കാര്‍ക്കോട്ടക്കരിക്കുന്നിന്‍റെ
നഗ്നമായ അരക്കെട്ടിനെ ചുറ്റിക്കിടക്കുന്ന
ഒരു നടപ്പുവഴിയുണ്ടായിരുന്നു.
കുഞ്ഞായിസ്ത്താൻറെ
പൊന്നരഞ്ഞാണം പോലെ.
സ്കൂളും വിട്ടുവന്നാല്‍ ഉമ്മാമ
എന്‍റെ കയ്യും പിടിച്ച് അങ്ങനെ നടക്കും
കുന്നിന്‍റെ ഉച്ചിയിലെ കരിമ്പനയില്‍
യക്ഷിക്കഥ ഉറങ്ങിക്കിടക്കുന്നുണ്ടാവും
ഉണര്‍ത്തരുത് എന്ന് പറയും.
സമരകഥകള്‍ പലവുരു ആവര്‍ത്തിക്കപ്പെടും
കല്ല്യാട്ടെസ്മാനും കരക്കാട്ടിടം നായനാരും എം. എസ്. പിക്കാരും ശത്രുപക്ഷത്ത് യക്ഷിപ്പനകള്‍പോലെ വളര്‍ന്നു നില്‍ക്കും. കാവുമ്പായിക്കുന്നിലും,പരിസരങ്ങളിലും, വെടിയേറ്റു വീണവര്‍ ഇക്കാക്കമാരാണെന്നു തോന്നും. സങ്കടം വരും.
ഇങ്ക്വിലാബ് സിന്ദാബാദ് സാമ്രാജ്യത്തം തുലയട്ടെ എന്ന്‍ ഉമ്മാമ്മയും ഞാനും മുദ്രാവാക്യങ്ങളാവും....
വഴി അവസാനിക്കുന്ന
മുണ്ടോൻ വയലിൻറെ കരയിൽ
പരൽമീനുകൾ താമസിക്കുന്ന
കൈത്തോടിന്റെ മരപ്പാലം കടന്നാൽ
വല്ല്യുപ്പാപ്പാൻറെ ചായക്കട.
വലിയൊരു പത്തായം പോലുള്ള മരപ്പെട്ടിക്കു മുകളില്‍
ഓലമേഞ്ഞ ഒളിത്തവാളമായിരുന്നു അത്.
ചാണകം മെഴുകിയ മുറ്റം നിറയെ
പൊക്കന്‍ പാപ്പനും, കുഞ്ഞമ്പു മാഷും, അലിയാര്‍ക്കാക്കയും
മുറുക്കാന്‍ തുപ്പലുകൊണ്ട് പൂക്കളം വരയുന്നുണ്ടാവും.
ചുമരു നിറയെ ചുണ്ണാമ്പുവിരലുകള്‍
ആയിരക്കണക്കിന് മുറുക്കലുകളുടെ പറ്റടയാളങ്ങള്‍
രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഓര്‍മകളെ ചവച്ചരച്ചും നീട്ടിത്തുപ്പിയും അവര്‍..
ചെന്നുകയറിയ ഉടനെ
ഉപ്പാപ്പ എനിക്ക് രണ്ടു ഒണ്ടന്‍ ഗ്ലാസ്സുനിറയെ
നീട്ടിയൊഴിച്ചു തണുപ്പിച്ച
പാലുംവെള്ളവും വലിയൊരു ബണ്ണും തരും.
ഒരുഗ്ലാസ്സ് പാലുംവെള്ളം ബണ്ണിനുള്ളതാണ്.
ഉമ്മാമ്മ കടയിലെത്തിയാല്‍ മുറുക്കിത്തുപ്പുകാര്‍
മുറുമുറുത്തുകൊണ്ടു പിരിഞ്ഞുപോകും.
പിന്നെ ചാണകം തെളിയും തൂത്തുവാരലുമാണ്.
ആ സമയത്താണ് ദിനേശനും, സലീമും, പ്രിയേച്ചിയും, പ്രമോദേട്ടനും ഒക്കെ വരിക. പിന്നെ ഞങ്ങള്‍ കൈത്തോട്ടിലെ പരല്‍ മീനുകളെ പിടിച്ചു കരയിലിട്ടു പെടപ്പിച്ചും, കുന്നിന്മുകളിലെ നെല്ലിമരത്തില്‍ വലിഞ്ഞു കയറിയും, മധുരപ്പുളി പെറുക്കിയും, കണ്ണിമാങ്ങകള്‍ എറിഞ്ഞുവീഴ്ത്തിയും അര്‍മാദിച്ചു നടക്കും....
ഊരുചുറ്റി തിരികെ വരുമ്പോള്‍ കൂ എന്ന്‍ ഒച്ചവെക്കണം
ഇല്ലെങ്കില്‍ വല്യുപ്പാപ്പ കലമ്പും.
പിള്ളേരല്ലേ, വേണ്ടാത്തതെന്തെങ്കിലും കണ്ടുപോയാലോ
എന്ന്‍ ഉമ്മാമ്മ കുതറിമാറും.
കുന്നിറങ്ങിയെത്തിയാല്‍ ഉപ്പാപ്പ ചോദിക്കും
പൊനം കൃഷി കയിഞ്ഞ്ക്കാ മക്കളേ
എത്രപറ ചോളം കിട്ടി എന്ന്‍?
ഉമ്മൂമ്മ ഓരോരുത്തര്‍ക്കും ഈരണ്ടുവെച്ച്
പല നിറങ്ങളിലുള്ള നാരങ്ങമിഠായികള്‍ എണ്ണികൊടുക്കും..
കൂയ് കൂയ് എന്ന്‍ ആര്‍പ്പു വിളിച്ച് അവര്‍ പലപല
വഴികളിലേക്കു പിരിഞ്ഞുപോകും.
എനിക്ക് വീണ്ടും രണ്ടു ഗ്ലാസ്സു
പാലുംവെള്ളവും ബണ്ണും തരും.
കീശനിറയെ നാരങ്ങമിഠായിയും..
തിരികെ ഉപ്പാപ്പയും ഉമ്മമ്മയും
മുന്നിലും പിറകിലും ഞാന്‍ നടുവിലുമായി
കുന്നുചുറ്റി വീട്ടിലേക്കു തിരിക്കും...
അപ്പോള്‍ ഉപ്പാപ്പ പറയും..
നമ്മളെ ചെക്കനില്ലേ ഓന്‍ വല്ല്യ ആളാവും.
ഉപ്പയില്ലാത്ത വെഷമോം ഉമ്മാന്റെ സൂക്കേടും ഒന്നും
ഓനെ ആരും അറീക്കണ്ട.. എന്നൊക്കെ..
ഞാന്‍ വെറുതെ ഓലപ്പന്ത് തട്ടുന്നതാണെന്നും
ഒന്നും കേള്‍ക്കുന്നില്ല എന്നും നടിക്കും.
***
ഉപ്പാപ്പാ.... ഉമ്മമ്മാ.. നിങ്ങളുടെ ഖബറിടങ്ങളിലെ
മൈലാഞ്ചിച്ചെടികള്‍ ഒരു പാടു വളര്‍ന്നു.
എന്നേക്കാള്‍ വലുതായി..
പക്ഷേ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