2013 നവംബർ 26, ചൊവ്വാഴ്ച

പോത്ത്

ചില കാത്തിരിപ്പുകളെ വിശേഷിപ്പിക്കാന്‍ അങ്ങനെയൊരു വാക്ക് ഒരിക്കലും അനുയോജ്യമാകില്ല. നിലവില്‍ ഞാന്‍ മുഹമ്മദ്‌ ഷരീഫിനെ കാത്തിരിക്കുന്നു എന്നതുപോലെയുള്ള ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ അത്രയ്ക്ക് വൈകാരികവും സത്യസന്ധവുമായ മറ്റെന്തെങ്കിലും ഒരു വാക്ക് അത്യാവശ്യമായി തോന്നുന്നതില്‍ അതിശയോക്തി ഉണ്ടാവില്ല.

ഇതെനിക്ക് സുപരിചിതവും എന്‍റെ ഏകാന്തതയ്ക്ക് അത്രമേല്‍ അടുപ്പത്തോടെ കൂട്ടിരുന്നതുമായ കടല്‍ത്തീരമാണ്. ഒറ്റയ്ക്കിരിക്കുവാന്‍ ഒരു കൂട്ട് എന്നനിലയില്‍ ഈ കടലിനെ ഞാന്‍ തിരഞ്ഞെടുക്കുന്നതും അവനിലൂടെയായിരുന്നു. മുമ്പ് രാഷ്ട്രീയ കൊലപാതകങ്ങളോ ബന്ധോ പെരുന്നാളോ മറ്റോ വരുമ്പോള്‍ മാത്രം വീണുകിട്ടിയിരുന്ന അപൂര്‍വ്വം ചില ഹോട്ടല്‍ അവധി ദിവസങ്ങളില്‍ ഞങ്ങളിവിടെ വന്നിരിക്കുമായിരുന്നു. കടല്‍ക്കരയിലിരുന്നു കരഞ്ഞാല്‍ പെട്ടെന്നു വറ്റിപ്പോകുന്ന കണ്ണുനീര്‍ ആരും തിരിച്ചറിയില്ല എന്നു കണ്ടെത്തിയതും അവനായിരുന്നു. 

ഷെരീഫ് നീയെന്താണിങ്ങനെ വൈകുന്നത്.. വല്ലാത്തൊരു പരീക്ഷണമായിപ്പോകുന്നു ഇത്.  കടല്‍ക്കരയിലെ വാടകക്കുതിരകള്‍ ഓടുകയല്ല; വളരെ മെല്ലെയാണ് സഞ്ചരിക്കുന്നത്. കുതിരക്കാരന് അവയുടെ പുറത്തിരിക്കുന്ന കുട്ടികളുടെ സുരക്ഷയില്‍ നല്ല ശ്രദ്ധയുണ്ട്. പക്ഷേ, ഒരിക്കല്‍ കയറിയ കുട്ടി പിന്നീടൊരിക്കലും അതിന് മുതിരുമെന്ന് തോന്നുന്നില്ല. ഇത്ര പതിയെ നടക്കുന്ന കുതിരകളെ അവര്‍ക്ക് ഇഷ്ടമാവണമെന്നില്ല. ആ ചെറിയകുട്ടി എത്രാമത്തെ ഐസ്ക്രീമാണിത്! ഷെരീഫ് ഈ കടലുപോലും കാത്തിരുന്നു മടുത്തു കാണണം. ഒരു താല്‍പര്യവുമില്ലാതെയാണ് തിരയടിക്കുന്നത്. ഇനി നീ എപ്പോഴാണ്..

എനിക്കറിയാം അവന്‍ തീര്‍ച്ചയായും വരും. പക്ഷേ, കാറുമായിട്ടാണ് ഇത്രയും ദൂരം വരുന്നത് എന്നു പറഞ്ഞിരുന്നുവല്ലോ, ഇനി മറ്റെന്തെങ്കിലും.. ഏയ്‌, അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല. പതിനാലു വര്‍ഷങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അത്രവലിയ ഒരു കാലയാളവൊന്നുമല്ല, ചെറിയൊരു ജീവപര്യന്തം. ഒന്നും ഓര്‍മ്മകളില്‍ ഒരുപാട് ചികയേണ്ടി വരുന്നില്ല. എല്ലാം ഈ കടല്‍പോലെ അത്രയടുത്തു തന്നെയുണ്ട്.

ആലിപ്പറമ്പ് ലക്ഷംവീട് കോളനിയില്‍ അക്കൊല്ലം ഒളിച്ചോടിയവര്‍ മൂന്നുപേരായിരുന്നു. അബ്ദുല്‍ സമദ് എന്ന ഞാന്‍, മുഹമ്മദ്‌ ഷെരീഫ്, ഒരു ഇസ്മായില്‍ എന്നിങ്ങനെ. 

