2013, നവംബർ 26, ചൊവ്വാഴ്ച

പോത്ത്

ചില കാത്തിരിപ്പുകളെ വിശേഷിപ്പിക്കാന്‍ അങ്ങനെയൊരു വാക്ക് ഒരിക്കലും അനുയോജ്യമാകില്ല. നിലവില്‍ ഞാന്‍ മുഹമ്മദ്‌ ഷരീഫിനെ കാത്തിരിക്കുന്നു എന്നതുപോലെയുള്ള ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ അത്രയ്ക്ക് വൈകാരികവും സത്യസന്ധവുമായ മറ്റെന്തെങ്കിലും ഒരു വാക്ക് അത്യാവശ്യമായി തോന്നുന്നതില്‍ അതിശയോക്തി ഉണ്ടാവില്ല.

ഇതെനിക്ക് സുപരിചിതവും എന്‍റെ ഏകാന്തതയ്ക്ക് അത്രമേല്‍ അടുപ്പത്തോടെ കൂട്ടിരുന്നതുമായ കടല്‍ത്തീരമാണ്. ഒറ്റയ്ക്കിരിക്കുവാന്‍ ഒരു കൂട്ട് എന്നനിലയില്‍ ഈ കടലിനെ ഞാന്‍ തിരഞ്ഞെടുക്കുന്നതും അവനിലൂടെയായിരുന്നു. മുമ്പ് രാഷ്ട്രീയ കൊലപാതകങ്ങളോ ബന്ധോ പെരുന്നാളോ മറ്റോ വരുമ്പോള്‍ മാത്രം വീണുകിട്ടിയിരുന്ന അപൂര്‍വ്വം ചില ഹോട്ടല്‍ അവധി ദിവസങ്ങളില്‍ ഞങ്ങളിവിടെ വന്നിരിക്കുമായിരുന്നു. കടല്‍ക്കരയിലിരുന്നു കരഞ്ഞാല്‍ പെട്ടെന്നു വറ്റിപ്പോകുന്ന കണ്ണുനീര്‍ ആരും തിരിച്ചറിയില്ല എന്നു കണ്ടെത്തിയതും അവനായിരുന്നു. 

ഷെരീഫ് നീയെന്താണിങ്ങനെ വൈകുന്നത്.. വല്ലാത്തൊരു പരീക്ഷണമായിപ്പോകുന്നു ഇത്.  കടല്‍ക്കരയിലെ വാടകക്കുതിരകള്‍ ഓടുകയല്ല; വളരെ മെല്ലെയാണ് സഞ്ചരിക്കുന്നത്. കുതിരക്കാരന് അവയുടെ പുറത്തിരിക്കുന്ന കുട്ടികളുടെ സുരക്ഷയില്‍ നല്ല ശ്രദ്ധയുണ്ട്. പക്ഷേ, ഒരിക്കല്‍ കയറിയ കുട്ടി പിന്നീടൊരിക്കലും അതിന് മുതിരുമെന്ന് തോന്നുന്നില്ല. ഇത്ര പതിയെ നടക്കുന്ന കുതിരകളെ അവര്‍ക്ക് ഇഷ്ടമാവണമെന്നില്ല. ആ ചെറിയകുട്ടി എത്രാമത്തെ ഐസ്ക്രീമാണിത്! ഷെരീഫ് ഈ കടലുപോലും കാത്തിരുന്നു മടുത്തു കാണണം. ഒരു താല്‍പര്യവുമില്ലാതെയാണ് തിരയടിക്കുന്നത്. ഇനി നീ എപ്പോഴാണ്..

എനിക്കറിയാം അവന്‍ തീര്‍ച്ചയായും വരും. പക്ഷേ, കാറുമായിട്ടാണ് ഇത്രയും ദൂരം വരുന്നത് എന്നു പറഞ്ഞിരുന്നുവല്ലോ, ഇനി മറ്റെന്തെങ്കിലും.. ഏയ്‌, അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല. പതിനാലു വര്‍ഷങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അത്രവലിയ ഒരു കാലയാളവൊന്നുമല്ല, ചെറിയൊരു ജീവപര്യന്തം. ഒന്നും ഓര്‍മ്മകളില്‍ ഒരുപാട് ചികയേണ്ടി വരുന്നില്ല. എല്ലാം ഈ കടല്‍പോലെ അത്രയടുത്തു തന്നെയുണ്ട്.

