2013 ജൂലൈ 27, ശനിയാഴ്‌ച

എന്നിറ്റും നാട്ട്കാര് പറയുന്നു

കുഞ്ഞാത്തൂത്താക്ക് 
മാപ്പളയില്ല
''ദുബായീന്ന് കപ്പലുമുങ്ങി 
മെരിച്ചുപോയീ''ന്നാണ്
ഓറ് എല്ലാരോടും പറഞ്ഞിന്..

ഓർക്കൊരു ചെക്കനുണ്ടേനു,
കരികരക്കറത്ത കാട്ടു പന്നീനപ്പോലെ
ഒരു കോങ്കണ്ണൻ ചെക്കൻ.

ഓന്റെ വെശപ്പ്
വെല്ലാത്തൊരു വെശപ്പേരുന്നു.
നാലുക്ണ്ണം പയങ്കഞ്ഞീം കപ്പേം ത്‌ന്ന്
പൊറത്തെറങ്ങിയാലും
അപ്രത്തേം ഇപ്രത്തേം
അട്ക്കളപ്പൊറത്ത്
പൂച്ചനെപ്പോലെ ചെന്നു നിക്കും..

ചൂടുവെള്ളം പോർന്നാലും
കാടിവെള്ളൊയിച്ചാലും
പൊള്ളിയാലും കണ്ണെരിഞ്ഞാലും
പിന്നേം വെരും ഒടുക്കത്തെ വെശപ്പുമായി
കറത്ത കോങ്കണ്ണൻ...

നാട്ട്കാര് 
കുഞ്ഞാത്തൂത്താനെ പള്ള് പറയും
"ചെക്കന് ഓള് നേരാംവണ്ണം
വെച്ച്ണ്ടാക്കി കൊടുക്കാഞ്ഞിറ്റാന്ന്"

അന്നൊരീസം 
കുഞ്ഞാത്തൂത്താൻറെ
ഓലപ്പൊരേല്
ഞാൻ
കുറ്റാക്കൂരിരുട്ടില് കേരിച്ചെന്നപ്പം
ചെക്കൻ ഞെട്ടിയെണീറ്റ് 
"പൈക്കുന്നുമ്മാ, പൈക്കുന്നുമ്മാ"ന്നു
കാള്ന്ന്ണ്ടേനു..

ഉടുമുണ്ട് വാരിച്ചുറ്റി 
ഓറ് ഞാൻകൊടുത്ത 
അയിമ്പതുറുപ്യ
മുലയിടുക്കിൽ തിരുകിവെച്ച്‌
കവലേലെ തട്ട്കടേലേക്ക്‌
കീഞ്ഞ്‌ പായ്‌ന്ന്‌ണ്ടേനു 


എന്നിറ്റും നാട്ട്കാര് പറയുന്നു 
ചെക്കനെ ഓള് കൊന്നതാന്ന്..

ബഹുമാനപ്പെട്ട പഞ്ചായത്ത് ഓഫീസർക്ക്



സർ,
ഞാൻ മരിച്ചു എന്നതിന് ദൈവത്തിന്
എന്തെങ്കിലും തെളിവ്  വേണമത്രേ...
ആയതിനാൽ ദയവുചെയ്ത് എന്റെ
മരണ സർട്ടിഫിക്കറ്റ് അനുവദിച്ചുതരുവാൻ
അപേക്ഷിക്കുന്നു. 
                                         എന്ന്,
                                         പരേതൻ
                                         ജീവിതം(Po)
                                           (ഒപ്പ്)

സർ,
അഞ്ചാമത്തെ വരവാണ്.
ഇനിയുമിങ്ങനെ
കാത്തിരിക്കുന്നതിൽ അർത്ഥമില്ല.
ഒരു തെളിവും ശേഷിപ്പിക്കാതെ
 മരിച്ചുപോയ എന്നെ
ദൈവം, സ്വർഗ്ഗത്തിലോ നരകത്തിലോ
പ്രവേശിപ്പിക്കില്ല എന്ന്
തിരിച്ചയച്ചിരിക്കുകയാണ്.

രണ്ടിനുമിടയിലുള്ള
ശൂന്യതയിൽ ഞാൻ തനിച്ചാണ്... 