ഞങ്ങളുടെ കോളനി വിവരണാതീതമായ ഒരു ആവാസ വ്യവസ്ഥയായിരുന്നു. നിലവില്‍  കോടിക്കണക്കായ ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്ത, വൈദ്യുതി കണ്ടുപിടിച്ചിട്ടില്ലാത്ത മറ്റൊരു ഭൂമിയില്‍ മനുഷ്യവാസം ഉണ്ടെന്നു തെളിയിക്കപ്പെടുകയാണെങ്കില്‍ അവിടെ അങ്ങനെ ചില കോളനികള്‍ കണ്ടെത്തിയേക്കാം.   

കാറ്റിന് സദാ ഉണങ്ങിയ മനുഷ്യ മലത്തിന്‍റെ ഗന്ധമുള്ള  കോളനിയില്‍ മൊത്തം നാല്‍പ്പത്തിയഞ്ച് വീടുകളായിരുന്നു അക്കാലത്ത്. വീടുകളെന്നാല്‍ ഇ.എം.എസ് സര്‍ക്കാരിന്‍റെ കാലത്തോ മറ്റോ സമചതുരാ കൃതിയില്‍ മുറിച്ചുകിട്ടിയ നാലുസെന്‍റുകളില്‍ നിറഞ്ഞു കിടക്കുന്ന കട്ടപ്പുരകളായിരുന്നു. ഓരോ വീടിനേയും അകത്തുവച്ച് നെടുകെ മുറിക്കുന്ന ഒരു മണ്‍ചുമര് കാണും. അതിന്‍റെ രണ്ടു ഭാഗത്തും ഈരണ്ട് മുറികള്‍ വീതമുള്ള ഓരോ മണ്ണറകളാണ്. അതില്‍ അഞ്ചും പത്തും അംഗസംഖ്യയുള്ള ഓരോ കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നുന്നുണ്ടാവും. ചുമരിനപ്പുറം നടക്കുന്ന ജനനമോ മരണമോ പരസ്പരം ഒരു വിഷയമായിരുന്നില്ല അവിടെ. അവരുടെ കുട്ടികളെല്ലാം പെരുച്ചാഴികളെ പോലെ മണ്ണ് തുരന്നും അല്‍പ്പ ഭക്ഷണത്തിന്‍റെ പോഷകക്കുറവ് തെളിയിച്ചും സദാ മൂക്കൊലിപ്പിച്ചും പനിച്ചും ജീവിച്ചു. മുതിര്‍ന്നവരില്‍ ഏറെപ്പേരും സൈക്കിള്‍ ബാലന്‍സ്, പാട്ടുകച്ചേരി, ഒസ്സാന്‍ വേല, കൂടോത്രം, തുടങ്ങിയ സ്ഥിര വരുമാനമില്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. ചിലര്‍ ചുറ്റുവട്ടത്തെ പണക്കാരുടെ കശുവണ്ടിത്തോട്ടങ്ങളിലും, തെങ്ങിന്‍ തോപ്പുകളിലും പണിയെടുത്തും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഏറെപ്പേര്‍ക്കും തന്തമാരില്ല എന്ന പരിഗണന മുതലെടുത്ത്‌ അമ്മമാര്‍ അവരെ ദൂരെയുള്ള യതീംഖാനയില്‍ കൊണ്ടു ചേര്‍ക്കുമായിരുന്നു; ആ കൂട്ടത്തിലാണ് ഞങ്ങള്‍ മൂന്നുപേരും. പെണ്‍കുട്ടികളില്‍ പലരും നഗരത്തിലെ മുതലാളിമാരുടെ വീട്ടിലെ വിഴുപ്പലക്കിയും പാത്രം കഴുകിയും കാലം പോക്കിയിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരും കൈക്കുഞ്ഞുങ്ങളുമായി ഇതേ കോളനിയിലേക്ക് തിരികെ വരികയാണ് പതിവ്.

കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളൊക്കെ വേശ്യകളും ആരോഗ്യമുള്ള ആണുങ്ങള്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമായ ഒരു അധോലോകം ഉള്ളില്‍ ഒളിച്ചു വെക്കുകയും, ഓടിക്കളിക്കുന്ന കുട്ടികളെ മഷിയിട്ടു നോക്കിയാല്‍ കാണാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന കലാപത്തിന്‍റെ നിഴലില്‍ വീടുകള്‍ പരസ്പരം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു അവിടെ.

