുടെ സ്നഗ്ഗിയുടെ പരസ്യവും, കെയർഫ്രീ നാപ്കിന്റെ പരസ്യവും മിന്നിമറയുന്നു)

അവതാരക തുടരുന്നു:

"സ്വന്തമായി കൃഷിചെയ്തു ജീവിക്കുന്ന
അവിവാഹിതനായ രമേശന്റേത്
അമ്മയും മകനും മാത്രമുള്ള സംതൃപ്ത കുടുംബമാണ്.

ജനിച്ചതുമുതൽ ഒരു ദിവസം പോലും മുടങ്ങാതെ
ഇങ്ങനെയൊരു ക്രിയേറ്റിവിറ്റി കണ്ടിന്യു ചെയ്യുന്നു
എന്നതു കൊണ്ടുതന്നെ, അഥവാ  11315 ദിവസം തുടർച്ചയായി
കിടക്കപ്പായയിൽ കാര്യം സാധിച്ചു എന്നതുകൊണ്ടുതന്നെ
ലിംകാ ബുക്സ് ഓഫ് റെക്കോഡ്സിലും ഗിന്നസ് ബുക്കിൽ തന്നെയും
രമേശന്റെ പേര് രേഖപ്പെടുത്തേണ്ടാതാണ്.
പക്ഷേ, നിരാശാവഹമായ ഒരു സത്യം അതിനു സാധിച്ചില്ല എന്നതാണ്.
നമ്മുടെ ഭരണ സംവിധാനത്തിൻറെ കെടുകാര്യസ്ഥത എന്നല്ലാതെ
എന്തു പറയാൻ..

മൂത്രാനുഭവങ്ങളുടെ കാലാതീതമായ അടയാളപ്പെടുത്തലുകൾക്ക് വേണ്ടി വിവാഹ ജീവിതംവരെ ഉപേക്ഷിച്ചിരിക്കുന്ന രമേശൻ ഒരു ജീവിത സാക്ഷാൽക്കാരത്തിന്റെ ത്യാഗോജ്വലമായ ഉദാഹരണമാണ്.... ഒരുതരം സാക്രിഫൈസ്..

പറയൂ മിസ്റ്റർ രമേശ്‌ താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ഇനിയങ്ങോട്ട് ജീവിതത്തിൽ എന്താണ് ആഗ്രഹം?"

(രമേശൻ ഭയന്നുവിറച്ച സ്കൂൾ കുട്ടിയെപ്പോലെ ഞങ്ങൾ ഒളിച്ചുപിടിച്ചിരിക്കുന്ന ആയുധത്തിന് മുന്നിൽ എഴുന്നേറ്റു നിന്ന് സംസാരിക്കാൻ തുടങ്ങുന്നു)

"ഒരു ചെറിയ ഇടവേളയും കൂടി"

(ഈ  സമയത്ത് രമേശൻ കരഞ്ഞുകൊണ്ടു തുടർന്നു: "എനിക്കൊന്നും പറയാനില്ല സർ....  ദയവുചെയ്ത് ഇതു നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. സത്യമായിട്ടും ഇതൊരു രോഗമാണ്. എത്ര ഡോക്ടർ മാരെ കണ്ടിട്ടും നേരെയാകുന്നില്ല. കല്ല്യാണം വരെ വേണ്ടെന്നു വെച്ചത്, ആദ്യരാത്രിയിൽ...."  - കേരളത്തിലെ അറിയപ്പെടുന്ന ഒരു ചാനൽ പ്രവർത്തകൻ എന്ന നിലയിൽ ഇത്തരം പ്രതിസന്ധികളിൽ ഇടപെടാതിരിക്കാൻ എനിക്ക് സാധ്യമല്ല എന്നതുകൊണ്ട് ഞാൻ വളരെ സഹാനുഭൂതിയോടെ അദ്ദേഹത്തെ സമീപിച്ചു കൊണ്ട് പറഞ്ഞു: "അറിയാം സുഹൃത്തേ... പക്ഷേ ഇത് ഞങ്ങളുടെ ചാനലിൻറെ നില നിൽപ്പിൻറെ പ്രശ്നമാണ്.. അതിലുപരി ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നം.. ദയവുചെയ്ത് സഹകരിക്കണം ഇല്ലെങ്കിൽ തീർച്ചയായും ആയുധം ഉപയോഗിക്കേണ്ടിവരും")

"ക്ഷമിക്കണം, വളരെ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രമേശനിലെക്കു വരികയാണ്.
പറയൂ ഇനി എന്താണ് താങ്കളുടെ ജീവിതലക്‌ഷ്യം?"

രമേശൻ മടികൂടാതെ മൈക്കുവാങ്ങുന്നു,
തുടരുന്നു: "സത്യം പറഞ്ഞാൽ ഇത് ഇത്രയും വലിയ ഒരു കലയാണെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഇത്രയും കാലം എനിക്ക് 'ഒന്നി'ൽ മാത്രമേ തുടരാൻ പറ്റിയുള്ളൂ, എന്നതിൽ തീർത്തും കുണ്‍ഠിതപ്പെടുന്നു.
ഇനിയങ്ങോട്ട് ഇന്നുമുതൽ എൻറെ പ്രവർത്തന മേഖല 'രണ്ടിലേക്കും' വ്യാപിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്"

"ഇനി നമുക്ക് വ്യത്യസ്തരായ  പുതിയ വ്യക്തികളുമായി അടുത്താഴ്ച ഇതേ സമയത്തു വീണ്ടും കാണാം. നന്ദി... നമസ്കാരം"

2013 ജൂലൈ 27, ശനിയാഴ്‌ച

നീലസാരികളുടെ ബീച്ച്

ഞാൻ കാത്തിരിക്കുന്ന മുഖം
വിരസവേളകളിൽ 
വിരുന്നു വരാറുള്ള 
സൗഹൃദ സംഭാഷണങ്ങളുടെ 
നിറങ്ങളിൽ വരച്ചെടുത്ത വിഷാദമാണ്.. 

നീലസാരിയാണ് വേഷം 
എന്നുമാത്രം സൂചിപ്പിച്ചിരുന്നു, 
കടും നീലയെന്നോ ആകാശനീലയെന്നോ 
ഇളംനീലയെന്നോ പറഞ്ഞിരുന്നില്ല..
വെറും നീലനിറം, അത്രമാത്രം..

ഞാൻ കറുപ്പാണെന്ന്
അവൾക്കറിയാം..
കണ്ടില്ലെങ്കിലും എല്ലാകറുപ്പും
കറുപ്പാണെന്ന് ആർക്കും
പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ..