ശബ്ദമോ,വെളിച്ചമോ, വായുവോ,
വെള്ളമോ സ്പർശനങ്ങളോ ഇല്ലാത്ത
നിതാന്ത ശൂന്യതയിൽ ഒറ്റൊയ്ക്കൊരാൾ...
ഒന്നോർത്തു നോക്കിയേ...

സർ, സർ സാറിന് പറ്റുമോ സർ?
ഒരു പത്തു മിനിറ്റ്?
ആർക്കെങ്കിലും പറ്റുമോ സർ?

ദയവുചെയ്ത് എന്റെ മരണ സർട്ടിഫിക്കറ്റ്...

(ഓഫീസർ എന്നെ ആദ്യമായി ഒന്ന് നോക്കി)

ഇരിക്കൂ 
എന്താണ് പേര്? വീടെവിടെയാണ്?
അച്ഛൻ? അമ്മ? സഹോദരൻ...

പേര്.... വീട്...
ബന്ധങ്ങൾ..
ഉണ്ടായിരുന്നു.. ഉണ്ടായിരുന്നു...
മരിച്ചപ്പോൾമറന്നു പോയതാണ്.
സത്യമായിട്ടും ഞാൻ ഉണ്ടായിരുന്നു സർ..
ദയവു ചെയ്ത് ഒന്നു കമ്പ്യൂട്ടറിൽ നോക്കൂ സർ.. 

ഫെയിസ്ബുക്കിൽ ഉണ്ടായിരുന്നോ?

ഇല്ല സർ ഇല്ല... 

ജീവിച്ചിരിക്കുന്ന ചെങ്ങാതിമാർ?

ഇല്ല, ഇല്ലാ, ഇല്ലാ....
ഓർമയില്ല സർ
മരിച്ചുപോയപ്പോൾ
എല്ലാം മറന്നുപോയതാണ്..
പക്ഷേ, തീർച്ചയായും ഞാൻ ഉണ്ടായിരുന്നു.
അതെനിക്കുറപ്പാണ് സർ..

സുഹൃത്തേ,
എങ്കിൽ പോയിട്ട് പിന്നെ വരൂ
ഒരു പത്തോ നൂറോ വർഷം കഴിഞ്ഞ്...

നിങ്ങൾ മരിച്ചുപോയി എന്നത് സത്യമാണ്.
പക്ഷേ ജീവിച്ചിരുന്നു എന്നതിന് എന്താണ് തെളിവ്?
*


ടെക്സാസിലെ പൊട്ടക്കിണർ/സംപ്തൃപ്തി എന്ന് വായിക്കപ്പെടുന്ന ഒരു പുഞ്ചിരി

കുരിശുകുന്നേൽ വക്കച്ചൻ
ഇപ്പോൾ ടെക്സാസിലാണ്.
നാട്ടിലേക്കുവരാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇന്നുവരും
നാളെയെത്തും,
എത്തിക്കൊണ്ടിരിക്കുന്നു;എത്തി..
എന്ന് പരിവാരങ്ങളും കൂട്ടുകാരും
കാത്തിരിക്കുന്നത് അഞ്ചെട്ടുവർഷത്തെ
അസാന്നിദ്ധ്യത്തെയാണ്‌........***.
*

ഓക്കാനം വരുന്ന ഗൃഹാതുരതയോ
കടുത്ത നിരാശയോ
ആഴത്തിലുള്ള മുറിവുകൾ ഉള്ളിൽ പഴുത്തുനീറുന്ന
ഏകാന്തതയോ അയാളെ വേട്ടയാടുവാൻ
യാതൊരു സാദ്ധ്യതയുമില്ല.

വക്കച്ചൻ ടെക്സാസിലാണ്.

കൊച്ചുമക്കൾ
ഉച്ചത്തിൽ ടീ.വി വെച്ചോ
കമ്പ്യൂട്ടറിൽ പക്ഷികളെ വെടിവെച്ചിട്ടോ
അയാളെ അലോസരപ്പെടുത്താറില്ല.
ഗ്രാൻപ എന്നു തൊടാതെ പോകുമ്പോൾ
'യ യ' എന്ന ഒരു സുഖം..
അപ്പോൾ 'യാ യാ' എന്നു പശുക്കളെ തെളിച്ചു-
പാടത്തേക്കുനടന്ന ഓർമകളൊന്നും
കടൽകടന്നുവന്നു ശല്യപ്പെടുത്താറേയില്ല.