കോളനിയുടെ ഭൂമിശാസ്ത്രം പക്ഷേ, മറ്റൊന്നായിരുന്നു. ഓരോ വീടിന്‍റെയും രണ്ടുമുറ്റങ്ങളില്‍ മധുരപ്പുളി, ചാമ്പ, ചെറുനാരകം, വഴുതന തുടങ്ങിയ കുറിയ ചെടികള്‍ പൂത്തും കായ്ച്ചും നിന്നിരുന്നു. ആടുകളും മുയലുകളും താറാവുകളും കോഴികളും മറ്റും അലഞ്ഞു നടന്നിരുന്നു. അവിടെയുണ്ടായിരുന്ന പെണ്ണുങ്ങള്‍ കടുത്ത ആത്മസംഘര്‍ഷങ്ങളെ അതിജീവിച്ചിരുന്നത്  അങ്ങനെയായിരിക്കണം. വീടുകള്‍ക്ക് നടുവിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ കടപുഴകിവീണ ആല്‍മരത്തിന്‍റെ ഫോസിലുപോലെ മെലിഞ്ഞതും വീതിയേറിയതുമായ നിരവധി നടപ്പുവഴികളുടെ ശിഖരങ്ങള്‍ കാണാം. ഒത്തനടുക്കാണ് പഞ്ചായത്ത് കിണര്‍. അല്‍പ്പം കൂടി കുഴിച്ചാല്‍
ഭൂമിയുടെ അപ്പുറത്തെത്താം എന്നുതോന്നിക്കുന്ന അതില്‍ വേനല്‍ക്കാലത്ത് വെള്ളം വറ്റിവരളും, പിന്നെ പെണ്ണുങ്ങളുടെ യുദ്ധമാണ്. രാത്രി പുലരുന്നത് വരെ അല്‍പ്പാല്‍പ്പം ഊറിവരുന്ന ഉറവകള്‍ കട്ടുകൊണ്ടുപോകാന്‍ അവര്‍ കാത്തിരിക്കും. ഒരു തുള്ളി  വെള്ളം മണ്ണില്‍ വീണുപോയാല്‍ ആ ഒരു ബിന്ദുവില്‍ നിമിഷങ്ങള്‍കൊണ്ട് ഒരു ബോധിവൃക്ഷം വളര്‍ന്നുവരുന്ന ജലദാരിദ്ര്യം. ആരും കുളിക്കുകയോ ചന്തി കഴുകുകയോ അനാവശ്യമായി ദാഹം എന്നുപറയുകയോ ചെയ്യാത്ത വേനല്‍ കഴിഞ്ഞാല്‍ മഴ വസന്ത കാലവുമായി വരും. സകല പുല്‍ക്കൊടികളും തലയുയര്‍ത്തി നില്‍ക്കും ചെടികള്‍ പൂത്തും കായ്ച്ചും ഞെളിഞ്ഞിരിക്കും..

കോളനിയിലെ സന്ധ്യകള്‍ക്ക് വല്ലാത്തൊരു ക്ഷീണവും വിയര്‍പ്പു ഗന്ധവു മായിരുന്നു. പലപല തൊഴിലിടങ്ങളില്‍ നിന്നും അവര്‍ തിരികെവരുന്ന സമയമാണത്. ചെറിയചെറിയ മല്ലയുദ്ധങ്ങളും വാക്പയറ്റും അരങ്ങേറുന്നത് ആ സമയത്തായിരുന്നു. ചിലപ്പോള്‍ ഒറ്റയ്ക്കും സംഘങ്ങളായും വഴക്കു കൂടുന്നവരെ കാണാം. അതില്‍ വെടിമറിയം, മഞ്ഞക്കുഞ്ഞാത്തു, ഇരുമ്പ് കല്യാണി തുടങ്ങിയവര്‍ രംഗത്തിറങ്ങിയാല്‍ ഇടയ്ക്കിടെ പൊക്കിക്കാണിക്കുന്ന വെളുത്ത ചന്തികള്‍ കാണാന്‍ നിരാശാഭരിതരായ യുവാക്കള്‍ വേലിച്ചെടികളുടെ മറവിലും മതിലരികിലും ഒളിച്ചിരിക്കുക പതിവായിരുന്നു. വഴക്കു തുടങ്ങിയാല്‍ കോളനി നിവാസികളുടെ ഭാഷ ഒരുതരം ഗോത്ര ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നുവെന്നു തോന്നുന്നു.