തൊട്ടടുത്തെ സിമന്റു
ബെഞ്ചിലിരുന്ന
ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്ന
കടുംനീലനിറം അവളായിരിക്കില്ല,
കൂടെ മറ്റൊരു കറുപ്പ്  നെടുവീർപ്പുകൾ കൊണ്ടു
തിരകളെണ്ണുന്നത് കാണാം.. 

അപ്പുറത്ത് ബദാംമരച്ചുവട്ടിൽ
മൗനത്തിന്റെ പോപ്പ്കോണുകൾ
കൊറിക്കുന്ന ആകാശനീല സാരി
അവളായിരിക്കില്ല,
കൂടെ ഒരു കറുപ്പ് ജീൻസ് വീണ്ടുംവീണ്ടും
സിഗരെറ്റ്‌ കുറ്റികൾ
ചവിട്ടി ഞെരിക്കുന്നുണ്ട്..

ഇപ്പോൾ,
കരഞ്ഞുചീർത്ത പൂച്ചക്കണ്ണുകൾ
തൂവാലകൊണ്ട്മറച്ചുപിടിച്ച്
ഓട്ടോയിൽ വന്നിറങ്ങിയ
ഇളംനീലയുടെ കൂടെ ഒരു തടിച്ചകറുപ്പ്
നടന്നുപോകുന്നുണ്ടായിരുന്നു..
അതും അവളായിരിക്കില്ല.. 

അകലെ  മണൽപ്പരപ്പിലൂടെ
നിലവിളിച്ചുകൊണ്ട് നീലക്കടലിലേക്ക്
ഓടിപ്പോകുന്ന വെറും നീലനിറം
അവളായിരിക്കുമോ?
കൂടെ ഒരു കരിനിഴൽ പോലുമില്ല..

ആയിരിക്കില്ല..
എങ്കിലും, ഇനിയൊരു-
കാത്തിരിപ്പിന് സാധ്യതയുമില്ല.

വൈകിയെത്തുമ്പോൾ

രാത്രി വണ്ടിയിൽ
മംഗലാപുരത്ത്പോകുമ്പോൾ
പാളത്തിന്റെ അപ്പുറത്ത് നിന്നും
ഒരാൾ മൂത്രമൊഴിക്കുന്നത് കണ്ടിരുന്നു.... 

അയാളെ കാത്തുനിന്ന് കാത്തുനിന്ന് 
കുരയ്ക്കാൻപറ്റാത്ത 
ഒരുദിവസത്തിൻറെ 
നിരർത്ഥകതയെ ശപിച്ചുകൊണ്ട്
അയൽ വീട്ടിലെ പട്ടി
ഉറങ്ങിക്കാണണം.

ചിലപ്പോൾ കുറച്ചുനേരം മുമ്പേ 
എത്തുകയാണെങ്കിൽ
ചവിട്ടിപ്പോകേണ്ടിയിരുന്ന ഒരു മൂർഖൻ പാമ്പ്‌
കാത്തിരുന്ന് മടുത്ത് ഇടവഴി-
മുറിച്ചു കടന്നിട്ടുണ്ടാവണം.

പടവുകൾ കയറി വീടെത്തിയാൽ
വാതിൽ തുറന്ന ഉടനെ
അകത്തേക്ക് ചാടിക്കയറാൻ 
തക്കം പാർത്തു നിൽക്കുന്ന പൂച്ച 
എലിയെ പിടിക്കാനുള്ള 
എളുപ്പവഴിയെ കുറിച്ച് ചിന്തിക്കുന്നുണ്ടാവണം.

വീട്ടിൽ കയറിയ ഉടനെ ആർത്തിയോടെ 
വെള്ളം കുടിക്കാനെടുക്കുന്ന പളുങ്ക് പാത്രം 
നിലത്തു വീണു തകരേണ്ടിയിരുന്ന-  
സ്വപ്നങ്ങൾ ഭീതിയോടെ ചേർത്തുവെച്ച് 
ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവാണം.

ഒരാൾ വൈകിയെത്തുമ്പോൾ എന്തൊക്കെ പ്രശ്നങ്ങളാണ്.

ആട് പട്ടിയാകുന്ന വിധം

സമുദ്രാ ബാറിലെ നിയോണ്‍ വെളിച്ചം. 
തണുത്ത തിരകളിൽ ലഹരിയുടെ നീലനിറമുള്ള കുമിളകൾ 
ഒരു വട്ടമേശയ്ക്ക് ചുറ്റും അവർ മൂന്നുപന്നികൾ 
ആഗോള ചർച്ചയിലാണ്.

ഇടയ്ക്കൊരു ലൈറ്റെർ ചോദിച്ചോ,
ആവശ്യമില്ലാതെ പുറത്തെ 
ചൂടിനെക്കുറിച്ച് വേവലാതിപ്പെട്ടോ 
ആരെങ്കിലുംചെന്ന് ശല്യം ചെയ്യുന്നത് ഇഷ്ടമാകണമെന്നില്ല..  

തൊട്ടടുത്ത ടേബിളിൽ ഒറ്റയ്ക്കിരിക്കുന്നത് 
ഒരു നാടൻ കുട്ടനാടാണ്;പ്യൂർ വെജിറ്റേറിയൻ.  

ചർച്ച പുരോഗമിക്കുകയാണ്,
 'ഷേവോണ്‍ സൗലാക്കി' 
എന്ന വിശിഷ്ടമായ മട്ടൻകറിയെക്കുറിച്ച്
കൂടുതൽ സംസാരിക്കാനുണ്ട് ഒരാൾക്ക്‌, 
അതിൻറെ റെസിപ്പിയിൽ തുടങ്ങുന്നതിനുമുമ്പ് 
ഏതോ മലപ്പുറം താത്തയുടെ  
വെളുവെളുത്ത ആട്ടിൻകാൽ 
ആരോ എടുത്ത് മേശപ്പുറത്ത് വെച്ചു.. 
മൂവരും തൊട്ടും തലോടിയും മണത്തും രുചിച്ചും 
കുടിച്ചുകൊണ്ടിരുന്നപ്പോൾ 
അടുത്ത മേശയിൽ നിന്നും 
'ആന്ത്രപോഫാഗികൾ' എന്ന ഒരു പിറുപിറുപ്പിനൊപ്പം
അസഹ്യമായ ബീഡിപ്പുക പരന്നു 
ഒരുതരം തൊഴിലാളി സമരത്തിൻറെ 
അപരിഷ്കൃത ഗന്ധം, അസഹിഷ്ണുത. 