നാടെന്നോ,കുടുംബമെന്നോ
അന്നക്കുട്ടിയുടെ ഓർമകളെന്നോ
ഒരിക്കലും ചിന്തിക്കാത്ത വിധം
അപ്പച്ചൻ മാറിപ്പോയതിൽ,
അയാൾ ഇടയ്ക്കിടെ-
ഗോൾഫു ക്ലബ്ബിൽ പോകുന്നതിൽ
എന്നതുപോലെതൊമ്മിച്ചൻ സന്തുഷ്ടനായിരുന്നു.

കുടുംബ ഡോക്ടർ
സിറിയക് സാമുവൽ
ഒരു പുഞ്ചിരി കൊണ്ട് മാത്രം
എത്ര രോഗങ്ങൾക്കാണ് മരുന്ന് കുറിക്കുന്നത്!
അപ്പച്ചനില്ലാതെ
തൊമ്മിച്ചനെന്താഘോഷം,
ആൻസിമോൾ പുറത്തിറങ്ങുമോ;
ഗ്രാൻപ ഇല്ലാതെ പിള്ളേർക്കെന്ത് ഔട്ടിംഗ്.

വൈകുന്നേരങ്ങളിൽ
കരോൾടണ്‍/,ഹോസ്ടണ്‍,ഓസ്റ്റിൻ
എങ്ങോട്ടെങ്കിലും ഒരു അലസ സഞ്ചാരം,
വീക്കെനറുകളിൽ എൽ-പാസോ
ഗാൽവെസ്ടോണ്‍
എവിടെയെങ്കിലും ഒരു നിർബന്ധിത ടൂർ..

ഓർമകളെന്നു കരയുന്ന വിരസ സന്ധ്യകളോട്
തൊമ്മിച്ചനിപ്പോൾ വല്ലാത്തൊരു കലിപ്പാണ്‌.,
ഓർമകളെ ഓർമിച്ചെടുക്കാൻ ശ്രമിക്കുമ്പോഴേക്കും
തുല്ല്യ സന്തുഷ്ടൻ കാര്യംപറമ്പിൽ ദേവസ്യ വരും
കാർഡ്സ് കളി തുടങ്ങും,ചതുരംഗം ജയിച്ചു രാജാവാകും
കൊഞ്ഞ്യാക്കിലേക്ക് ആലിപ്പഴം ചേർക്കും..

'ടെക്സാസ് സെക്സ് ഒഫന്റേർസ് സിപ്പ് കോഡ്'
എന്ന എഴുതിത്തുടങ്ങിയ നോവലിനെകുറിച്ചു
സംസാരിക്കാൻ ഗ്രിഗറി എന്ന സായിപ്പു വരും
അനുഭവങ്ങൾക്ക് വേണ്ടിഹോട്ടൽ ഹിൽടനിൽ
ഒരു മൂന്നു ദിവസം മുറി ബുക്ക് ചെയ്യാംഎന്ന് ഉറപ്പുകൊടുക്കും..

പന്നിമലർത്തി വാറ്റടിച്ചുറങ്ങുമ്പോൾ
ഓർമകൾ അടുത്തുവരാൻ മടിക്കും...

എങ്കിലും ഇടയ്ക്കിടെയുള്ള
സ്വപ്നസഞ്ചാരം -സോംനാമ്പുലിസം-ഒരു രസം മാത്രമാണ്..
ഉറക്കത്തിൽ തലയിണ കെട്ടിപ്പിടിച്ചു
ചുമരുകളിൽ അള്ളിപ്പിടിച്ച് കുന്നുകയറുക,
കാർപ്പെറ്റിൽ പുഴ വരച്ചു നീന്തിക്കടക്കുക,
എന്നോ ഒരു ദിവസം, അതിരാവിലെ പൊട്ടക്കിണറിൽ വീണ്
പെട്ടന്നങ്ങു ചത്തുപോയ അന്നക്കുട്ടിയെ കളിയാക്കി-
ച്ചിരിച്ചുചിരിച്ചു ലിഫ്റ്റിൽ കയറിആകാശത്തിലേക്ക് പോവുക.

ടെറസ്സിൽ,
ഭൂമിയുടെ അറ്റത്തുചെന്ന്
ഒറ്റയ്ക്കിരിക്കുക.
താഴെ ക്രീക്ക്സ്ട്രീറ്റിലെ
പൊട്ടക്കിണറിലേക്ക് നോക്കി
പള്ളിപ്പാട്ട് പാടുക...
അങ്ങനെ ചിലതുമാത്രം.

