2013 ജൂലൈ 26, വെള്ളിയാഴ്‌ച

നമ്മുടെ ചിഹ്നം ഒരിക്കലും മാറാത്തത്

മറക്കാനാവാത്തതിൽ ഒന്നാമത്തെ അദ്ധ്യായം
ഉമ്മയുടെ ഭ്രാന്തും എന്റെ കലയുമാണ്;
പിന്നെ ഒരു കരിമ്പൂച്ചയും,
അതാണെൻറെ രാഷ്ട്രീയവും.

എന്നെ ഉമ്മയുടെ മാനസികത്തിനു കാവലിരുത്തി 
രണ്ട് പെങ്ങന്മാരും ഏട്ടനുംകൂടി
നാടോടിസഞ്ചികളുമായി നീലേശ്വരത്തേക്ക്
കൊല്ലാകൊല്ലത്തിലുള്ള നോമ്പിന് 
സക്കാത്തു പിരിവിനു പോകുമായിരുന്നു.

ചെക്കനെങ്ങനെ സ്കൂളിൽ പോകുമെന്നോ
തള്ളയ്ക്കാരു കഞ്ഞിവെച്ചു കൊടുക്കുമെന്നോ
പഞ്ചായത്തു കൂടാൻ ബന്ധുക്കളോ
അയൽക്കാരോ വന്നതൊന്നും
സ്മരണകളുടെ സചിത്രകഥയിൽ 
വരച്ചുവെക്കാൻ പറ്റിയിട്ടില്ല..

ഉമ്മയുടെ ഭ്രാന്ത് ഒരിക്കലും നിലയ്ക്കാത്ത;
ഉറക്കമില്ലാത്ത പാട്ടുകളായിരുന്നുവെങ്കിൽ,
ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കുന്ന 
നളപാചകമായിരുന്നു എന്റെ കല...

ഉമ്മപ്പെണ്ണുങ്ങൾ പാടുന്ന 
തോറ്റംപാട്ട് കേട്ടിട്ടുണ്ടോ നിങ്ങള്?
ഉടുമുണ്ടില്ലാതെ കാട്ടിലേക്കോടുന്ന
പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ?
ഉമ്മച്ചിത്തെയ്യം ഉറഞ്ഞാടുന്നത്‌ കണ്ടിട്ടുണ്ടോ?
ഉമ്മാ.. ഉമ്മാ.. എന്ന് പിറകേയോടുന്ന....

എട്ടുവയസ്സുകാരൻ വെച്ച
കഞ്ഞി കുടിച്ചിട്ടുണ്ടോ നിങ്ങള്?
അവന്റെ കറിക്കൂട്ടുകളുടെ സ്വാദറിയുമോ?
ഉണക്കമീൻ കൊണ്ട് എത്രതരം ഡിഷുകൾ
സാധ്യമാകുമെന്ന് ഗവേഷണം നടത്തിയിട്ടുണ്ടോ?
=

ഈ ഓർമ ഒരു കരിമ്പൂച്ചയുടെ 
ദാരുണ മരണത്തിൻറെ കാത്തിരിപ്പാണ്.
അതാണെന്റെ രാഷ്ട്രീയ ലക്ഷ്യവും:

ഉണർന്നിരുന്നു പാട്ടുപാടുകയും 
സ്വപ്നംകണ്ടുറങ്ങുകയും ചെയ്യുന്ന 
രണ്ടു സങ്കടങ്ങൽക്കിടയിലേക്ക് 
സാക്ഷയില്ലാത്ത അടുക്കള വാതിൽ വഴി 
രാത്രി ഒരു പാടു വൈകുമ്പോൾ 
ഇടയ്ക്ക് ദിഗംബരനായ ഒരു കരിമ്പൂച്ച 
കയറിവരുമായിരുന്നു...

ശത്രുവിൻറെ വിയർപ്പുഗന്ധം,
അടങ്ങാത്ത കിതപ്പ്..
ചലനങ്ങളിലെ അതീവ ജാഗ്രത..
എല്ലാം പകൽപോലെ തെളിയുന്നുണ്ട്
തീരാത്ത പകയുടെ തിരശ്ശീലയിൽ.

ആഗമനോദ്ദ്യേശ്യം 
എന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു.
പൊടുന്നനെ ഉമ്മയുടെ പാട്ടുനിലയ്ക്കുമ്പോഴാണ്‌ 
എന്റെ സ്വപ്‌നങ്ങൾ മുറിഞ്ഞ് ഉറക്കം തെളിയുക.