ആരോ പറഞ്ഞു
"അത് ആടല്ല പട്ടിയാണ്"

ഇപ്പോൾ ചർച്ച 
പട്ടിയിറച്ചിയെ കുറിച്ചാണ്. 
ഫിലിപ്പീനികളുടെ 
'വെഡ്ഡിങ്ങ് സ്റ്റൈൽ സ്റ്റ്യൂവ്ഡ് ഡോഗ്'
കൂടുതൽ ചർച്ചാവിഷയമായില്ല. 
ആപ്പോഴേക്കും അവരുടെ ഇഷ്ട ഭക്ഷണമായ 
പുഴുങ്ങിയ പെരിച്ചാഴി ചർച്ചയുടെ
തീന്മേശയിലേക്ക്‌ കയറിവന്നു. 
അതിൻറെ പുറംതൊലി വലിച്ചു കളഞ്ഞപ്പോൾ കണ്ട 
വെള്ളത്തിലഴുകിയ ശവങ്ങളുടെ 
ആവിപറക്കുന്ന വെളുപ്പുനിറം 
നിലയ്ക്കാത്ത ഒക്കാനത്തിന് കാരണമായി. 

അപ്പുറത്ത് നിന്നും 
അടക്കിയ ഒരു ചിരി 'മൈര്' എന്ന ആത്മഗതം..

മൂന്നുപേരും നിഷ്പക്ഷമായ ഒരു തീരുമാനത്തിലെത്തി.
"ഇത് ആടല്ല പട്ടി തന്നെ, തനി നാടൻ കൊടിച്ചിപ്പട്ടി "
ഒരു കൂട്ടച്ചിരി പരസ്പരം കയ്യടിച്ചു.. 

അപ്പോൾ ആട് 
വെറുതെ മേശമേൽ കയറി നിന്നു 
അലസമായി വീണുകിടക്കുന്ന 
ചെവി ചെറുതാക്കി, കുത്തനെ നിർത്തി. 
കൊമ്പുകൾ ഉള്ളിലേക്ക് വലിച്ച് ഒളിച്ചുവെച്ചു. 
വാല് കുറച്ചുകൂടി നീട്ടി ചോദ്യചിഹ്നം പോലെ വളച്ചു 
മുൻകാലുകളിൽ ഒതുങ്ങി 'റ' എന്ന് കുനിഞ്ഞ്
മൂന്നുവട്ടം ഡിജിറ്റൽ സൗണ്ടിൽ ആഞ്ഞുകുരച്ചു..... 

ഓ.. ഇപ്പോൾ എന്തൊരു നിശബ്ദത. 

നിരാശയുടെ അടിവസ്ത്രം നഷ്ടമായതിനെക്കുറിച്ച് ചില റൂമറുകൾ


ഇത്രമേൽ അസഭ്യമായ സത്യമാണ് സംഗതി എന്നറിഞ്ഞിട്ടും ഒരിക്കലും സാധ്യമാകാത്ത ഒരു സംഭവത്തിനു പിറകെ നിസ്സംഗ്ഗനാവുകയാണ് നിരാശ എന്ന നിരപരാധി.

ചെന്നൈ നഗരത്തിലെ  ചേരിയിൽ ജീവിക്കുന്ന പ്രായപൂർത്തിയായ ഒരു നിരാശ നടക്കാനിറങ്ങുന്ന പ്രഭാതം. പ്രവാസികളുടെ നിരാശയ്ക്ക് ചേരി തൊഴിലില്ലായ്മ  എന്നോ സിനിമാക്കമ്പം എന്നോ പേരിട്ട്‌ ചന്തി കുലുങ്ങാതെ തിരിഞ്ഞു നടക്കുന്ന പ്രഭാതമല്ല ഇത്. റിസെർച്ച്‌  എന്നോ ബിസിനസ്‌ എന്നോ പൂർവ്വാധികം കുനിഞ്ഞു മുലക്കെട്ടുകൾ കണ്ണിലുടക്കി നെടുവീർപ്പുകൾ തിരിച്ചയച്ചു എന്ന് ഉറപ്പു വരുത്തുന്ന പുലർകാലം.

കളം വരയ്ക്കുന്ന കാമം എന്നത് കവിതയായിപ്പോകുമോ എന്ന സംശയത്തിൽ പ്രഭാതങ്ങളിൽ സദാ കുനിഞ്ഞു നിൽക്കുന്ന  ഒരു അയ്യര് പെണ്ണിന്റെ തൊട്ടടുത്ത ഫ്ലാറ്റിലാണ് ഈ പറഞ്ഞ നിരാശയുടെ താമസം. നിരാശയ്ക്ക് സൌഹൃദങ്ങളില്ല.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരത്തിനു കാതു കൊടുക്കാൻ മറ്റെന്തു  വികാരമാണ് ബിയർബോട്ടിൽ പൊട്ടിക്കുക?

ഇതൊരു പ്രണയത്തിൻറെ വസന്ത കാലമല്ല ഓർമകളിൽ കൊണ്ടുവന്നു ഛർദ്ദിച്ചു കളയുവാനുള്ള സ്വരുക്കൂട്ടലുകളുടെ പ്രളയകാലമാണ്.

അയ്യരുകുട്ടീ  ഒന്നുകൂടി കുനിഞ്ഞു കളം വരച്ചാലെന്താ?
പെണ്ണേ നേരത്തേ കുളിച്ചൂടേ നിനക്ക്?
എന്തിനാമോളേ വെറുതേ ജനാലകൾ അടച്ചിടുന്നത്?

നിരാശയുടെ അടിവസ്ത്രം ജോക്കി എന്ന ചുവന്ന ബ്രാൻഡിൽ രണ്ടു ക്ളിപ്പുകൾക്കിടയിൽ മറന്നു പോയതാണ് ടെറസ്സിൽ.
തൊട്ടപ്പുറത്ത് അയ്യര് പെണ്ണിൻറെ ഉണങ്ങിപ്പിരിഞ്ഞ പാന്റീസ് മുമ്പെന്നോ ഉപേക്ഷിക്കപ്പെട്ടു തൂങ്ങി മരിച്ചതായി കാണപ്പെടുന്നുണ്ട്.

ഉപേക്ഷിക്കപ്പെട്ടതും തൂങ്ങിമരിച്ചതും തമ്മിൽ മുടിഞ്ഞ പ്രണയം...

കാറ്റിൽ സ്വയം അടുക്കും ചുംബനം എന്ന് സ്വകാര്യം പറയും. കാക്ക വന്നിരിക്കും എന്ന് ഭയപ്പെടും. മോചനം മോചനം എന്ന് പറഞ്ഞു പറ്റിക്കുന്ന ഉച്ചക്കാറ്റിനെ കുറ്റം പറയും. ഒടുവിൽ ക്ളിപ്പുകൾക്കിടയിലും ഹാങ്കറിലും ഉറച്ചു നിന്നു പ്രണയമരുതെന്നു കാട്ടാക്കടയെ പുകഴ്ത്തും. അതാണ്‌  കവിത ഇതാണ് കവിത എന്ന് സുദീർഘമായ  ഉമ്മകൾ കൊണ്ട് അലങ്കരിക്കും.