ട്രീറ്റ്മെന്റൊന്നും വേണ്ടെന്നു
ഫേമിലി ഡോക്ടർ പലവട്ടം പറഞ്ഞതാണ്.
എങ്കിലും അപ്പനല്ലേ, സന്തോഷമല്ലേ വലുത്.
*

കുടുംബവും
കൂട്ടുകാരും ആവേശത്തോടെ പറഞ്ഞു
എത്തി,വക്കച്ചൻ നാട്ടിലെത്തി..

നിമിഷങ്ങൾക്കകം
കുരിശുകുന്നേൽ തറവാട്ടു മുറ്റത്തെ
ആരവങ്ങൾക്കു നടുവിലേക്ക്
ഒരു ആംബുലൻസ് എത്തിയേക്കാം..

അതിൽ ചിലപ്പോൾ ഫ്രീസറിൽ കിടന്ന്
ആഴ്ചകളോളം മരവിച്ച ഒരു പുഞ്ചിരിയായിരിക്കാം.

പൊട്ടക്കിണറിൽ വീണ് മരിച്ച
അറുപതു കാരൻറെ ചുണ്ടിലെ
ഒരിക്കലും മായാത്ത സംതൃപ്തി പോലെ.

2013 ജൂലൈ 26, വെള്ളിയാഴ്‌ച

ചില വീടുകൾ നിലവിളിക്കാറുണ്ട്

നിലയ്ക്കാത്ത നിലവിളികൾ കേൾക്കുന്ന
ഒരു അയൽ വീട്ടിലേക്ക് 
ഒരിക്കലും ഓടിച്ചെല്ലരുത്.

ചില വീടുകൾ
നിലവിളികളുടെ മ്യൂസിയമാണ്.
ഓടിച്ചെന്നാൽ കാണുന്നതോ
സർവ്വസാധാരണമായിരിക്കാം.

മെലിഞ്ഞുണങ്ങിയ 
ഒരു പന്ത്രണ്ടു കാരിയുടെ
നിറവയർ തൂങ്ങിയാടുന്നത്.

കുറ്റബോധം
എന്ന് പേരുമാറ്റിയ ഒരച്ഛൻ
വളപ്പൊട്ടുകൾ ചേർത്തുവെച്ച്
മരുഭൂമിയിലേക്ക്
കടൽപ്പാലം പണിയുന്നത്.

മൂകസാക്ഷ്യം
അമ്മയുടെ രൂപത്തിൽ
മുടിപറച്ചിട്ട് കുനിഞ്ഞിരുന്ന്
മൗനം തപ്പിയെടുത്ത്
പെരുവിരൽ നഖങ്ങൾക്കിടയിൽ
പൊട്ടിച്ചു കളയുന്നത്.

പേടിച്ചരണ്ട വിശപ്പ്
ഒരു കൊച്ചനിയൻ
നിലത്തു പരന്നുകിടക്കുന്ന ചോരയിൽ
ചെറുവിരൽമുക്കി
ചുമരിൽ
വരച്ചുതുടങ്ങിയ
മുന്തിരിക്കുല..

എന്തോ അത്യാഹിതം പ്രതീക്ഷിച്ച് 
ഓടിയെത്തുന്ന ഒരാൾ
സർവ്വം ശാന്തമാണ് എന്ന്
തീർച്ചയായും നിരാശപ്പെടേണ്ടിവരും

നിലവിളിച്ചത്
ആരാണെന്നു സംശയിക്കേണ്ടി വരും.


സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

അപരിചിതമായ ഒരു നാട്ടിൽ  
സന്ധ്യാസമയത്ത് 
ആരെയോ കാത്തിരിക്കുമ്പോൾ, 
മനസ്സ് ഒരു ചാവുകടലാണോ 
എന്നു സംശയിച്ചുപോകും.