ഞെട്ടിയുണർന്ന്
ഇരുട്ടിൽ മണ്ണെണ്ണ വിളക്ക് കൊളുത്തുമ്പോൾ 
കരിമ്പൂച്ച ഊതിക്കെടുത്തും. 
നിലവിളിക്കുമ്പോൾ കഴുത്തിൽ 
കലിയുടെ തഴമ്പിച്ച കരങ്ങളമരും.
വെറും മൂന്നാം ക്ലാസ്സുകാരന്റെ 
പ്രതിരോധങ്ങളുടെ സകല ഞരമ്പുകളും 
ഉരുകിയൊലിച്ചു ചുടു മൂത്രമായ്‌ 
കണങ്കാലിലൂടെ ഒഴുകിയിറങ്ങും.

അപ്പോൾ ഉമ്മച്ചിത്തെയ്യം ഉറയും
വയൽപ്പാട്ടുകൾ അലർച്ചയായ്മാറും.
വിപ്ലവഗാനം തെറിയുടെ മുദ്രാവാക്യമാകും
തലയിണക്കടിയിൽ നിന്നും അരിവാൾ വലിക്കും 
കട്ടിലിനടിയിലെ ചുറ്റികയെടുക്കും.
കരിമ്പൂച്ച, നക്ഷത്രമെണ്ണി ഇരുട്ടിലേക്കോടി മറയും.

അതുകൊണ്ടായിരിക്കണം
നമ്മുടെ ചിഹ്നം ഒരിക്കലും മാറാത്തത്.


ക്വട്ടേഷൻ

മുമ്പ്, ഞങ്ങൾ മലപ്പട്ടത്തുനിന്ന്
ഏഴെട്ടു കിലോമീറ്റർ നടന്ന്
പെരുവളത്ത് പറമ്പ്
ടി.വി കാണാൻ പോകുമായിരുന്നു.
ഞങ്ങൾ എന്നാൽ
വലിയ ഒരു
ക്വട്ടേഷൻ സംഘമായിരുന്നു.

ചെരിപ്പിടാതെ 
മടത്തുംകുന്നും,ചേടിച്ചേരിയും,
കുണ്ടടമുക്കും-
താണ്ടി നടന്നുപോകുമ്പോൾ 
അഞ്ചെട്ടു വിശപ്പുകൾ-
ബിരിയാണി തിന്നതിനെക്കുറിച്ചും
ടാക്കീസിൽ പോയി
ഇന്ദ്രജാലം കണ്ടതിനെക്കുറിച്ചും
പുളുവടിക്കും.

എനിക്ക് ഉമ്മ സൈക്കിൾ
വാങ്ങിത്തരുമെന്ന് അവനും,
അവനു വിഷുവായാൽ അച്ഛൻഷൂസു
വാങ്ങിക്കൊടുക്കുമെന്നു ഞാനും സമ്മതിക്കും.
കുറേ നേരത്തേക്ക് ഞങ്ങൾഷൂസിട്ടു
സൈക്കിളിൽ സിനിമാ തിയേറ്ററിലേയ്ക്കു
സഞ്ചരിക്കുന്നമുനീറും സന്ദീപുമാകും.

എല്ലാവരും അങ്ങനെ 
ഓരോരോ നുണകളുടെ 
വിമാനത്തിൽ കയറി പെട്ടെന്നു തന്നെ
മൂസാനിക്കാന്റെമുറ്റത്തു ലാന്റ് ചെയ്യും.

അയാൾ പതിവുപോലെതേങ്ങ
കടത്താനോ വിറകു കൊണ്ടിടാനോ പറയും;
എങ്കിലേ സിനിമ കാണാൻ പറ്റൂ.

രാവിലെ തുടങ്ങുന്ന വ്യായാമം
വൈകുന്നേരം വരെ തുടരും.
തേങ്ങകളുടെ ഒരു കുന്ന്
(വിറകു കെട്ടുകളുടെ ഒരു മല) 
ഞങ്ങളെത്തന്നെ അതിശയപ്പെടുത്തും.

അപ്പോൾ വ്യായാമം
ശരീരത്തിന് നല്ലതാണെന്ന് 
ഒരിക്കൽ കൂടി ഓർമപ്പെടുത്തി
മൂസാനിക്ക ചോദിക്കും:
“ഹിന്ദുപ്പിള്ളാരൊന്നും മാപ്പിളാരുടെ പൊരക്ക്ന്ന്
വെള്ളം കുടിക്കൂലാലോ?”
കൂട്ടത്തിൽ ഞാനും പറയും "ഇല്ല" എന്ന്.