ഒരു വേനലവധിയിലായിരുന്നു ഞങ്ങളുടെ ഒളിച്ചോട്ടം. ഒളിച്ചോട്ടം എന്നു പറയുന്നതിനേക്കാള്‍ നല്ലത് ജയില് ചാട്ടം എന്നു പറയുന്നതായിരിക്കും. എന്തുകൊണ്ടും ദാറുല്‍ സലാം  യതീംഖാന ഞങ്ങള്‍ക്കൊരു ജയില്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും ഷെരീഫിനെ സംബന്ധിച്ച്. ഇസ്മായിലിനെ നാട്ടിലെത്തിയ മൂന്നാം ദിവസംതന്നെ അറവുകാരന്‍ മമ്മാലിക്ക കയ്യും കാലും പിടിച്ചുകെട്ടി ലാമട്ര ഓട്ടോയില്‍ കയറ്റി തിരിച്ചു കൊണ്ടുവിട്ടു. ഇസ്മായില്‍ അക്രമകാരിയാണ്. ഉസ്താദിനെ തല്ലിയ ചരിത്രംവരെയുണ്ട്, നാട്ടിലെത്തി വീണ്ടും തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ച ഉമ്മയെ ചവിട്ടി ചാണകക്കുഴിയിലിട്ടു എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. ഉരുക്കുപോലുള്ള മംമ്മാലിക്കാക്കും അവന്‍റെ കല്ലേറു കിട്ടിയത്രേ. മുമ്പിതുപോലെ ചാടിപ്പോയപ്പോള്‍ സദര്‍ ഉസ്താദ് അവനെ ജനാലയില്‍ കെട്ടിഞാത്തി തിരണ്ടിവാലുകൊണ്ട് അടിച്ചരംഗം ഇപ്പൊഴും മനസ്സിലുണ്ട്. അന്നായിരുന്നു അവന്‍ ഉസ്താദിന്‍റെ റൂമില്‍ കയറി വസ്ത്രങ്ങള്‍ക്ക് തീകൊടുത്തത്. പിന്നെ ദിവസങ്ങളോളം തുടര്‍ന്ന ശിക്ഷയില്‍ അവന്‍ മരിച്ചുപോകേണ്ടാതായിരുന്നു. എങ്ങനെയോ രക്ഷപെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും  വീണ്ടും തിരിച്ചുകൊണ്ടാക്കിയപ്പോഴാണ് ടാങ്കില്‍ തൂറിവെച്ചതിന് പിടിക്കപ്പെട്ടത്.. അവനെ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ജീവിതത്തില്‍ ഒരിക്കലും ചിരിച്ചു കാണാത്ത ഒരുവന്‍. ഈയിടെ ഏതോ തീവ്രവാദി ക്യാമ്പില്‍വച്ചു പിടിക്കപ്പെട്ട കൂട്ടത്തില്‍ അവന്‍റെ ഫോട്ടോയും ഉണ്ടായിരുന്നു. ആ കണ്ണുകളില്‍ കാലങ്ങളായി ഘനീഭവിച്ചു കിടന്ന പകയുടെ ഒരു തീക്കടല്‍ ജ്വലിച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു.