വിദൂരതയിലേക്ക് കണ്ണും നട്ട്  സ്വയം നഷ്ടപ്പെട്ടിരിക്കുമ്പോൾ
പൊടിപറത്തിക്കൊണ്ട്  കുതറി നിന്ന ഒരു  ബസ്സിലേക്ക് തീർത്തും അപരിചിതരായ കുറേ ആളുകൾ ഓടിക്കയറുന്നുണ്ടാവും, അതിൽ ചിലപ്പോൾ കുഞ്ഞിരാമൻ എന്നോ, കുഞ്ഞഹമ്മദ് എന്നോ മറ്റോ പേരുള്ള ഒരാൾ വീട്ടിലേക്ക് കുറച്ചു പച്ചക്കറിയും ,ഒരു പേക്കറ്റ് പാലുമായി സീറ്റു കിട്ടാതെ നിൽക്കുന്നുണ്ടാവും. വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഒരു യുവാവ് വളരെ ദൂരെ നിന്നും തിരിച്ചു വരുന്നുണ്ടാവും.

''ഇനി വീട്ടിൽ കിടത്തി നോക്കുന്നതാണ് നല്ലത്''
എന്നു ഡോക്ടർ പ്രതീക്ഷ വെടിഞ്ഞ
ഒരമ്മയുടെ കൂടെ തീർത്തും നിരാശനായ
ഒരു മകൻ ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാവും...

അപരിചിതമായ ഒരു നാട്ടിൽ
സന്ധ്യ കനക്കുമ്പോൾ 
വീടോർമകളുടെ
ചെറു ചെറു വിളക്കുകൾ തെളിയാൻ തുടങ്ങും.

വീടണയുവാനുള്ള മനസ്സിൻറെ
ത്വരകൾക്ക് മുന്നിൽ
സാധ്യതകളുടെ ഷട്ടറുകൾ
തുരുതുരെ അടയാൻ തുടങ്ങും.

ചുവപ്പ് മങ്ങിയ ചക്രവാളത്തിലേക്ക്
മാഞ്ഞു പോകുന്ന പക്ഷികളുടെ
ചിറകടിയൊച്ചപോലെ നെഞ്ചിൽ-
സമയബോധം ശ്വാസം മുട്ടി നിൽക്കും

അപ്പോൾ
സതീശനെന്നോ, നിസാറെന്നോ പേരുള്ള
സംശയം നിറഞ്ഞ ചില നോട്ടങ്ങൾ
ചവിട്ടിത്തിരിച്ച് ഇരുചക്രങ്ങളിൽ
തൊട്ടടുത്തുള്ള വീടുകളിലേക്ക് 
ഉരുണ്ടു പോകുന്നുണ്ടാവും.


അപരിചിതമായ ഒരിടത്തേക്ക് 
ജോലി കഴിഞ്ഞു തളർന്നു വരുന്ന 
ഭർത്താവിനെപ്പൊലെയാണ്,
രാത്രി കടന്നുവരുന്നത്.

അപ്രതീക്ഷിതമായി കയറിവരുമ്പോൾ
ഒന്നു മുരടനക്കുകയോ
കാർക്കിച്ചു തുപ്പുകയോ
ചെയ്യണമെന്നില്ല.

മിണ്ടാതെ കയറിവരുന്ന രാത്രി
ഒരു അപരിചിതനെ
ജാരനെന്നു തെറ്റിദ്ധരിച്ചേക്കും.

അപ്പോൾ നാട് കള്ളനെന്നു 
ആണയിട്ട് ആണയിട്ടു പറയും.

കൂടി നിൽക്കുന്ന ചിലർ പോലീസിനെ വിളിക്കും, 
പോലീസുവണ്ടി ഒരുപാട് വൈകും....

അതിനിടയിൽ നേരത്തേ പോയ പ്രൈവറ്റ് ബസ്സ്‌  ഓരോരുത്തരെയും അവരവരുടെ വീടുകളിൽ ഇറക്കി വിട്ടിട്ടുണ്ടാവും. കുഞ്ഞിരാമനെന്നോ കുഞ്ഞഹമ്മദ് എന്നോ പേരുള്ള ആൾ മഴയിലേക്കു നോക്കിയിരുന്ന് ചായകുടിക്കുന്നുണ്ടാവും. അയാളുടെ ഭാര്യ ടീവി കണ്ടുകൊണ്ട്‌ പച്ചക്കറി അരിയുന്നുണ്ടാവും, നാടുവിട്ടുപോയ മകൻ തിരിച്ചുവന്ന സന്തോഷത്തിൽ ഒരു വീട് പൊട്ടിപ്പൊട്ടിക്കരയുന്നുണ്ടാവും. മുലകൾ മുറിച്ചുമാറ്റപ്പെട്ട ഒരമ്മ മുലപ്പാൽ വലിച്ചു കുടിക്കുന്ന കുഞ്ഞുങ്ങളെ കിനാവുകാണാൻ വേണ്ടി മാത്രം ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവും.