നിരാശ നഗ്നതയെ കുറിച്ച് ഒരു കവിതയെഴുതി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച അന്ന് അയ്യര് പെണ്ണ്,  "അട പാവീ എതുക്ക്‌ ഇന്തമാതിരി മുരട്ടു യോസന?"
എന്ന് കുതറിയോടിയതും കുപ്പിവള പൊട്ടാതെ ചോരപൊടിയാതെ രക്ഷപെട്ടതും...ഒരു കഥ/ഒരു കവിത.

നഗനതയെ കുറിച്ചു പറയുമ്പോൾ ഇപ്പോൾ അമ്മ അമ്മിഞ്ഞ പ്രസവം, യോനീമുഖം വികസിച്ചു കുഞ്ഞ് പുറത്തേക്ക് വരുന്ന വീഡിയോ ക്ലിപ്പ്, തുടങ്ങിയ ഇമേജിനുകളിൽ സ്വയം സ്ഖലിച്ചു തീരേണ്ടി വരും എന്ന് മനസ്സിലാക്കിയ നിരാശ ഇപ്പോൾ അടിവസ്ത്രം ധരിക്കാറേയില്ല.

നിരാശയ്ക്ക്  അടിവസ്ത്രം ഒരു ആർഭാഡം തന്നെയാണ്.

ഒന്നാംതരം കേരളാമുലകൾ

നൈറ്റ്‌ ക്ലബ്ബിൽ ഇന്നത്തെ 
ചർച്ച മുലകളെ കുറിച്ചാണ്.

ആരതി മേനോൻ, ജസീല അൻവർ 
തുടങ്ങിയ സഹപ്രവർത്തകർ 
കുട്ടിയുടുപ്പിട്ടു കുലുങ്ങിച്ചിരിക്കുന്ന 
ഗോളങ്ങൾ മാത്രമായി. 

ഇന്നലെ  
മുത്തങ്ങയിലെ ആദിവാസിക്കുടിലിൽ 
മൂക്കൊലിക്കുന്ന ഒരു 
പതിനാറുകാരിയെ കണ്ടിരുന്നു.
  
അവളുടെ വാരിയെല്ലുകളിൽ 
ചാരിവെച്ച   ശുഷ്കിച്ച കരിമുലകൾ 
എത്ര വെളിയിലിട്ടാലും നഗ്നമാകുന്നില്ല 
എന്ന  തിരിച്ചറിവ്  
ഒപ്പിയെടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ
ഒരു കുഞ്ഞിൻറെ കോലം അത് 
ചപ്പിവലിക്കുന്നുണ്ടായിരുന്നു. 

ചർച്ച പുരോഗമിക്കുമ്പോൾ 
ഒരു നിമിഷം ഞാൻ 
ആരതീ മേനോനെ വലിച്ചു കുടിക്കുന്ന 
ആദിവാസിക്കുട്ടിയായി.
ചോരയുടെ കലർപ്പില്ലാത്ത രുചി 
തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിയപ്പോൾ 
ഞാൻ ജസീല അൻവറിന്റെ 
മുലക്കണ്ണുകളിൽ ചുണ്ടു ചേർത്തു.
അപ്പോൾ അവൾക്ക് നിർത്താതെ 
മൂക്കൊലിക്കുന്നുണ്ടായിരുന്നു. 

മുലകൾ വെറും ബേബീഫീഡിംഗ് ബോട്ടിലുകൾ
മാത്രമാണെന്ന് പറഞ്ഞ 
സൗന്ദര്യ ബോധമില്ലാത്ത അരസികനെ 
ഇനിയും  എങ്ങനെയാണ് നിങ്ങൾ സഹിക്കുക?

ദയവു ചെയ്ത് ഈ ചർച്ച നമുക്ക് 
ഇവിടെ അവസാനിപ്പിക്കാം. 

വളരെ സാധാരണമായ രണ്ടു സ്വപ്‌നങ്ങൾ

രാവ്,
തണുപ്പ്..
ഇലകളിൽ കാറ്റു തൊടുന്ന മഴയൊച്ച.
എപ്പോഴോ ശവമടക്കിയ ഭോഗതൃഷ്ണയുടെ ആലസ്യം.

ഒരേ സമയത്ത് രണ്ടു വ്യത്യസ്ത
സ്വപ്നങ്ങളിൽ ഉടക്കി ഞെട്ടിയുണർന്നതായിരുന്നു,
ഞാനും അവളും.
കുട്ടികൾ തലങ്ങും വിലങ്ങും കിടന്ന്
ഉറക്കം കളിക്കുകയായിരുന്നു,അപ്പോൾ.

എന്തായിരുന്നു നീ കണ്ട സ്വപ്നം?
നമ്മൾ പരസ്പരം ചോദിച്ചു.
*
അവൾ കിനാവ്‌:-- പറയാൻ തുടങ്ങി:

ദൂരെ,
മലഞ്ചെരുവിലെകോടമഞ്ഞിനപ്പുറം
കാട്ടാനക്കൂട്ടങ്ങളെപ്പോലെ
കാർമേഘങ്ങൾ
കുളിക്കാൻ വരുന്ന
ഒരു കാട്ടരുവിയുണ്ട്.
അതിനപ്പുറം
മരങ്ങൾക്കിടയിൽ
ആരോ മറന്നുവെച്ച ഒരു വീട്.
മഞ്ഞുകട്ടകൾ കൊണ്ടു പണിതപോലെ..

ഞാൻ
മക്കളുടെ കൈപിടിച്ച്  
കരിയിലകളിൽ നിലാവു കുടഞ്ഞിട്ട
കാട്ടുപാതയിലൂടെ
നടന്നു നടന്നു പോയിരുന്നു, അവിടേക്ക്...

സ്വപനമാണല്ലോ-
വീട്
എന്റെ സ്വന്തമായിരുന്നു.
മാൻപേടകൾ കളിക്കാൻ വരുമായിരുന്നു;
കുട്ടികളോടൊപ്പം...
ചിത്രശലഭങ്ങളുടെ സ്കൂളിലായിരുന്നു
അവർ മഴവിൽ പാലം കടന്ന്
പഠിക്കാൻ പോയിരുന്നത്.
ഇപ്പോൾ കിനാവു മുറിഞ്ഞില്ലായിരുന്നുവെങ്കിൽ 
എനിക്കവിടെ മലയാളം
ടീച്ചറായി ജോലി കിട്ടിയേനേ.

സ്വപ്നത്തിലുടനീളം,
നീ-ഏതോ ജയിലിലായിരുന്നു.
ആ വീട്ടിലെപാലുകാച്ചിന്റെ അന്നായിരുന്നു
നിന്നെ കോടതിതൂക്കിക്കൊല്ലാൻ വിധിക്കുന്നത്.