അറവുകാരന്‍ മമ്മാലിക്ക നട്ടപ്പാതിരയ്ക്കായിരുന്നു എന്‍റെ വീട്ടില്‍ വരിക. അയാള്‍ കടന്നുവരുമ്പോള്‍ പോത്തിറച്ചിയുംസാധുബീഡിയും കൂടിക്കുഴഞ്ഞ ഒരു ഗന്ധം ഇരുട്ടിലേക്ക് പരക്കും, അപ്പോഴാണ്‌ ഞാന്‍ നഫീസപ്പെറ്റുവിന്‍റെ അരികില്‍ നിന്നും മാറിക്കിടന്നിരുന്നത്. ഉമ്മ പോയതില്‍ പിന്നെ അവരാണ് എന്നെ നോക്കിയിരുന്നത്. നഫീസപ്പെറ്റു വെളുത്തിട്ടായിരുന്നു. വലിയ മുലകളായിരുന്നു അവര്‍ക്ക്. ഉമ്മ മരിക്കുമ്പോള്‍, ചെക്കനെ നോക്കണം വീട് നീ എടുത്തോളൂ എന്ന്‍ അവരെ ഏല്‍പ്പിച്ചതായിരുന്നു. ഉമ്മ എന്നെപ്പോലെ കറുത്തിട്ടായിരുന്നു, മഞ്ഞപ്പിത്തം വന്ന്‍ മരിച്ചുപോയതാണ്. മമ്മാലിക്കാനെ എനിക്കു വല്ലാത്ത പേടിയായിരുന്നു. ഒരു ദിവസം അയാളുടെ വലിയൊരു പോത്ത് വള്ളിപ്പുല്ല് തിന്നുതിന്ന് പഞ്ചായത്ത് കിണറില്‍ വീണുപോയിരുന്നു. അയാള്‍ നാട്ടിലില്ലാത്ത സമയത്താണ് സംഭവം. വെള്ളം കുറവായിരുന്നതുകൊണ്ട് പോത്ത് ചത്തുപോയില്ല. അത് കിണറില്‍ കിടന്ന് പിടച്ചു കൊണ്ടിരുന്നു. രാത്രി വൈകുവോളം പാതാളക്കിണറില്‍ നിന്നും പ്രതിധ്വനിക്കുന്ന വിചിത്ര ശബ്ദങ്ങള്‍ കേട്ട് ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാതിരിക്കുമായിരുന്നു. ആകെയുള്ള ജലസ്രോതസ്സും നഷ്ടമായ അവസ്ഥയില്‍ പോത്തിനെ കരയില്‍ കയറ്റാന്‍ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ആ സമയത്താണ് വീരാജ് പേട്ടയില്‍ നിന്നും കന്നുകാലികളുമായി മമ്മാലിക്ക തിരിച്ചെത്തുന്നത്. ഉടന്‍തന്നെ കമ്പയും കോണിയുമൊക്കെയായി രണ്ടുമൂന്നുപേരെയും കൂട്ടി അയാള്‍ കിണറില്‍ ഇറങ്ങി. കിണറിനുള്ളില്‍ പോത്തുമായി നീണ്ട നേരത്തെ മല്‍പ്പിടുത്തത്തിനു ശേഷം അതിനെ കരയിലെത്തിക്കുന്ന ഒരു രംഗമുണ്ട് ഇപ്പൊഴും എന്‍റെ മനസ്സില്‍. കരയ്ക്കു കയറിയ പോത്ത് സമനില തെറ്റിയതുപോലെ കോളനിയില്‍ മൊത്തം പരക്കം പായുകയും പരാക്രമം കാട്ടുകയും ചെയ്തത് ഇപ്പൊഴും മറക്കാനാവുന്നില്ല. അവസാനം അതിസാഹസികമായി പിടിച്ചുകെട്ടിയ പോത്തിനെ മമ്മാലിക്ക അവിടെവെച്ചു തന്നെ അറുക്കുകയും കോളനി വാസികള്‍ക്ക് സൗജന്യമായി ഇറച്ചി വിതരണം ചെയ്യുകയുമായിരുന്നു. അന്ന് നഫീസപ്പെറ്റുവിന് ഒരു തുടയുടെ ചീന്ത് മുറിച്ചുകൊടുത്ത് എന്തോ സ്വകാര്യം പറഞ്ഞിരുന്നു അയാള്‍. അന്ന് വളരെ വൈകിയാണ്‌ മമ്മാലിക്ക കയറി വന്നത്. എനിക്കെന്തോ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ പെട്ടെന്നുതന്നെ മാറിക്കിടന്നു. അയാള്‍ മുറ്റത്തു നിന്നും കയ്യിലെ വാറ്റു ചാരായം ഒറ്റ വലിക്കു കുടിച്ച് കുപ്പി ദൂരെയെറിഞ്ഞു. ഇരിട്ടിലെ ഒച്ചകള്‍ ചില തിരിച്ചറിവുകളായിരുന്നു എനിക്ക് ചെളിപ്പാടത്തിലൂടെ മൂരികള്‍ ഓടുന്നതും മമ്മാലിക്ക ഓരോന്നിനെയായി മലര്‍ത്തിക്കിടത്തി കീഴടക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.  വളരെ വൈകി അയാള്‍ തിരിച്ചുപോകുമ്പോള്‍ നഫീസപ്പെറ്റു ഇസ്മായിലെനെപ്പോലെ സമദിനേയും യത്തീംഖാനയില്‍ തിരിച്ചു കൊണ്ടാക്കണം എന്നു പറയുന്നത് കേട്ടു. അന്ന് പുലര്‍ച്ചെയാണ് ഞാന്‍ നാടുവിട്ടുപോകുന്നത്. പെറ്റുവിന്‍റെ തലയിണക്കടിയില്‍നിന്നും മമ്മാലിക്ക കൊടുത്ത പോത്തിന്‍ചോര പുരണ്ട അമ്പത് രൂപയുമെടുത്ത് പൂഴിക്കടവ് നീന്തിക്കടന്ന് രാവിലെ അഞ്ചുമണിയുടെ ജീവന്‍ ബസ്സിന് നഗരത്തിലേക്ക് പോവുകയായിരുന്നു.

മൂന്നാലുമാസം ബസ്സ്റ്റാന്‍റിലെ ബദരിയ ഹോട്ടലില്‍ പണിയെടുത്തു. എല്ലാ വെള്ളിയാഴ്ച്ചയും സിനിമ കാണാന്‍ പറ്റും എന്നത് വലിയൊരു സമാധാനമായിരുന്നു. അവസാനം ഷെരീഫിനെ കാണാന്‍ ഓര്‍മ്മയായിട്ട് ഉറങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ നാട്ടിലേക്കു തിരിച്ചുപോയി. അന്നേരം നഫീസ പ്പെറ്റുവിന്‍റെ കയ്യില്‍കിടന്ന്‍ ചുവന്ന ഒരു പെണ്‍കുഞ്ഞ് കരയുന്നുണ്ടായിരുന്നു. പോത്തിന്‍റെ മുഖമായിരുന്നു അതിന്.