സതീശനെന്നോ നിസാറെന്നോ
പേരുള്ള ഒരാൾ നാളത്തെ പത്രത്തിൽ 
ചരമകോളം അലങ്കരിക്കാൻ 
ജീവിതത്തിൻറെ ഏതെങ്കിലും ഒരു വളവിൽ
രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടാവും.



കാത്തിരിക്കുന്ന ആൾ വരുമെന്നു പ്രതീക്ഷിക്കണമെങ്കിൽ തീർച്ചയായും അങ്ങനെ ഒരാൾ വേണമല്ലോ, അങ്ങനെ ഒരാൾ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയൊരാൾ കാത്തിരിപ്പിൽ തുടരുക തന്നെ ചെയ്യും...

അപ്പോൾ പിന്നെ പോലീസ് വരുന്നതുവരെ 
കാത്തു നിൽക്കുക തന്നെ 
സംശയാസ്പദമായ സാഹചര്യത്തിൽ 
അറെസ്റ്റ്‌ ചെയ്യപ്പെടുക തന്നെ.

നമ്മുടെ ചിഹ്നം ഒരിക്കലും മാറാത്തത്

മറക്കാനാവാത്തതിൽ ഒന്നാമത്തെ അദ്ധ്യായം
ഉമ്മയുടെ ഭ്രാന്തും എന്റെ കലയുമാണ്;
പിന്നെ ഒരു കരിമ്പൂച്ചയും,
അതാണെൻറെ രാഷ്ട്രീയവും.

എന്നെ ഉമ്മയുടെ മാനസികത്തിനു കാവലിരുത്തി 
രണ്ട് പെങ്ങന്മാരും ഏട്ടനുംകൂടി
നാടോടിസഞ്ചികളുമായി നീലേശ്വരത്തേക്ക്
കൊല്ലാകൊല്ലത്തിലുള്ള നോമ്പിന് 
സക്കാത്തു പിരിവിനു പോകുമായിരുന്നു.

ചെക്കനെങ്ങനെ സ്കൂളിൽ പോകുമെന്നോ
തള്ളയ്ക്കാരു കഞ്ഞിവെച്ചു കൊടുക്കുമെന്നോ
പഞ്ചായത്തു കൂടാൻ ബന്ധുക്കളോ
അയൽക്കാരോ വന്നതൊന്നും
സ്മരണകളുടെ സചിത്രകഥയിൽ 
വരച്ചുവെക്കാൻ പറ്റിയിട്ടില്ല..

ഉമ്മയുടെ ഭ്രാന്ത് ഒരിക്കലും നിലയ്ക്കാത്ത;
ഉറക്കമില്ലാത്ത പാട്ടുകളായിരുന്നുവെങ്കിൽ,
ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കുന്ന 
നളപാചകമായിരുന്നു എന്റെ കല...

ഉമ്മപ്പെണ്ണുങ്ങൾ പാടുന്ന 
തോറ്റംപാട്ട് കേട്ടിട്ടുണ്ടോ നിങ്ങള്?
ഉടുമുണ്ടില്ലാതെ കാട്ടിലേക്കോടുന്ന
പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ?
ഉമ്മച്ചിത്തെയ്യം ഉറഞ്ഞാടുന്നത്‌ കണ്ടിട്ടുണ്ടോ?
ഉമ്മാ.. ഉമ്മാ.. എന്ന് പിറകേയോടുന്ന....