നിൻറെ തൊണ്ടക്കുഴിയിൽ നിന്നും
അറുത്തിട്ട ആട്ടിൻകുട്ടിയുടെ
അവസാനത്തെ ശബ്ദം കേട്ടാണ്
ഞാൻ ഞെട്ടിയുണർന്നത്.

ഉണർന്നിരുന്ന ഞാൻ,
ചെയ്ത തെറ്റുകളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.

രക്ത ബന്ധങ്ങൾ മുറിച്ച് 
ഇറങ്ങിവരാൻ തോന്നിയ ദിവസം,
ഉറങ്ങുന്ന മക്കൾ,
പ്രണയം;പ്രളയം...
ഒന്നുമല്ല... ഒന്നുമല്ല..
'നീ'
നീമാത്രമാണ്..
നീയാണ്, ഞാൻ ചെയ്ത തെറ്റ്.
*



ഇനി ഞാൻ കണ്ട സ്വപ്നത്തിലേക്ക് കടക്കാം:

കൂരിരുട്ട്,
വെടിയൊച്ച,
അഭയാർത്ഥി ക്യാമ്പ്.
ശവഘോഷയാത്രകൾ
സ്ഫോടനങ്ങൾ
രക്ത നദിയിലൂ ടെഒഴുകിനീങ്ങുന്ന
കുഞ്ഞുങ്ങളുടെകബന്ധങ്ങൾ..
വീടിനുചുറ്റും
സായുധ പോലീസ്
മുറ്റത്ത്NIA ക്കാരുടെ വണ്ടി
വിലങ്ങുകൾ...
വിലാപങ്ങൾ.

ഈ സ്വപ്നത്തിൽ നീ ഇല്ലായിരുന്നു; മക്കളും..
നീ, എന്നോ പുഴയിലേക്ക്നടന്നുപോയ
ഒരോർമ മാത്രം ചെറുതായൊന്നു മിന്നിയോ എന്നറിയില്ല.
സ്വപ്നം
തുടങ്ങുന്നതിനു മുമ്പേ
കുട്ടികളെ
ആരോ തട്ടിക്കൊണ്ടുപോയിരുന്നു.
*
ഉണർന്നിരുന്നപ്പോൾ ഞാനും
എന്റെ തെറ്റുകളെകുറിച്ച് ചിന്തിക്കുകയായിരുന്നു.

ബുദ്ധിയുറക്കുന്നതിനു മുമ്പേ
എനിക്കു ചാർത്തിത്തന്ന 'പേര്'..
ഒർമവെക്കുന്നതിനു മുമ്പേ
മുറിച്ചുകളഞ്ഞ അഗ്ര ചർമം.
എന്റേതെന്നു പഠിപ്പിച്ചുതന്ന  മതം 
ആരുടെയോ തീരുമാനം;
തെളിയിക്കാൻ പറ്റാത്ത ജീവിതം 
'ഞാൻ'
ഞാൻ മാത്രം..
ഞാൻ മാത്രമാണ്, ഞാൻ ചെയ്ത തെറ്റ്.
*
സ്വപ്ന വ്യാഖ്യാനം കഴിഞ്ഞ്
ഞങ്ങൾ തിരിഞ്ഞുകിടന്ന് ഉറക്കം നടിക്കുമ്പോൾ
വാടക വീട് എന്റെ മുന്നിൽ എഴുന്നേറ്റിരുന്ന്
കോട്ടുവാ വിട്ടുകൊണ്ടു ചോദിച്ചു:

സുഹൃത്തേ,
ഒളി ജീവിതമാണ് അല്ലേ?
അഥവാ വാടക ജീവിതം?
തികച്ചും സാധാരണമായ
ഒരു സ്വപ്നമാണിത്.
ഒരുമാസത്തെവാടകയ്ക്ക് പോലും തികയാത്ത;
കവിത പോലുമാവാത്ത വെറുംസ്വപ്നം.

(2009,MARCH)




Home is a name, a word, it is a strong one; stronger than magician ever spoke, or spirit ever answered to, in the strongest conjuration.  ~Charles Dickens


എന്നിറ്റും നാട്ട്കാര് പറയുന്നു

കുഞ്ഞാത്തൂത്താക്ക് 
മാപ്പളയില്ല
''ദുബായീന്ന് കപ്പലുമുങ്ങി 
മെരിച്ചുപോയീ''ന്നാണ്
ഓറ് എല്ലാരോടും പറഞ്ഞിന്..

ഓർക്കൊരു ചെക്കനുണ്ടേനു,
കരികരക്കറത്ത കാട്ടു പന്നീനപ്പോലെ
ഒരു കോങ്കണ്ണൻ ചെക്കൻ.

ഓന്റെ വെശപ്പ്
വെല്ലാത്തൊരു വെശപ്പേരുന്നു.
നാലുക്ണ്ണം പയങ്കഞ്ഞീം കപ്പേം ത്‌ന്ന്
പൊറത്തെറങ്ങിയാലും
അപ്രത്തേം ഇപ്രത്തേം
അട്ക്കളപ്പൊറത്ത്
പൂച്ചനെപ്പോലെ ചെന്നു നിക്കും..

ചൂടുവെള്ളം പോർന്നാലും
കാടിവെള്ളൊയിച്ചാലും
പൊള്ളിയാലും കണ്ണെരിഞ്ഞാലും
പിന്നേം വെരും ഒടുക്കത്തെ വെശപ്പുമായി
കറത്ത കോങ്കണ്ണൻ...

നാട്ട്കാര് 
കുഞ്ഞാത്തൂത്താനെ പള്ള് പറയും
"ചെക്കന് ഓള് നേരാംവണ്ണം
വെച്ച്ണ്ടാക്കി കൊടുക്കാഞ്ഞിറ്റാന്ന്"

അന്നൊരീസം 
കുഞ്ഞാത്തൂത്താൻറെ
ഓലപ്പൊരേല്
ഞാൻ
കുറ്റാക്കൂരിരുട്ടില് കേരിച്ചെന്നപ്പം
ചെക്കൻ ഞെട്ടിയെണീറ്റ് 
"പൈക്കുന്നുമ്മാ, പൈക്കുന്നുമ്മാ"ന്നു
കാള്ന്ന്ണ്ടേനു..

ഉടുമുണ്ട് വാരിച്ചുറ്റി 
ഓറ് ഞാൻകൊടുത്ത 
അയിമ്പതുറുപ്യ
മുലയിടുക്കിൽ തിരുകിവെച്ച്‌
കവലേലെ തട്ട്കടേലേക്ക്‌
കീഞ്ഞ്‌ പായ്‌ന്ന്‌ണ്ടേനു 


എന്നിറ്റും നാട്ട്കാര് പറയുന്നു 
ചെക്കനെ ഓള് കൊന്നതാന്ന്..