ആലിപ്പറമ്പ് ലക്ഷംവീട് കോളനിയില്‍ അക്കൊല്ലം ഒളിച്ചോടിയവര്‍ മൂന്നുപേരായിരുന്നു. അബ്ദുല്‍ സമദ് എന്ന ഞാന്‍, മുഹമ്മദ്‌ ഷെരീഫ്, ഒരു ഇസ്മായില്‍ എന്നിങ്ങനെ. 

ഞങ്ങളുടെ കോളനി വിവരണാതീതമായ ഒരു ആവാസ വ്യവസ്ഥയായിരുന്നു. നിലവില്‍  കോടിക്കണക്കായ ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്ത, വൈദ്യുതി കണ്ടുപിടിച്ചിട്ടില്ലാത്ത മറ്റൊരു ഭൂമിയില്‍ മനുഷ്യവാസം ഉണ്ടെന്നു തെളിയിക്കപ്പെടുകയാണെങ്കില്‍ അവിടെ അങ്ങനെ ചില കോളനികള്‍ കണ്ടെത്തിയേക്കാം.   

കാറ്റിന് സദാ ഉണങ്ങിയ മനുഷ്യ മലത്തിന്‍റെ ഗന്ധമുള്ള  കോളനിയില്‍ മൊത്തം നാല്‍പ്പത്തിയഞ്ച് വീടുകളായിരുന്നു അക്കാലത്ത്. വീടുകളെന്നാല്‍ ഇ.എം.എസ് സര്‍ക്കാരിന്‍റെ കാലത്തോ മറ്റോ സമചതുരാ കൃതിയില്‍ മുറിച്ചുകിട്ടിയ നാലുസെന്‍റുകളില്‍ നിറഞ്ഞു കിടക്കുന്ന കട്ടപ്പുരകളായിരുന്നു. ഓരോ വീടിനേയും അകത്തുവച്ച് നെടുകെ മുറിക്കുന്ന ഒരു മണ്‍ചുമര് കാണും. അതിന്‍റെ രണ്ടു ഭാഗത്തും ഈരണ്ട് മുറികള്‍ വീതമുള്ള ഓരോ മണ്ണറകളാണ്. അതില്‍ അഞ്ചും പത്തും അംഗസംഖ്യയുള്ള ഓരോ കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നുന്നുണ്ടാവും. ചുമരിനപ്പുറം നടക്കുന്ന ജനനമോ മരണമോ പരസ്പരം ഒരു വിഷയമായിരുന്നില്ല അവിടെ. അവരുടെ കുട്ടികളെല്ലാം പെരുച്ചാഴികളെ പോലെ മണ്ണ് തുരന്നും അല്‍പ്പ ഭക്ഷണത്തിന്‍റെ പോഷകക്കുറവ് തെളിയിച്ചും സദാ മൂക്കൊലിപ്പിച്ചും പനിച്ചും ജീവിച്ചു. മുതിര്‍ന്നവരില്‍ ഏറെപ്പേരും സൈക്കിള്‍ ബാലന്‍സ്, പാട്ടുകച്ചേരി, ഒസ്സാന്‍ വേല, കൂടോത്രം, തുടങ്ങിയ സ്ഥിര വരുമാനമില്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. ചിലര്‍ ചുറ്റുവട്ടത്തെ പണക്കാരുടെ കശുവണ്ടിത്തോട്ടങ്ങളിലും, തെങ്ങിന്‍ തോപ്പുകളിലും പണിയെടുത്തും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഏറെപ്പേര്‍ക്കും തന്തമാരില്ല എന്ന പരിഗണന മുതലെടുത്ത്‌ അമ്മമാര്‍ അവരെ ദൂരെയുള്ള യതീംഖാനയില്‍ കൊണ്ടു ചേര്‍ക്കുമായിരുന്നു; ആ കൂട്ടത്തിലാണ് ഞങ്ങള്‍ മൂന്നുപേരും. പെണ്‍കുട്ടികളില്‍ പലരും നഗരത്തിലെ മുതലാളിമാരുടെ വീട്ടിലെ വിഴുപ്പലക്കിയും പാത്രം കഴുകിയും കാലം പോക്കിയിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരും കൈക്കുഞ്ഞുങ്ങളുമായി ഇതേ കോളനിയിലേക്ക് തിരികെ വരികയാണ് പതിവ്.

കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളൊക്കെ വേശ്യകളും ആരോഗ്യമുള്ള ആണുങ്ങള്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമായ ഒരു അധോലോകം ഉള്ളില്‍ ഒളിച്ചു വെക്കുകയും, ഓടിക്കളിക്കുന്ന കുട്ടികളെ മഷിയിട്ടു നോക്കിയാല്‍ കാണാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന കലാപത്തിന്‍റെ നിഴലില്‍ വീടുകള്‍ പരസ്പരം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു അവിടെ.

കോളനിയുടെ ഭൂമിശാസ്ത്രം പക്ഷേ, മറ്റൊന്നായിരുന്നു. ഓരോ വീടിന്‍റെയും രണ്ടുമുറ്റങ്ങളില്‍ മധുരപ്പുളി, ചാമ്പ, ചെറുനാരകം, വഴുതന തുടങ്ങിയ കുറിയ ചെടികള്‍ പൂത്തും കായ്ച്ചും നിന്നിരുന്നു. ആടുകളും മുയലുകളും താറാവുകളും കോഴികളും മറ്റും അലഞ്ഞു നടന്നിരുന്നു. അവിടെയുണ്ടായിരുന്ന പെണ്ണുങ്ങള്‍ കടുത്ത ആത്മസംഘര്‍ഷങ്ങളെ അതിജീവിച്ചിരുന്നത്  അങ്ങനെയായിരിക്കണം. വീടുകള്‍ക്ക് നടുവിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ കടപുഴകിവീണ ആല്‍മരത്തിന്‍റെ ഫോസിലുപോലെ മെലിഞ്ഞതും വീതിയേറിയതുമായ നിരവധി നടപ്പുവഴികളുടെ ശിഖരങ്ങള്‍ കാണാം. ഒത്തനടുക്കാണ് പഞ്ചായത്ത് കിണര്‍. അല്‍പ്പം കൂടി കുഴിച്ചാല്‍
ഭൂമിയുടെ അപ്പുറത്തെത്താം എന്നുതോന്നിക്കുന്ന അതില്‍ വേനല്‍ക്കാലത്ത് വെള്ളം വറ്റിവരളും, പിന്നെ പെണ്ണുങ്ങളുടെ യുദ്ധമാണ്. രാത്രി പുലരുന്നത് വരെ അല്‍പ്പാല്‍പ്പം ഊറിവരുന്ന ഉറവകള്‍ കട്ടുകൊണ്ടുപോകാന്‍ അവര്‍ കാത്തിരിക്കും. ഒരു തുള്ളി  വെള്ളം മണ്ണില്‍ വീണുപോയാല്‍ ആ ഒരു ബിന്ദുവില്‍ നിമിഷങ്ങള്‍കൊണ്ട് ഒരു ബോധിവൃക്ഷം വളര്‍ന്നുവരുന്ന ജലദാരിദ്ര്യം. ആരും കുളിക്കുകയോ ചന്തി കഴുകുകയോ അനാവശ്യമായി ദാഹം എന്നുപറയുകയോ ചെയ്യാത്ത വേനല്‍ കഴിഞ്ഞാല്‍ മഴ വസന്ത കാലവുമായി വരും. സകല പുല്‍ക്കൊടികളും തലയുയര്‍ത്തി നില്‍ക്കും ചെടികള്‍ പൂത്തും കായ്ച്ചും ഞെളിഞ്ഞിരിക്കും..