ഷെരീഫ് അവന്‍റെ ഉമ്മ കദീസാത്തയുടെ  കോന്തലയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു അപ്പോഴും. അവന്‍റെ ഇളയത് രണ്ടു പെണ്മക്കളായിരുന്നു പോലും. അവന്‍റെ ഉമ്മയ്ക്ക് പാരമ്പര്യമായി ചെറിയൊരു മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കൂട്ടത്തില്‍ ഇളയ കുട്ടിക്ക് അഞ്ചാം പനിപിടിച്ച് ബോധമില്ലാതെ കിടക്കുമ്പോള്‍ കദീസാത്ത വാരിയെടുത്ത് ചുമലിലിട്ട്‌ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിവരെ നടന്നുപോയ ഒരു കഥ പെറ്റു പറഞ്ഞുതന്നിരുന്നു.  ആശുപത്രിലെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണത്രേ കുട്ടി മരിച്ച വിവരം അറിയുന്നത്. പിന്നെ ഒന്നും നോക്കാതെ കദീസാത്ത അതേപോലെ കുഞ്ഞിനെയെടുത്ത് തോളിലിട്ട്‌ നട്ടപ്പാതിരയ്ക്ക്, പെരുമഴയില്‍ മൈലുകളോളം നടന്നുവന്ന്‍ സുബഹി ബാങ്ക് കൊടുക്കുന്നതുവരെ മയ്യത്തുമായി പള്ളിക്കാട്ടില്‍ കുത്തിയിരുന്ന് ഒച്ചത്തില്‍ യാസീന്‍ ഓതിയിരുന്നു  പോലും... മറ്റേ പെണ്‍കുട്ടി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല; കദീസാത്താക്കുപോലും. ഷെരീഫിനെ കണ്ടപ്പോള്‍ എനിക്കു വലിയ സന്തോഷമായി. അവനെയും കൂടെ കൊണ്ടുപോയ്ക്കോളൂ എന്ന് കദീസാത്ത പറഞ്ഞപ്പോള്‍ അതിലേറെ സന്തോഷം തോന്നി.

അന്ന് ഞാന്‍ പെറ്റുവിന് നൂറുരൂപ കൊടുത്തിരുന്നു. ഇനി മമ്മാലിക്കയെ അടുപ്പിക്കരുത് ഞാനിങ്ങനെ ഇടയ്ക്ക് എന്തെങ്കിലും കൊണ്ടുതരും എന്നുപറഞ്ഞപ്പോള്‍ അവര്‍ എന്തിനാണ് കണ്ണുനിറച്ചത് എന്ന്‍ മനസ്സിലായിട്ടില്ല. പോത്തിന്‍റെ മുഖമുള്ള കുഞ്ഞ് വലിയ മുലകള്‍ ചപ്പിക്കൊണ്ടിരുന്നു. അന്നുരാത്രിയും മമ്മാലിക്ക വന്നു. കുഞ്ഞ് കിടന്നു നിലവിളിക്കുമ്പോള്‍ പെറ്റു എഴുന്നേറ്റുപോയത്‌ അയാള്‍ക്ക്‌ തീരെ ഇഷ്ടമായില്ല എന്നുതോന്നുന്നു. നാളെത്തന്നെ അതിനെ കൊന്നു കുഴിച്ചുമൂടണം എന്നൊക്കെ പറയുന്നത് കേട്ടു. കൊന്നിരിക്കുമോ ആവോ. ശേഷം രാത്രി വൈകുവോളം പഴയ ഒച്ചയും കുഞ്ഞിന്‍റെ കരച്ചിലുംകേട്ട് ഞാന്‍ കിടന്നു.

അങ്ങനെയുള്ള ചില രാത്രികളായിരിക്കണം ചിലപ്പോള്‍ ഒരിക്കലും ഞെട്ടിയുണരാത്ത എന്‍റെ പുരുഷത്തം അടയാളപ്പെടുത്തുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട  ഒരു നക്ഷത്രവേശ്യാലയം നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത ഒരു ആയുധം തന്നെയാണ് ആവശ്യം എന്ന സത്യം ഞാന്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുമാത്രമാണ് ജീവിതത്തില്‍ എനിക്കിത്ര സത്യസന്ധനാവാന്‍ പറ്റുന്നതും.

അന്നുരാവിലെ ഷരീഫിനെയും കൂട്ടി ഞാന്‍ വീണ്ടും നഗരത്തിലേക്കു മടങ്ങി. ബദരിയ ഹോട്ടലില്‍ തന്നെ അവനെയും പണിക്കു കയററി. ഒന്നുരണ്ടാഴ്ച്ചത്തെ അപരിചിതത്വത്തിനു ശേഷം അവനും നല്ലൊരു നിലം തുടപ്പുകാരനും തൂപ്പുകാരനുമൊക്കെയായി. പാത്രം കഴുകല്‍ എന്‍റെ വകുപ്പായിരുന്നു അത് ഞാന്‍ അവന് വിട്ടുകൊടുത്തില്ല.