ബഹുമാനപ്പെട്ട പഞ്ചായത്ത് ഓഫീസർക്ക്



സർ,
ഞാൻ മരിച്ചു എന്നതിന് ദൈവത്തിന്
എന്തെങ്കിലും തെളിവ്  വേണമത്രേ...
ആയതിനാൽ ദയവുചെയ്ത് എന്റെ
മരണ സർട്ടിഫിക്കറ്റ് അനുവദിച്ചുതരുവാൻ
അപേക്ഷിക്കുന്നു. 
                                         എന്ന്,
                                         പരേതൻ
                                         ജീവിതം(Po)
                                           (ഒപ്പ്)

സർ,
അഞ്ചാമത്തെ വരവാണ്.
ഇനിയുമിങ്ങനെ
കാത്തിരിക്കുന്നതിൽ അർത്ഥമില്ല.
ഒരു തെളിവും ശേഷിപ്പിക്കാതെ
 മരിച്ചുപോയ എന്നെ
ദൈവം, സ്വർഗ്ഗത്തിലോ നരകത്തിലോ
പ്രവേശിപ്പിക്കില്ല എന്ന്
തിരിച്ചയച്ചിരിക്കുകയാണ്.

രണ്ടിനുമിടയിലുള്ള
ശൂന്യതയിൽ ഞാൻ തനിച്ചാണ്... 

ശബ്ദമോ,വെളിച്ചമോ, വായുവോ,
വെള്ളമോ സ്പർശനങ്ങളോ ഇല്ലാത്ത
നിതാന്ത ശൂന്യതയിൽ ഒറ്റൊയ്ക്കൊരാൾ...
ഒന്നോർത്തു നോക്കിയേ...

സർ, സർ സാറിന് പറ്റുമോ സർ?
ഒരു പത്തു മിനിറ്റ്?
ആർക്കെങ്കിലും പറ്റുമോ സർ?

ദയവുചെയ്ത് എന്റെ മരണ സർട്ടിഫിക്കറ്റ്...

(ഓഫീസർ എന്നെ ആദ്യമായി ഒന്ന് നോക്കി)

ഇരിക്കൂ 
എന്താണ് പേര്? വീടെവിടെയാണ്?
അച്ഛൻ? അമ്മ? സഹോദരൻ...

പേര്.... വീട്...
ബന്ധങ്ങൾ..
ഉണ്ടായിരുന്നു.. ഉണ്ടായിരുന്നു...
മരിച്ചപ്പോൾമറന്നു പോയതാണ്.
സത്യമായിട്ടും ഞാൻ ഉണ്ടായിരുന്നു സർ..
ദയവു ചെയ്ത് ഒന്നു കമ്പ്യൂട്ടറിൽ നോക്കൂ സർ.. 

ഫെയിസ്ബുക്കിൽ ഉണ്ടായിരുന്നോ?

ഇല്ല സർ ഇല്ല... 

ജീവിച്ചിരിക്കുന്ന ചെങ്ങാതിമാർ?

ഇല്ല, ഇല്ലാ, ഇല്ലാ....
ഓർമയില്ല സർ
മരിച്ചുപോയപ്പോൾ
എല്ലാം മറന്നുപോയതാണ്..
പക്ഷേ, തീർച്ചയായും ഞാൻ ഉണ്ടായിരുന്നു.
അതെനിക്കുറപ്പാണ് സർ..

സുഹൃത്തേ,
എങ്കിൽ പോയിട്ട് പിന്നെ വരൂ
ഒരു പത്തോ നൂറോ വർഷം കഴിഞ്ഞ്...

നിങ്ങൾ മരിച്ചുപോയി എന്നത് സത്യമാണ്.
പക്ഷേ ജീവിച്ചിരുന്നു എന്നതിന് എന്താണ് തെളിവ്?
*


ടെക്സാസിലെ പൊട്ടക്കിണർ/സംപ്തൃപ്തി എന്ന് വായിക്കപ്പെടുന്ന ഒരു പുഞ്ചിരി

കുരിശുകുന്നേൽ വക്കച്ചൻ
ഇപ്പോൾ ടെക്സാസിലാണ്.
നാട്ടിലേക്കുവരാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇന്നുവരും
നാളെയെത്തും,
എത്തിക്കൊണ്ടിരിക്കുന്നു;എത്തി..
എന്ന് പരിവാരങ്ങളും കൂട്ടുകാരും
കാത്തിരിക്കുന്നത് അഞ്ചെട്ടുവർഷത്തെ
അസാന്നിദ്ധ്യത്തെയാണ്‌........***.
*

ഓക്കാനം വരുന്ന ഗൃഹാതുരതയോ
കടുത്ത നിരാശയോ
ആഴത്തിലുള്ള മുറിവുകൾ ഉള്ളിൽ പഴുത്തുനീറുന്ന
ഏകാന്തതയോ അയാളെ വേട്ടയാടുവാൻ
യാതൊരു സാദ്ധ്യതയുമില്ല.

വക്കച്ചൻ ടെക്സാസിലാണ്.

കൊച്ചുമക്കൾ
ഉച്ചത്തിൽ ടീ.വി വെച്ചോ
കമ്പ്യൂട്ടറിൽ പക്ഷികളെ വെടിവെച്ചിട്ടോ
അയാളെ അലോസരപ്പെടുത്താറില്ല.
ഗ്രാൻപ എന്നു തൊടാതെ പോകുമ്പോൾ
'യ യ' എന്ന ഒരു സുഖം..
അപ്പോൾ 'യാ യാ' എന്നു പശുക്കളെ തെളിച്ചു-
പാടത്തേക്കുനടന്ന ഓർമകളൊന്നും
കടൽകടന്നുവന്നു ശല്യപ്പെടുത്താറേയില്ല.

നാടെന്നോ,കുടുംബമെന്നോ
അന്നക്കുട്ടിയുടെ ഓർമകളെന്നോ
ഒരിക്കലും ചിന്തിക്കാത്ത വിധം
അപ്പച്ചൻ മാറിപ്പോയതിൽ,
അയാൾ ഇടയ്ക്കിടെ-
ഗോൾഫു ക്ലബ്ബിൽ പോകുന്നതിൽ
എന്നതുപോലെതൊമ്മിച്ചൻ സന്തുഷ്ടനായിരുന്നു.