കോളനിയിലെ സന്ധ്യകള്‍ക്ക് വല്ലാത്തൊരു ക്ഷീണവും വിയര്‍പ്പു ഗന്ധവു മായിരുന്നു. പലപല തൊഴിലിടങ്ങളില്‍ നിന്നും അവര്‍ തിരികെവരുന്ന സമയമാണത്. ചെറിയചെറിയ മല്ലയുദ്ധങ്ങളും വാക്പയറ്റും അരങ്ങേറുന്നത് ആ സമയത്തായിരുന്നു. ചിലപ്പോള്‍ ഒറ്റയ്ക്കും സംഘങ്ങളായും വഴക്കു കൂടുന്നവരെ കാണാം. അതില്‍ വെടിമറിയം, മഞ്ഞക്കുഞ്ഞാത്തു, ഇരുമ്പ് കല്യാണി തുടങ്ങിയവര്‍ രംഗത്തിറങ്ങിയാല്‍ ഇടയ്ക്കിടെ പൊക്കിക്കാണിക്കുന്ന വെളുത്ത ചന്തികള്‍ കാണാന്‍ നിരാശാഭരിതരായ യുവാക്കള്‍ വേലിച്ചെടികളുടെ മറവിലും മതിലരികിലും ഒളിച്ചിരിക്കുക പതിവായിരുന്നു. വഴക്കു തുടങ്ങിയാല്‍ കോളനി നിവാസികളുടെ ഭാഷ ഒരുതരം ഗോത്ര ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നുവെന്നു തോന്നുന്നു.

ഒരു വേനലവധിയിലായിരുന്നു ഞങ്ങളുടെ ഒളിച്ചോട്ടം. ഒളിച്ചോട്ടം എന്നു പറയുന്നതിനേക്കാള്‍ നല്ലത് ജയില് ചാട്ടം എന്നു പറയുന്നതായിരിക്കും. എന്തുകൊണ്ടും ദാറുല്‍ സലാം  യതീംഖാന ഞങ്ങള്‍ക്കൊരു ജയില്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും ഷെരീഫിനെ സംബന്ധിച്ച്. ഇസ്മായിലിനെ നാട്ടിലെത്തിയ മൂന്നാം ദിവസംതന്നെ അറവുകാരന്‍ മമ്മാലിക്ക കയ്യും കാലും പിടിച്ചുകെട്ടി ലാമട്ര ഓട്ടോയില്‍ കയറ്റി തിരിച്ചു കൊണ്ടുവിട്ടു. ഇസ്മായില്‍ അക്രമകാരിയാണ്. ഉസ്താദിനെ തല്ലിയ ചരിത്രംവരെയുണ്ട്, നാട്ടിലെത്തി വീണ്ടും തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ച ഉമ്മയെ ചവിട്ടി ചാണകക്കുഴിയിലിട്ടു എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. ഉരുക്കുപോലുള്ള മംമ്മാലിക്കാക്കും അവന്‍റെ കല്ലേറു കിട്ടിയത്രേ. മുമ്പിതുപോലെ ചാടിപ്പോയപ്പോള്‍ സദര്‍ ഉസ്താദ് അവനെ ജനാലയില്‍ കെട്ടിഞാത്തി തിരണ്ടിവാലുകൊണ്ട് അടിച്ചരംഗം ഇപ്പൊഴും മനസ്സിലുണ്ട്. അന്നായിരുന്നു അവന്‍ ഉസ്താദിന്‍റെ റൂമില്‍ കയറി വസ്ത്രങ്ങള്‍ക്ക് തീകൊടുത്തത്. പിന്നെ ദിവസങ്ങളോളം തുടര്‍ന്ന ശിക്ഷയില്‍ അവന്‍ മരിച്ചുപോകേണ്ടാതായിരുന്നു. എങ്ങനെയോ രക്ഷപെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും  വീണ്ടും തിരിച്ചുകൊണ്ടാക്കിയപ്പോഴാണ് ടാങ്കില്‍ തൂറിവെച്ചതിന് പിടിക്കപ്പെട്ടത്.. അവനെ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ജീവിതത്തില്‍ ഒരിക്കലും ചിരിച്ചു കാണാത്ത ഒരുവന്‍. ഈയിടെ ഏതോ തീവ്രവാദി ക്യാമ്പില്‍വച്ചു പിടിക്കപ്പെട്ട കൂട്ടത്തില്‍ അവന്‍റെ ഫോട്ടോയും ഉണ്ടായിരുന്നു. ആ കണ്ണുകളില്‍ കാലങ്ങളായി ഘനീഭവിച്ചു കിടന്ന പകയുടെ ഒരു തീക്കടല്‍ ജ്വലിച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു.