അങ്ങനെ എല്ലാ പാത്രങ്ങളും കഴുകിത്തീര്‍ന്ന, എല്ലാ പണികളും തീര്‍ന്ന ഒരു നട്ടപ്പാതിരയ്ക്ക് കുറ്റിബീഡി വലിച്ചിരിക്കുമ്പോള്‍ ഞാനവനോട് ചോദിച്ചു- ഇതിനേക്കാള്‍ നല്ലതായിരുന്നു യത്തീംഖാനയിലെ ജീവിതം എന്നു തോന്നുന്നുണ്ടോ നിനക്ക്?  ഒരിക്കലും ഇല്ല, ഇവിടെയാകുമ്പോള്‍ നാസര്‍ ഉസ്താദിനെ പേടിക്കണ്ടല്ലോ- അവന്‍ ചുവന്നു തടിച്ച പുറം ചൊറിഞ്ഞുകൊണ്ട് തിരിഞ്ഞുകിടന്ന്‍ പെട്ടെന്നുറങ്ങി. എനിക്കുറക്കം വന്നില്ല. യത്തീം ഖാന ജീവിതം അവനെ സംബന്ധിച്ചിടത്തോളം ഒരു നരകം തന്നെയായിരുന്നു. ഹോസ്റ്റലിലെ നിരത്തിയിട്ട ഇരുമ്പുകട്ടിലുകളിലെ ഉറക്കമില്ലാത്ത സങ്കടങ്ങള്‍ക്കിടയിലേക്ക് വളരെ വൈകിയാണ് നാസര്‍ ഉസ്താദ് പൂച്ചയെപ്പോലെ പാദങ്ങളില്‍ ശബ്ദം ഒളിച്ചുവെച്ച്‌ കടന്നുവരിക. കൂട്ടത്തില്‍ ഏറ്റവും തടിച്ചുവെളുത്ത അവനെപ്പോലെ എനിക്കങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഏറ്റവും കറുത്തുമെലിഞ്ഞ കുട്ടി ഞാനായിരുന്നുവല്ലോ. അയാള്‍ മറ്റൊരു മമ്മാലിക്കയായിരുന്നു. ശരീഫിന്‍റെ   ഒരു പ്രതിരോധവും ഉസ്താദിന് വിഷയമായിരുന്നില്ല. അങ്ങനെയുള്ള പിറ്റേ ദിവസങ്ങളില്‍ കാലുകള്‍ വിടര്‍ത്തിവെച്ചുനടന്നിരുന്ന അവനെ മറ്റു കുട്ടികള്‍ കളിയാക്കിയിരുന്നു. കക്കൂസിലിരിക്കാന്‍ പോലും പറ്റാതെ അവന്‍ കരയുന്നത് ഓര്‍ക്കാനേ വയ്യ. പിന്നെയൊരു ദിവസം ഷെരീഫിന്‍റെ കട്ടില്‍ മാറിക്കിടന്ന സമദിന്‍റെ കയ്യില്‍ നിന്നും  അയാള്‍ക്ക് പൊതിരെ തല്ലുകിട്ടിയിരുന്നു.

അന്നുരാത്രിയായിരുന്നു ഞങ്ങള്‍ ഹോട്ടലില്‍ നിന്നും ചാടിപ്പോയത്:
ഷെരീഫ്.. ഷെരീഫ് എഴുന്നേക്ക്- ഞാനവനെ കുലുക്കി വിളിച്ചു. ഇന്ന്‍ നമുക്കിവിടം വിടണം എന്നുമിങ്ങനെ വയ്യ. 'ആര്യന്‍' സിനിമയില്‍ മോഹന്‍ലാല്‍ പോകുന്നത് കണ്ടിട്ടില്ലേ അതുപോലെ നമുക്ക് വിടാം എങ്ങോട്ടെങ്കിലും. അവന്‍ കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നു. ഹോട്ടലിലെ മേശവലിപ്പ്‌ കുത്തിത്തുറന്നപ്പോള്‍ നാനൂറ്റി അറുപത് രൂപ കിട്ടി. അതുമായി ഞങ്ങള്‍ രാത്രി മംഗലാപുരം വണ്ടിക്കു കയറി... ആ യാത്രയില്‍ എപ്പൊഴോ ഞാന്‍ ഉറങ്ങിപ്പോയിരിക്കണം. അങ്ങനെയാണ് അവനെ എന്നെന്നേക്കുമായി എന്നപോലെ നഷ്ടമാകുന്നത്. വണ്ടിയില്‍ നിന്നും എവിടെയിറങ്ങിയെന്നോ എന്തു സംഭവിച്ചുവെന്നോ ഒരു പിടിയുമില്ലായിരുന്നു. മോഷ്ടിച്ച കാശ് അവന്‍റെ കയ്യിലായിരുന്നു എന്നതുമാത്രമായിരുന്നു ഒരു സമാധാനം.