കുടുംബ ഡോക്ടർ
സിറിയക് സാമുവൽ
ഒരു പുഞ്ചിരി കൊണ്ട് മാത്രം
എത്ര രോഗങ്ങൾക്കാണ് മരുന്ന് കുറിക്കുന്നത്!
അപ്പച്ചനില്ലാതെ
തൊമ്മിച്ചനെന്താഘോഷം,
ആൻസിമോൾ പുറത്തിറങ്ങുമോ;
ഗ്രാൻപ ഇല്ലാതെ പിള്ളേർക്കെന്ത് ഔട്ടിംഗ്.

വൈകുന്നേരങ്ങളിൽ
കരോൾടണ്‍/,ഹോസ്ടണ്‍,ഓസ്റ്റിൻ
എങ്ങോട്ടെങ്കിലും ഒരു അലസ സഞ്ചാരം,
വീക്കെനറുകളിൽ എൽ-പാസോ
ഗാൽവെസ്ടോണ്‍
എവിടെയെങ്കിലും ഒരു നിർബന്ധിത ടൂർ..

ഓർമകളെന്നു കരയുന്ന വിരസ സന്ധ്യകളോട്
തൊമ്മിച്ചനിപ്പോൾ വല്ലാത്തൊരു കലിപ്പാണ്‌.,
ഓർമകളെ ഓർമിച്ചെടുക്കാൻ ശ്രമിക്കുമ്പോഴേക്കും
തുല്ല്യ സന്തുഷ്ടൻ കാര്യംപറമ്പിൽ ദേവസ്യ വരും
കാർഡ്സ് കളി തുടങ്ങും,ചതുരംഗം ജയിച്ചു രാജാവാകും
കൊഞ്ഞ്യാക്കിലേക്ക് ആലിപ്പഴം ചേർക്കും..

'ടെക്സാസ് സെക്സ് ഒഫന്റേർസ് സിപ്പ് കോഡ്'
എന്ന എഴുതിത്തുടങ്ങിയ നോവലിനെകുറിച്ചു
സംസാരിക്കാൻ ഗ്രിഗറി എന്ന സായിപ്പു വരും
അനുഭവങ്ങൾക്ക് വേണ്ടിഹോട്ടൽ ഹിൽടനിൽ
ഒരു മൂന്നു ദിവസം മുറി ബുക്ക് ചെയ്യാംഎന്ന് ഉറപ്പുകൊടുക്കും..

പന്നിമലർത്തി വാറ്റടിച്ചുറങ്ങുമ്പോൾ
ഓർമകൾ അടുത്തുവരാൻ മടിക്കും...

എങ്കിലും ഇടയ്ക്കിടെയുള്ള
സ്വപ്നസഞ്ചാരം -സോംനാമ്പുലിസം-ഒരു രസം മാത്രമാണ്..
ഉറക്കത്തിൽ തലയിണ കെട്ടിപ്പിടിച്ചു
ചുമരുകളിൽ അള്ളിപ്പിടിച്ച് കുന്നുകയറുക,
കാർപ്പെറ്റിൽ പുഴ വരച്ചു നീന്തിക്കടക്കുക,
എന്നോ ഒരു ദിവസം, അതിരാവിലെ പൊട്ടക്കിണറിൽ വീണ്
പെട്ടന്നങ്ങു ചത്തുപോയ അന്നക്കുട്ടിയെ കളിയാക്കി-
ച്ചിരിച്ചുചിരിച്ചു ലിഫ്റ്റിൽ കയറിആകാശത്തിലേക്ക് പോവുക.

ടെറസ്സിൽ,
ഭൂമിയുടെ അറ്റത്തുചെന്ന്
ഒറ്റയ്ക്കിരിക്കുക.
താഴെ ക്രീക്ക്സ്ട്രീറ്റിലെ
പൊട്ടക്കിണറിലേക്ക് നോക്കി
പള്ളിപ്പാട്ട് പാടുക...
അങ്ങനെ ചിലതുമാത്രം.

ട്രീറ്റ്മെന്റൊന്നും വേണ്ടെന്നു
ഫേമിലി ഡോക്ടർ പലവട്ടം പറഞ്ഞതാണ്.
എങ്കിലും അപ്പനല്ലേ, സന്തോഷമല്ലേ വലുത്.
*

കുടുംബവും
കൂട്ടുകാരും ആവേശത്തോടെ പറഞ്ഞു
എത്തി,വക്കച്ചൻ നാട്ടിലെത്തി..

നിമിഷങ്ങൾക്കകം
കുരിശുകുന്നേൽ തറവാട്ടു മുറ്റത്തെ
ആരവങ്ങൾക്കു നടുവിലേക്ക്
ഒരു ആംബുലൻസ് എത്തിയേക്കാം..

അതിൽ ചിലപ്പോൾ ഫ്രീസറിൽ കിടന്ന്
ആഴ്ചകളോളം മരവിച്ച ഒരു പുഞ്ചിരിയായിരിക്കാം.

പൊട്ടക്കിണറിൽ വീണ് മരിച്ച
അറുപതു കാരൻറെ ചുണ്ടിലെ
ഒരിക്കലും മായാത്ത സംതൃപ്തി പോലെ.

2013 ജൂലൈ 26, വെള്ളിയാഴ്‌ച

ചില വീടുകൾ നിലവിളിക്കാറുണ്ട്

നിലയ്ക്കാത്ത നിലവിളികൾ കേൾക്കുന്ന
ഒരു അയൽ വീട്ടിലേക്ക് 
ഒരിക്കലും ഓടിച്ചെല്ലരുത്.

ചില വീടുകൾ
നിലവിളികളുടെ മ്യൂസിയമാണ്.
ഓടിച്ചെന്നാൽ കാണുന്നതോ
സർവ്വസാധാരണമായിരിക്കാം.

മെലിഞ്ഞുണങ്ങിയ 
ഒരു പന്ത്രണ്ടു കാരിയുടെ
നിറവയർ തൂങ്ങിയാടുന്നത്.

കുറ്റബോധം
എന്ന് പേരുമാറ്റിയ ഒരച്ഛൻ
വളപ്പൊട്ടുകൾ ചേർത്തുവെച്ച്
മരുഭൂമിയിലേക്ക്
കടൽപ്പാലം പണിയുന്നത്.

മൂകസാക്ഷ്യം
അമ്മയുടെ രൂപത്തിൽ
മുടിപറച്ചിട്ട് കുനിഞ്ഞിരുന്ന്
മൗനം തപ്പിയെടുത്ത്
പെരുവിരൽ നഖങ്ങൾക്കിടയിൽ
പൊട്ടിച്ചു കളയുന്നത്.

പേടിച്ചരണ്ട വിശപ്പ്
ഒരു കൊച്ചനിയൻ
നിലത്തു പരന്നുകിടക്കുന്ന ചോരയിൽ
ചെറുവിരൽമുക്കി
ചുമരിൽ
വരച്ചുതുടങ്ങിയ
മുന്തിരിക്കുല..