അവസാനം ഞങ്ങൾ
ഇറച്ചിക്കറി മണക്കുന്ന 
ഗിൽസിന് വെളിയിൽ നിരന്നു നിൽക്കും.

വി.സി.പി കിരികിരിയെന്ന്
ഓണാകുമ്പോൾഒരു കോരിത്തരിപ്പു വരും,
സത്യമാണോ എന്ന്പരസ്പരം നുള്ളിനോക്കും.
എന്നത്തേയും പോലെ 
നരച്ച സ്ക്രീനിലേക്ക് തലേക്കെട്ട് കെട്ടിയ മമ്മൂട്ടി വരും.

“കുട്ടികളെ തട്ടിക്കൊണ്ടുപോയി
വിലപേശുന്ന ഊച്ചാളി ബ്ലാക്ക്മെയിലറല്ല
ചന്തക്കാട് വിശ്വൻ”എന്നു പറയുമ്പോൾ
ഞങ്ങൾ നിർത്താതെ കയ്യടിക്കും,

എത്ര പറഞ്ഞാലും ചിലർ 
ഒച്ചവെച്ചു പോകും.. 

അപ്പോൾ മൂസാനിക്കന്റോളോടിവന്ന്
“മഗ്രിബ് നിസ്കരിക്കാനായി”
എന്നും പറഞ്ഞ് കാഴ്ച കെടുത്തും. 

ഞങ്ങൾ പിന്നേയും കുറേനേരം 
കാത്തു നിൽക്കും.. 
അവസാനം പ്രതീക്ഷ നശിച്ച് 
അടുവാപ്പുറം വഴി 
ചൂളിയാട് കുന്നു കയറി
എളുപ്പവഴിയിൽവീട്ടിലേയ്ക്കു തിരിച്ചുവരും.

അന്നേരം ആരും നുണ പറയില്ല,
വിശപ്പ് ഒന്നും അംഗീകരിക്കില്ലഎന്ന് മനസ്സിലാക്കും.

ഒടുവിൽവഴിക്കണ്ണുകളുടെയും ചൂരലുകളുടെയും 
വീടെത്താറാവുമ്പോൾ 
ഇരുട്ട് ഞങ്ങളെ വന്നു മൂടിയിട്ടുണ്ടാവും.. 

എങ്കിലും,ഞങ്ങൾ
ഇടവഴികളിൽ വെച്ചു പിരിയുമ്പോൾ 
തേങ്ങകൾ ഇനിയും ബാക്കിയുണ്ട്
നാളേയും പോകണം
എന്ന പ്രതീക്ഷകൾ  പങ്കുവെയ്ക്കും.

പര്യായങ്ങളിൽ അവൾ



എത്ര പര്യായങ്ങളാണ്
വേശ്യ എന്ന വാക്കിന്!

സങ്കടങ്ങളുടെ കരിമരുന്നു നിറച്ച് 
വിങ്ങിവിങ്ങി ഏതു നിമഷവും 
പൊട്ടിപ്പോയേക്കാവുന്നതു കൊണ്ടാവണം 
വെടി,
പടക്കം 
പൊട്ടാസ് 
തുടങ്ങിയ പേരുകൾ 
ഇത്ര നന്നായി ചേരുന്നത്.

എപ്പോഴും സ്വയം വിൽക്കാൻ/വിൽക്കപ്പെടാൻ 
തയ്യാറായി നിൽക്കുന്ന
ജീവനില്ലാത്ത നൊമ്പരങ്ങൾക്ക് 
ചരക്ക്,
പീസ്‌,
മറ്റേത് 
എന്നിവയൊക്കെ 
നല്ല ഉദാഹരണങ്ങൾ തന്നെ.. 

പെഴ, 
പെലയാടിച്ചി, 
കൂത്തിച്ചി,
വെട്ടിച്ചി,
വെപ്പാട്ടി 
അഭിസാരിക, 
മറ്റവൾ..
അങ്ങനെ വിട്ടുപോയതും 
പൂരിപ്പിക്കേണ്ടതുമായ 
ഒരുപാട് പേരുകൾ വേറെയും... 

എപ്പോഴാണ്
ഞാൻ പരാചയപ്പെടുത്തിയ പ്രണയവും 
നീ മൊഴിചൊല്ലിയ ജീവിതവും 
അവൻ അകാലത്തിൽ ഇട്ടേച്ചു പോയ വിശപ്പും.. 
സ്വന്തം പേരുകളിൽ വിളിക്കപ്പെടുക?

വെറും പെണ്ണ് എന്നെങ്കിലും അറിയപ്പെടുക?

<photo id="1" />