എങ്ങനെയെന്നറിയില്ല വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഒരു ഫോണ്‍കോളില്‍ നിന്നാണ് വീണ്ടും അവനെ തിരിച്ചു കിട്ടുന്നത്. പിന്നെ നമ്മള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. പഴയതൊന്നും ചികഞ്ഞതേയില്ല. അവനേതോ സ്വര്‍ണ്ണക്കട മുതലാളിയുടെ ഡ്രൈവറാണെന്നും സുഖജീവിതമാണെന്നും പറഞ്ഞിരുന്നു. കല്ല്യാണം കഴിച്ചോ എന്നു ചോദിച്ചപ്പോള്‍ എന്നെപ്പോലെതന്നെ അവനും വ്യക്തമായ ഒരുത്തരം തന്നിരുന്നില്ല എന്നുമാത്രം.

കടല്‍ക്കരയില്‍ നിന്നും ആളുകള്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. സന്ധ്യ അതിന്‍റെ മുഴുവന്‍ വിഷാദവും മേഘങ്ങളില്‍ വരച്ചുവച്ച് അവനേയും കാത്തിരിക്കുകയാണ്. ഇനിയും ശ്രമിച്ചു നോക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്നു തോന്നുന്നില്ല. ഷെരീഫ് ഞാന്‍ തിരിച്ചുപോവുകയാണ് എന്‍റെ പാതാളത്തിലേക്ക്..

എന്ത്.. എന്‍റെ  ഫോണ്‍ ബെല്ലടിക്കുന്നുവോ? അവനാണോ? ഒരുനിമിഷം ഞാന്‍ കോരിത്തരിച്ചു നിന്നുപോയി.

ഷെരീഫ് നീ എവിടെയാ?

***
അവന്‍റെ കാറില്‍ അവനോട് ചേര്‍ന്നിരിക്കുമ്പോള്‍ വല്ലാത്തൊരു കുളിര്‍മ തോന്നി എനിക്ക്. അവന്‍ നന്നേ തടിച്ചിട്ടുണ്ട്. പിന്നെയും വെളുത്തിട്ടുണ്ട്.

'സുഹൃത്തേ ഈ രാത്രി നഗരം 
നമുക്കുവേണ്ടി ഉറങ്ങാതിരിക്കും
ചില്ലുകൊട്ടാരങ്ങളുടെ വാതിലുകളെല്ലാം
നമുക്കുവേണ്ടി മലര്‍ക്കെ തുറക്കപ്പെടും
മധുചഷകങ്ങള്‍ നിറഞ്ഞു കവിയും
സുബര്‍ക്കത്തിലെ ഹൂറിമാരെല്ലാം
നമുക്കുവേണ്ടി മണ്ണിലേക്കിറങ്ങിവരും..'

എന്നോ മറ്റോ അര്‍ത്ഥമുള്ള നേര്‍ത്ത ഒരു ഉറുദു ഗസല്‍ വണ്ടിയില്‍ അലയടിച്ചുകൊണ്ടിരുന്നു. എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വമോ സ്നേഹമോ അനുഭവിക്കാന്‍ സാധിച്ചു.

എന്നിട്ട് ഷെരീഫ് നീ പറയൂ... കല്ല്യാണം കഴിച്ചില്ല അല്ലേ?- ഞാന്‍ പതിയെ ചോദിച്ചു.

ഇല്ല- അവന്‍ മൌനം മുറിച്ചു.

എന്താ അങ്ങനെ?- ഞാന്‍ പഴയ സ്വാതന്ത്ര്യം വീണ്ടും ഉപയോഗിച്ചു. അവനത് തീരെ  രസിച്ചില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ വണ്ടി ഇത്ര കര്‍ശനമായി ചവിട്ടി നിര്‍ത്തില്ലല്ലോ.

ഇല്ല, ഇനിയൊരിക്കലും അത് സാധ്യമല്ല, എന്‍റെ മുതലാളിയും കല്ല്യാണം കഴിച്ചിട്ടില്ല. ഞാന്‍ അയാളുടെ ഡ്രൈവറാണ്. എല്ലാ അര്‍ത്ഥത്തിലും- അവന്‍ എന്നെ നോക്കിച്ചിരിച്ചു. വളരെ പുരാതനമായ ഒരു ചിരി.

അവന്‍റെ വലിയ മുലകളിലേക്കും സുറുമയെഴുതിയ കണ്ണുകളിലേക്കും ചുവന്ന ചുണ്ടുകളിലേക്കും ഞാന്‍ മാറിമാറി നോക്കി. മമ്മാലിക്ക അറുത്തിട്ട പോത്തിന്‍റെ ചങ്കില്‍ നിന്നും അവസാനമായി കേട്ടിരുന്ന വികൃതമായ ഒരു ശബ്ദം എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തേക്കുവന്നു.










































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