അറവുകാരന്‍ മമ്മാലിക്ക നട്ടപ്പാതിരയ്ക്കായിരുന്നു എന്‍റെ വീട്ടില്‍ വരിക. അയാള്‍ കടന്നുവരുമ്പോള്‍ പോത്തിറച്ചിയുംസാധുബീഡിയും കൂടിക്കുഴഞ്ഞ ഒരു ഗന്ധം ഇരുട്ടിലേക്ക് പരക്കും, അപ്പോഴാണ്‌ ഞാന്‍ നഫീസപ്പെറ്റുവിന്‍റെ അരികില്‍ നിന്നും മാറിക്കിടന്നിരുന്നത്. ഉമ്മ പോയതില്‍ പിന്നെ അവരാണ് എന്നെ നോക്കിയിരുന്നത്. നഫീസപ്പെറ്റു വെളുത്തിട്ടായിരുന്നു. വലിയ മുലകളായിരുന്നു അവര്‍ക്ക്. ഉമ്മ മരിക്കുമ്പോള്‍, ചെക്കനെ നോക്കണം വീട് നീ എടുത്തോളൂ എന്ന്‍ അവരെ ഏല്‍പ്പിച്ചതായിരുന്നു. ഉമ്മ എന്നെപ്പോലെ കറുത്തിട്ടായിരുന്നു, മഞ്ഞപ്പിത്തം വന്ന്‍ മരിച്ചുപോയതാണ്. മമ്മാലിക്കാനെ എനിക്കു വല്ലാത്ത പേടിയായിരുന്നു. ഒരു ദിവസം അയാളുടെ വലിയൊരു പോത്ത് വള്ളിപ്പുല്ല് തിന്നുതിന്ന് പഞ്ചായത്ത് കിണറില്‍ വീണുപോയിരുന്നു. അയാള്‍ നാട്ടിലില്ലാത്ത സമയത്താണ് സംഭവം. വെള്ളം കുറവായിരുന്നതുകൊണ്ട് പോത്ത് ചത്തുപോയില്ല. അത് കിണറില്‍ കിടന്ന് പിടച്ചു കൊണ്ടിരുന്നു. രാത്രി വൈകുവോളം പാതാളക്കിണറില്‍ നിന്നും പ്രതിധ്വനിക്കുന്ന വിചിത്ര ശബ്ദങ്ങള്‍ കേട്ട് ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാതിരിക്കുമായിരുന്നു. ആകെയുള്ള ജലസ്രോതസ്സും നഷ്ടമായ അവസ്ഥയില്‍ പോത്തിനെ കരയില്‍ കയറ്റാന്‍ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ആ സമയത്താണ് വീരാജ് പേട്ടയില്‍ നിന്നും കന്നുകാലികളുമായി മമ്മാലിക്ക തിരിച്ചെത്തുന്നത്. ഉടന്‍തന്നെ കമ്പയും കോണിയുമൊക്കെയായി രണ്ടുമൂന്നുപേരെയും കൂട്ടി അയാള്‍ കിണറില്‍ ഇറങ്ങി. കിണറിനുള്ളില്‍ പോത്തുമായി നീണ്ട നേരത്തെ മല്‍പ്പിടുത്തത്തിനു ശേഷം അതിനെ കരയിലെത്തിക്കുന്ന ഒരു രംഗമുണ്ട് ഇപ്പൊഴും എന്‍റെ മനസ്സില്‍. കരയ്ക്കു കയറിയ പോത്ത് സമനില തെറ്റിയതുപോലെ കോളനിയില്‍ മൊത്തം പരക്കം പായുകയും പരാക്രമം കാട്ടുകയും ചെയ്തത് ഇപ്പൊഴും മറക്കാനാവുന്നില്ല. അവസാനം അതിസാഹസികമായി പിടിച്ചുകെട്ടിയ പോത്തിനെ മമ്മാലിക്ക അവിടെവെച്ചു തന്നെ അറുക്കുകയും കോളനി വാസികള്‍ക്ക് സൗജന്യമായി ഇറച്ചി വിതരണം ചെയ്യുകയുമായിരുന്നു. അന്ന് നഫീസപ്പെറ്റുവിന് ഒരു തുടയുടെ ചീന്ത് മുറിച്ചുകൊടുത്ത് എന്തോ സ്വകാര്യം പറഞ്ഞിരുന്നു അയാള്‍. അന്ന് വളരെ വൈകിയാണ്‌ മമ്മാലിക്ക കയറി വന്നത്. എനിക്കെന്തോ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ പെട്ടെന്നുതന്നെ മാറിക്കിടന്നു. അയാള്‍ മുറ്റത്തു നിന്നും കയ്യിലെ വാറ്റു ചാരായം ഒറ്റ വലിക്കു കുടിച്ച് കുപ്പി ദൂരെയെറിഞ്ഞു. ഇരിട്ടിലെ ഒച്ചകള്‍ ചില തിരിച്ചറിവുകളായിരുന്നു എനിക്ക് ചെളിപ്പാടത്തിലൂടെ മൂരികള്‍ ഓടുന്നതും മമ്മാലിക്ക ഓരോന്നിനെയായി മലര്‍ത്തിക്കിടത്തി കീഴടക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.  വളരെ വൈകി അയാള്‍ തിരിച്ചുപോകുമ്പോള്‍ നഫീസപ്പെറ്റു ഇസ്മായിലെനെപ്പോലെ സമദിനേയും യത്തീംഖാനയില്‍ തിരിച്ചു കൊണ്ടാക്കണം എന്നു പറയുന്നത് കേട്ടു. അന്ന് പുലര്‍ച്ചെയാണ് ഞാന്‍ നാടുവിട്ടുപോകുന്നത്. പെറ്റുവിന്‍റെ തലയിണക്കടിയില്‍നിന്നും മമ്മാലിക്ക കൊടുത്ത പോത്തിന്‍ചോര പുരണ്ട അമ്പത് രൂപയുമെടുത്ത് പൂഴിക്കടവ് നീന്തിക്കടന്ന് രാവിലെ അഞ്ചുമണിയുടെ ജീവന്‍ ബസ്സിന് നഗരത്തിലേക്ക് പോവുകയായിരുന്നു.