എട്ടുവയസ്സുകാരൻ വെച്ച
കഞ്ഞി കുടിച്ചിട്ടുണ്ടോ നിങ്ങള്?
അവന്റെ കറിക്കൂട്ടുകളുടെ സ്വാദറിയുമോ?
ഉണക്കമീൻ കൊണ്ട് എത്രതരം ഡിഷുകൾ
സാധ്യമാകുമെന്ന് ഗവേഷണം നടത്തിയിട്ടുണ്ടോ?
=

ഈ ഓർമ ഒരു കരിമ്പൂച്ചയുടെ 
ദാരുണ മരണത്തിൻറെ കാത്തിരിപ്പാണ്.
അതാണെന്റെ രാഷ്ട്രീയ ലക്ഷ്യവും:

ഉണർന്നിരുന്നു പാട്ടുപാടുകയും 
സ്വപ്നംകണ്ടുറങ്ങുകയും ചെയ്യുന്ന 
രണ്ടു സങ്കടങ്ങൽക്കിടയിലേക്ക് 
സാക്ഷയില്ലാത്ത അടുക്കള വാതിൽ വഴി 
രാത്രി ഒരു പാടു വൈകുമ്പോൾ 
ഇടയ്ക്ക് ദിഗംബരനായ ഒരു കരിമ്പൂച്ച 
കയറിവരുമായിരുന്നു...

ശത്രുവിൻറെ വിയർപ്പുഗന്ധം,
അടങ്ങാത്ത കിതപ്പ്..
ചലനങ്ങളിലെ അതീവ ജാഗ്രത..
എല്ലാം പകൽപോലെ തെളിയുന്നുണ്ട്
തീരാത്ത പകയുടെ തിരശ്ശീലയിൽ.

ആഗമനോദ്ദ്യേശ്യം 
എന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു.
പൊടുന്നനെ ഉമ്മയുടെ പാട്ടുനിലയ്ക്കുമ്പോഴാണ്‌ 
എന്റെ സ്വപ്‌നങ്ങൾ മുറിഞ്ഞ് ഉറക്കം തെളിയുക.

ഞെട്ടിയുണർന്ന്
ഇരുട്ടിൽ മണ്ണെണ്ണ വിളക്ക് കൊളുത്തുമ്പോൾ 
കരിമ്പൂച്ച ഊതിക്കെടുത്തും. 
നിലവിളിക്കുമ്പോൾ കഴുത്തിൽ 
കലിയുടെ തഴമ്പിച്ച കരങ്ങളമരും.
വെറും മൂന്നാം ക്ലാസ്സുകാരന്റെ 
പ്രതിരോധങ്ങളുടെ സകല ഞരമ്പുകളും 
ഉരുകിയൊലിച്ചു ചുടു മൂത്രമായ്‌ 
കണങ്കാലിലൂടെ ഒഴുകിയിറങ്ങും.

അപ്പോൾ ഉമ്മച്ചിത്തെയ്യം ഉറയും
വയൽപ്പാട്ടുകൾ അലർച്ചയായ്മാറും.
വിപ്ലവഗാനം തെറിയുടെ മുദ്രാവാക്യമാകും
തലയിണക്കടിയിൽ നിന്നും അരിവാൾ വലിക്കും 
കട്ടിലിനടിയിലെ ചുറ്റികയെടുക്കും.
കരിമ്പൂച്ച, നക്ഷത്രമെണ്ണി ഇരുട്ടിലേക്കോടി മറയും.

അതുകൊണ്ടായിരിക്കണം
നമ്മുടെ ചിഹ്നം ഒരിക്കലും മാറാത്തത്.


ക്വട്ടേഷൻ

മുമ്പ്, ഞങ്ങൾ മലപ്പട്ടത്തുനിന്ന്
ഏഴെട്ടു കിലോമീറ്റർ നടന്ന്
പെരുവളത്ത് പറമ്പ്
ടി.വി കാണാൻ പോകുമായിരുന്നു.
ഞങ്ങൾ എന്നാൽ
വലിയ ഒരു
ക്വട്ടേഷൻ സംഘമായിരുന്നു.

ചെരിപ്പിടാതെ 
മടത്തുംകുന്നും,ചേടിച്ചേരിയും,
കുണ്ടടമുക്കും-
താണ്ടി നടന്നുപോകുമ്പോൾ 
അഞ്ചെട്ടു വിശപ്പുകൾ-
ബിരിയാണി തിന്നതിനെക്കുറിച്ചും
ടാക്കീസിൽ പോയി
ഇന്ദ്രജാലം കണ്ടതിനെക്കുറിച്ചും
പുളുവടിക്കും.

എനിക്ക് ഉമ്മ സൈക്കിൾ
വാങ്ങിത്തരുമെന്ന് അവനും,
അവനു വിഷുവായാൽ അച്ഛൻഷൂസു
വാങ്ങിക്കൊടുക്കുമെന്നു ഞാനും സമ്മതിക്കും.
കുറേ നേരത്തേക്ക് ഞങ്ങൾഷൂസിട്ടു
സൈക്കിളിൽ സിനിമാ തിയേറ്ററിലേയ്ക്കു
സഞ്ചരിക്കുന്നമുനീറും സന്ദീപുമാകും.