എന്തോ അത്യാഹിതം പ്രതീക്ഷിച്ച് 
ഓടിയെത്തുന്ന ഒരാൾ
സർവ്വം ശാന്തമാണ് എന്ന്
തീർച്ചയായും നിരാശപ്പെടേണ്ടിവരും

നിലവിളിച്ചത്
ആരാണെന്നു സംശയിക്കേണ്ടി വരും.


സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

അപരിചിതമായ ഒരു നാട്ടിൽ  
സന്ധ്യാസമയത്ത് 
ആരെയോ കാത്തിരിക്കുമ്പോൾ, 
മനസ്സ് ഒരു ചാവുകടലാണോ 
എന്നു സംശയിച്ചുപോകും.

വിദൂരതയിലേക്ക് കണ്ണും നട്ട്  സ്വയം നഷ്ടപ്പെട്ടിരിക്കുമ്പോൾ
പൊടിപറത്തിക്കൊണ്ട്  കുതറി നിന്ന ഒരു  ബസ്സിലേക്ക് തീർത്തും അപരിചിതരായ കുറേ ആളുകൾ ഓടിക്കയറുന്നുണ്ടാവും, അതിൽ ചിലപ്പോൾ കുഞ്ഞിരാമൻ എന്നോ, കുഞ്ഞഹമ്മദ് എന്നോ മറ്റോ പേരുള്ള ഒരാൾ വീട്ടിലേക്ക് കുറച്ചു പച്ചക്കറിയും ,ഒരു പേക്കറ്റ് പാലുമായി സീറ്റു കിട്ടാതെ നിൽക്കുന്നുണ്ടാവും. വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഒരു യുവാവ് വളരെ ദൂരെ നിന്നും തിരിച്ചു വരുന്നുണ്ടാവും.

''ഇനി വീട്ടിൽ കിടത്തി നോക്കുന്നതാണ് നല്ലത്''
എന്നു ഡോക്ടർ പ്രതീക്ഷ വെടിഞ്ഞ
ഒരമ്മയുടെ കൂടെ തീർത്തും നിരാശനായ
ഒരു മകൻ ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാവും...

അപരിചിതമായ ഒരു നാട്ടിൽ
സന്ധ്യ കനക്കുമ്പോൾ 
വീടോർമകളുടെ
ചെറു ചെറു വിളക്കുകൾ തെളിയാൻ തുടങ്ങും.

വീടണയുവാനുള്ള മനസ്സിൻറെ
ത്വരകൾക്ക് മുന്നിൽ
സാധ്യതകളുടെ ഷട്ടറുകൾ
തുരുതുരെ അടയാൻ തുടങ്ങും.

ചുവപ്പ് മങ്ങിയ ചക്രവാളത്തിലേക്ക്
മാഞ്ഞു പോകുന്ന പക്ഷികളുടെ
ചിറകടിയൊച്ചപോലെ നെഞ്ചിൽ-
സമയബോധം ശ്വാസം മുട്ടി നിൽക്കും

അപ്പോൾ
സതീശനെന്നോ, നിസാറെന്നോ പേരുള്ള
സംശയം നിറഞ്ഞ ചില നോട്ടങ്ങൾ
ചവിട്ടിത്തിരിച്ച് ഇരുചക്രങ്ങളിൽ
തൊട്ടടുത്തുള്ള വീടുകളിലേക്ക് 
ഉരുണ്ടു പോകുന്നുണ്ടാവും.


അപരിചിതമായ ഒരിടത്തേക്ക് 
ജോലി കഴിഞ്ഞു തളർന്നു വരുന്ന 
ഭർത്താവിനെപ്പൊലെയാണ്,
രാത്രി കടന്നുവരുന്നത്.

അപ്രതീക്ഷിതമായി കയറിവരുമ്പോൾ
ഒന്നു മുരടനക്കുകയോ
കാർക്കിച്ചു തുപ്പുകയോ
ചെയ്യണമെന്നില്ല.

മിണ്ടാതെ കയറിവരുന്ന രാത്രി
ഒരു അപരിചിതനെ
ജാരനെന്നു തെറ്റിദ്ധരിച്ചേക്കും.

അപ്പോൾ നാട് കള്ളനെന്നു 
ആണയിട്ട് ആണയിട്ടു പറയും.

കൂടി നിൽക്കുന്ന ചിലർ പോലീസിനെ വിളിക്കും, 
പോലീസുവണ്ടി ഒരുപാട് വൈകും....

അതിനിടയിൽ നേരത്തേ പോയ പ്രൈവറ്റ് ബസ്സ്‌  ഓരോരുത്തരെയും അവരവരുടെ വീടുകളിൽ ഇറക്കി വിട്ടിട്ടുണ്ടാവും. കുഞ്ഞിരാമനെന്നോ കുഞ്ഞഹമ്മദ് എന്നോ പേരുള്ള ആൾ മഴയിലേക്കു നോക്കിയിരുന്ന് ചായകുടിക്കുന്നുണ്ടാവും. അയാളുടെ ഭാര്യ ടീവി കണ്ടുകൊണ്ട്‌ പച്ചക്കറി അരിയുന്നുണ്ടാവും, നാടുവിട്ടുപോയ മകൻ തിരിച്ചുവന്ന സന്തോഷത്തിൽ ഒരു വീട് പൊട്ടിപ്പൊട്ടിക്കരയുന്നുണ്ടാവും. മുലകൾ മുറിച്ചുമാറ്റപ്പെട്ട ഒരമ്മ മുലപ്പാൽ വലിച്ചു കുടിക്കുന്ന കുഞ്ഞുങ്ങളെ കിനാവുകാണാൻ വേണ്ടി മാത്രം ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവും.

സതീശനെന്നോ നിസാറെന്നോ
പേരുള്ള ഒരാൾ നാളത്തെ പത്രത്തിൽ 
ചരമകോളം അലങ്കരിക്കാൻ 
ജീവിതത്തിൻറെ ഏതെങ്കിലും ഒരു വളവിൽ
രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടാവും.



കാത്തിരിക്കുന്ന ആൾ വരുമെന്നു പ്രതീക്ഷിക്കണമെങ്കിൽ തീർച്ചയായും അങ്ങനെ ഒരാൾ വേണമല്ലോ, അങ്ങനെ ഒരാൾ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയൊരാൾ കാത്തിരിപ്പിൽ തുടരുക തന്നെ ചെയ്യും...

അപ്പോൾ പിന്നെ പോലീസ് വരുന്നതുവരെ 
കാത്തു നിൽക്കുക തന്നെ 
സംശയാസ്പദമായ സാഹചര്യത്തിൽ 
അറെസ്റ്റ്‌ ചെയ്യപ്പെടുക തന്നെ.