മൂന്നാലുമാസം ബസ്സ്റ്റാന്‍റിലെ ബദരിയ ഹോട്ടലില്‍ പണിയെടുത്തു. എല്ലാ വെള്ളിയാഴ്ച്ചയും സിനിമ കാണാന്‍ പറ്റും എന്നത് വലിയൊരു സമാധാനമായിരുന്നു. അവസാനം ഷെരീഫിനെ കാണാന്‍ ഓര്‍മ്മയായിട്ട് ഉറങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ നാട്ടിലേക്കു തിരിച്ചുപോയി. അന്നേരം നഫീസ പ്പെറ്റുവിന്‍റെ കയ്യില്‍കിടന്ന്‍ ചുവന്ന ഒരു പെണ്‍കുഞ്ഞ് കരയുന്നുണ്ടായിരുന്നു. പോത്തിന്‍റെ മുഖമായിരുന്നു അതിന്.

ഷെരീഫ് അവന്‍റെ ഉമ്മ കദീസാത്തയുടെ  കോന്തലയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു അപ്പോഴും. അവന്‍റെ ഇളയത് രണ്ടു പെണ്മക്കളായിരുന്നു പോലും. അവന്‍റെ ഉമ്മയ്ക്ക് പാരമ്പര്യമായി ചെറിയൊരു മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കൂട്ടത്തില്‍ ഇളയ കുട്ടിക്ക് അഞ്ചാം പനിപിടിച്ച് ബോധമില്ലാതെ കിടക്കുമ്പോള്‍ കദീസാത്ത വാരിയെടുത്ത് ചുമലിലിട്ട്‌ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിവരെ നടന്നുപോയ ഒരു കഥ പെറ്റു പറഞ്ഞുതന്നിരുന്നു.  ആശുപത്രിലെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണത്രേ കുട്ടി മരിച്ച വിവരം അറിയുന്നത്. പിന്നെ ഒന്നും നോക്കാതെ കദീസാത്ത അതേപോലെ കുഞ്ഞിനെയെടുത്ത് തോളിലിട്ട്‌ നട്ടപ്പാതിരയ്ക്ക്, പെരുമഴയില്‍ മൈലുകളോളം നടന്നുവന്ന്‍ സുബഹി ബാങ്ക് കൊടുക്കുന്നതുവരെ മയ്യത്തുമായി പള്ളിക്കാട്ടില്‍ കുത്തിയിരുന്ന് ഒച്ചത്തില്‍ യാസീന്‍ ഓതിയിരുന്നു  പോലും... മറ്റേ പെണ്‍കുട്ടി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല; കദീസാത്താക്കുപോലും. ഷെരീഫിനെ കണ്ടപ്പോള്‍ എനിക്കു വലിയ സന്തോഷമായി. അവനെയും കൂടെ കൊണ്ടുപോയ്ക്കോളൂ എന്ന് കദീസാത്ത പറഞ്ഞപ്പോള്‍ അതിലേറെ സന്തോഷം തോന്നി.