എല്ലാവരും അങ്ങനെ 
ഓരോരോ നുണകളുടെ 
വിമാനത്തിൽ കയറി പെട്ടെന്നു തന്നെ
മൂസാനിക്കാന്റെമുറ്റത്തു ലാന്റ് ചെയ്യും.

അയാൾ പതിവുപോലെതേങ്ങ
കടത്താനോ വിറകു കൊണ്ടിടാനോ പറയും;
എങ്കിലേ സിനിമ കാണാൻ പറ്റൂ.

രാവിലെ തുടങ്ങുന്ന വ്യായാമം
വൈകുന്നേരം വരെ തുടരും.
തേങ്ങകളുടെ ഒരു കുന്ന്
(വിറകു കെട്ടുകളുടെ ഒരു മല) 
ഞങ്ങളെത്തന്നെ അതിശയപ്പെടുത്തും.

അപ്പോൾ വ്യായാമം
ശരീരത്തിന് നല്ലതാണെന്ന് 
ഒരിക്കൽ കൂടി ഓർമപ്പെടുത്തി
മൂസാനിക്ക ചോദിക്കും:
“ഹിന്ദുപ്പിള്ളാരൊന്നും മാപ്പിളാരുടെ പൊരക്ക്ന്ന്
വെള്ളം കുടിക്കൂലാലോ?”
കൂട്ടത്തിൽ ഞാനും പറയും "ഇല്ല" എന്ന്.

അവസാനം ഞങ്ങൾ
ഇറച്ചിക്കറി മണക്കുന്ന 
ഗിൽസിന് വെളിയിൽ നിരന്നു നിൽക്കും.

വി.സി.പി കിരികിരിയെന്ന്
ഓണാകുമ്പോൾഒരു കോരിത്തരിപ്പു വരും,
സത്യമാണോ എന്ന്പരസ്പരം നുള്ളിനോക്കും.
എന്നത്തേയും പോലെ 
നരച്ച സ്ക്രീനിലേക്ക് തലേക്കെട്ട് കെട്ടിയ മമ്മൂട്ടി വരും.

“കുട്ടികളെ തട്ടിക്കൊണ്ടുപോയി
വിലപേശുന്ന ഊച്ചാളി ബ്ലാക്ക്മെയിലറല്ല
ചന്തക്കാട് വിശ്വൻ”എന്നു പറയുമ്പോൾ
ഞങ്ങൾ നിർത്താതെ കയ്യടിക്കും,

എത്ര പറഞ്ഞാലും ചിലർ 
ഒച്ചവെച്ചു പോകും.. 

അപ്പോൾ മൂസാനിക്കന്റോളോടിവന്ന്
“മഗ്രിബ് നിസ്കരിക്കാനായി”
എന്നും പറഞ്ഞ് കാഴ്ച കെടുത്തും. 

ഞങ്ങൾ പിന്നേയും കുറേനേരം 
കാത്തു നിൽക്കും.. 
അവസാനം പ്രതീക്ഷ നശിച്ച് 
അടുവാപ്പുറം വഴി 
ചൂളിയാട് കുന്നു കയറി
എളുപ്പവഴിയിൽവീട്ടിലേയ്ക്കു തിരിച്ചുവരും.

അന്നേരം ആരും നുണ പറയില്ല,
വിശപ്പ് ഒന്നും അംഗീകരിക്കില്ലഎന്ന് മനസ്സിലാക്കും.

ഒടുവിൽവഴിക്കണ്ണുകളുടെയും ചൂരലുകളുടെയും 
വീടെത്താറാവുമ്പോൾ 
ഇരുട്ട് ഞങ്ങളെ വന്നു മൂടിയിട്ടുണ്ടാവും.. 

എങ്കിലും,ഞങ്ങൾ
ഇടവഴികളിൽ വെച്ചു പിരിയുമ്പോൾ 
തേങ്ങകൾ ഇനിയും ബാക്കിയുണ്ട്
നാളേയും പോകണം
എന്ന പ്രതീക്ഷകൾ  പങ്കുവെയ്ക്കും.