രാവ്,
തണുപ്പ്..
ഇലകളിൽ കാറ്റു തൊടുന്ന മഴയൊച്ച.
എപ്പോഴോ ശവമടക്കിയ ഭോഗതൃഷ്ണയുടെ ആലസ്യം.
ഒരേ സമയത്ത് രണ്ടു വ്യത്യസ്ത
സ്വപ്നങ്ങളിൽ ഉടക്കി ഞെട്ടിയുണർന്നതായിരുന്നു,
ഞാനും അവളും.
കുട്ടികൾ തലങ്ങും വിലങ്ങും കിടന്ന്
ഉറക്കം കളിക്കുകയായിരുന്നു,അപ്പോൾ.
എന്തായിരുന്നു നീ കണ്ട സ്വപ്നം?
നമ്മൾ പരസ്പരം ചോദിച്ചു.
*
അവൾ കിനാവ്:-- പറയാൻ തുടങ്ങി:
ദൂരെ,
മലഞ്ചെരുവിലെകോടമഞ്ഞിനപ്പുറം
കാട്ടാനക്കൂട്ടങ്ങളെപ്പോലെ
കാർമേഘങ്ങൾ
കുളിക്കാൻ വരുന്ന
ഒരു കാട്ടരുവിയുണ്ട്.
അതിനപ്പുറം
മരങ്ങൾക്കിടയിൽ
ആരോ മറന്നുവെച്ച ഒരു വീട്.
മഞ്ഞുകട്ടകൾ കൊണ്ടു പണിതപോലെ..
ഞാൻ
മക്കളുടെ കൈപിടിച്ച്
കരിയിലകളിൽ നിലാവു കുടഞ്ഞിട്ട
കാട്ടുപാതയിലൂടെ
നടന്നു നടന്നു പോയിരുന്നു, അവിടേക്ക്...
സ്വപനമാണല്ലോ-
വീട്
എന്റെ സ്വന്തമായിരുന്നു.
മാൻപേടകൾ കളിക്കാൻ വരുമായിരുന്നു;
കുട്ടികളോടൊപ്പം...
ചിത്രശലഭങ്ങളുടെ സ്കൂളിലായിരുന്നു
അവർ മഴവിൽ പാലം കടന്ന്
പഠിക്കാൻ പോയിരുന്നത്.
ഇപ്പോൾ കിനാവു മുറിഞ്ഞില്ലായിരുന്നുവെങ്കിൽ
എനിക്കവിടെ മലയാളം
ടീച്ചറായി ജോലി കിട്ടിയേനേ.
സ്വപ്നത്തിലുടനീളം,
നീ-ഏതോ ജയിലിലായിരുന്നു.
ആ വീട്ടിലെപാലുകാച്ചിന്റെ അന്നായിരുന്നു
നിന്നെ കോടതിതൂക്കിക്കൊല്ലാൻ വിധിക്കുന്നത്.
നിൻറെ തൊണ്ടക്കുഴിയിൽ നിന്നും
അറുത്തിട്ട ആട്ടിൻകുട്ടിയുടെ
അവസാനത്തെ ശബ്ദം കേട്ടാണ്
ഞാൻ ഞെട്ടിയുണർന്നത്.
ഉണർന്നിരുന്ന ഞാൻ,
ചെയ്ത തെറ്റുകളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.
രക്ത ബന്ധങ്ങൾ മുറിച്ച്
ഇറങ്ങിവരാൻ തോന്നിയ ദിവസം,
ഉറങ്ങുന്ന മക്കൾ,
പ്രണയം;പ്രളയം...
ഒന്നുമല്ല... ഒന്നുമല്ല..
'നീ'
നീമാത്രമാണ്..
നീയാണ്, ഞാൻ ചെയ്ത തെറ്റ്.
*
ഇനി ഞാൻ കണ്ട സ്വപ്നത്തിലേക്ക് കടക്കാം:
കൂരിരുട്ട്,
വെടിയൊച്ച,
അഭയാർത്ഥി ക്യാമ്പ്.
ശവഘോഷയാത്രകൾ
സ്ഫോടനങ്ങൾ
രക്ത നദിയിലൂ ടെഒഴുകിനീങ്ങുന്ന
കുഞ്ഞുങ്ങളുടെകബന്ധങ്ങൾ..
വീടിനുചുറ്റും
സായുധ പോലീസ്
മുറ്റത്ത്NIA ക്കാരുടെ വണ്ടി
വിലങ്ങുകൾ...
വിലാപങ്ങൾ.
ഈ സ്വപ്നത്തിൽ നീ ഇല്ലായിരുന്നു; മക്കളും..
നീ, എന്നോ പുഴയിലേക്ക്നടന്നുപോയ
ഒരോർമ മാത്രം ചെറുതായൊന്നു മിന്നിയോ എന്നറിയില്ല.
സ്വപ്നം
തുടങ്ങുന്നതിനു മുമ്പേ
കുട്ടികളെ
ആരോ തട്ടിക്കൊണ്ടുപോയിരുന്നു.
*
ഉണർന്നിരുന്നപ്പോൾ ഞാനും
എന്റെ തെറ്റുകളെകുറിച്ച് ചിന്തിക്കുകയായിരുന്നു.
ബുദ്ധിയുറക്കുന്നതിനു മുമ്പേ
എനിക്കു ചാർത്തിത്തന്ന 'പേര്'..
ഒർമവെക്കുന്നതിനു മുമ്പേ
മുറിച്ചുകളഞ്ഞ അഗ്ര ചർമം.
എന്റേതെന്നു പഠിപ്പിച്ചുതന്ന മതം
ആരുടെയോ തീരുമാനം;
തെളിയിക്കാൻ പറ്റാത്ത ജീവിതം
'ഞാൻ'
ഞാൻ മാത്രം..
ഞാൻ മാത്രമാണ്, ഞാൻ ചെയ്ത തെറ്റ്.
*
സ്വപ്ന വ്യാഖ്യാനം കഴിഞ്ഞ്
ഞങ്ങൾ തിരിഞ്ഞുകിടന്ന് ഉറക്കം നടിക്കുമ്പോൾ
വാടക വീട് എന്റെ മുന്നിൽ എഴുന്നേറ്റിരുന്ന്
കോട്ടുവാ വിട്ടുകൊണ്ടു ചോദിച്ചു:
സുഹൃത്തേ,
ഒളി ജീവിതമാണ് അല്ലേ?
അഥവാ വാടക ജീവിതം?
തികച്ചും സാധാരണമായ
ഒരു സ്വപ്നമാണിത്.
ഒരുമാസത്തെവാടകയ്ക്ക് പോലും തികയാത്ത;
കവിത പോലുമാവാത്ത വെറുംസ്വപ്നം.
(2009,MARCH)
Home is a name, a word, it is a strong one; stronger than magician ever spoke, or spirit ever answered to, in the strongest conjuration. ~Charles Dickens