അന്ന് ഞാന്‍ പെറ്റുവിന് നൂറുരൂപ കൊടുത്തിരുന്നു. ഇനി മമ്മാലിക്കയെ അടുപ്പിക്കരുത് ഞാനിങ്ങനെ ഇടയ്ക്ക് എന്തെങ്കിലും കൊണ്ടുതരും എന്നുപറഞ്ഞപ്പോള്‍ അവര്‍ എന്തിനാണ് കണ്ണുനിറച്ചത് എന്ന്‍ മനസ്സിലായിട്ടില്ല. പോത്തിന്‍റെ മുഖമുള്ള കുഞ്ഞ് വലിയ മുലകള്‍ ചപ്പിക്കൊണ്ടിരുന്നു. അന്നുരാത്രിയും മമ്മാലിക്ക വന്നു. കുഞ്ഞ് കിടന്നു നിലവിളിക്കുമ്പോള്‍ പെറ്റു എഴുന്നേറ്റുപോയത്‌ അയാള്‍ക്ക്‌ തീരെ ഇഷ്ടമായില്ല എന്നുതോന്നുന്നു. നാളെത്തന്നെ അതിനെ കൊന്നു കുഴിച്ചുമൂടണം എന്നൊക്കെ പറയുന്നത് കേട്ടു. കൊന്നിരിക്കുമോ ആവോ. ശേഷം രാത്രി വൈകുവോളം പഴയ ഒച്ചയും കുഞ്ഞിന്‍റെ കരച്ചിലുംകേട്ട് ഞാന്‍ കിടന്നു.

അങ്ങനെയുള്ള ചില രാത്രികളായിരിക്കണം ചിലപ്പോള്‍ ഒരിക്കലും ഞെട്ടിയുണരാത്ത എന്‍റെ പുരുഷത്തം അടയാളപ്പെടുത്തുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട  ഒരു നക്ഷത്രവേശ്യാലയം നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത ഒരു ആയുധം തന്നെയാണ് ആവശ്യം എന്ന സത്യം ഞാന്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുമാത്രമാണ് ജീവിതത്തില്‍ എനിക്കിത്ര സത്യസന്ധനാവാന്‍ പറ്റുന്നതും.

അന്നുരാവിലെ ഷരീഫിനെയും കൂട്ടി ഞാന്‍ വീണ്ടും നഗരത്തിലേക്കു മടങ്ങി. ബദരിയ ഹോട്ടലില്‍ തന്നെ അവനെയും പണിക്കു കയററി. ഒന്നുരണ്ടാഴ്ച്ചത്തെ അപരിചിതത്വത്തിനു ശേഷം അവനും നല്ലൊരു നിലം തുടപ്പുകാരനും തൂപ്പുകാരനുമൊക്കെയായി. പാത്രം കഴുകല്‍ എന്‍റെ വകുപ്പായിരുന്നു അത് ഞാന്‍ അവന് വിട്ടുകൊടുത്തില്ല.

അങ്ങനെ എല്ലാ പാത്രങ്ങളും കഴുകിത്തീര്‍ന്ന, എല്ലാ പണികളും തീര്‍ന്ന ഒരു നട്ടപ്പാതിരയ്ക്ക് കുറ്റിബീഡി വലിച്ചിരിക്കുമ്പോള്‍ ഞാനവനോട് ചോദിച്ചു- ഇതിനേക്കാള്‍ നല്ലതായിരുന്നു യത്തീംഖാനയിലെ ജീവിതം എന്നു തോന്നുന്നുണ്ടോ നിനക്ക്?  ഒരിക്കലും ഇല്ല, ഇവിടെയാകുമ്പോള്‍ നാസര്‍ ഉസ്താദിനെ പേടിക്കണ്ടല്ലോ- അവന്‍ ചുവന്നു തടിച്ച പുറം ചൊറിഞ്ഞുകൊണ്ട് തിരിഞ്ഞുകിടന്ന്‍ പെട്ടെന്നുറങ്ങി. എനിക്കുറക്കം വന്നില്ല. യത്തീം ഖാന ജീവിതം അവനെ സംബന്ധിച്ചിടത്തോളം ഒരു നരകം തന്നെയായിരുന്നു. ഹോസ്റ്റലിലെ നിരത്തിയിട്ട ഇരുമ്പുകട്ടിലുകളിലെ ഉറക്കമില്ലാത്ത സങ്കടങ്ങള്‍ക്കിടയിലേക്ക് വളരെ വൈകിയാണ് നാസര്‍ ഉസ്താദ് പൂച്ചയെപ്പോലെ പാദങ്ങളില്‍ ശബ്ദം ഒളിച്ചുവെച്ച്‌ കടന്നുവരിക. കൂട്ടത്തില്‍ ഏറ്റവും തടിച്ചുവെളുത്ത അവനെപ്പോലെ എനിക്കങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഏറ്റവും കറുത്തുമെലിഞ്ഞ കുട്ടി ഞാനായിരുന്നുവല്ലോ. അയാള്‍ മറ്റൊരു മമ്മാലിക്കയായിരുന്നു. ശരീഫിന്‍റെ   ഒരു പ്രതിരോധവും ഉസ്താദിന് വിഷയമായിരുന്നില്ല. അങ്ങനെയുള്ള പിറ്റേ ദിവസങ്ങളില്‍ കാലുകള്‍ വിടര്‍ത്തിവെച്ചുനടന്നിരുന്ന അവനെ മറ്റു കുട്ടികള്‍ കളിയാക്കിയിരുന്നു. കക്കൂസിലിരിക്കാന്‍ പോലും പറ്റാതെ അവന്‍ കരയുന്നത് ഓര്‍ക്കാനേ വയ്യ. പിന്നെയൊരു ദിവസം ഷെരീഫിന്‍റെ കട്ടില്‍ മാറിക്കിടന്ന സമദിന്‍റെ കയ്യില്‍ നിന്നും  അയാള്‍ക്ക് പൊതിരെ തല്ലുകിട്ടിയിരുന്നു.

അന്നുരാത്രിയായിരുന്നു ഞങ്ങള്‍ ഹോട്ടലില്‍ നിന്നും ചാടിപ്പോയത്:
ഷെരീഫ്.. ഷെരീഫ് എഴുന്നേക്ക്- ഞാനവനെ കുലുക്കി വിളിച്ചു. ഇന്ന്‍ നമുക്കിവിടം വിടണം എന്നുമിങ്ങനെ വയ്യ. 'ആര്യന്‍' സിനിമയില്‍ മോഹന്‍ലാല്‍ പോകുന്നത് കണ്ടിട്ടില്ലേ അതുപോലെ നമുക്ക് വിടാം എങ്ങോട്ടെങ്കിലും. അവന്‍ കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നു. ഹോട്ടലിലെ മേശവലിപ്പ്‌ കുത്തിത്തുറന്നപ്പോള്‍ നാനൂറ്റി അറുപത് രൂപ കിട്ടി. അതുമായി ഞങ്ങള്‍ രാത്രി മംഗലാപുരം വണ്ടിക്കു കയറി... ആ യാത്രയില്‍ എപ്പൊഴോ ഞാന്‍ ഉറങ്ങിപ്പോയിരിക്കണം. അങ്ങനെയാണ് അവനെ എന്നെന്നേക്കുമായി എന്നപോലെ നഷ്ടമാകുന്നത്. വണ്ടിയില്‍ നിന്നും എവിടെയിറങ്ങിയെന്നോ എന്തു സംഭവിച്ചുവെന്നോ ഒരു പിടിയുമില്ലായിരുന്നു. മോഷ്ടിച്ച കാശ് അവന്‍റെ കയ്യിലായിരുന്നു എന്നതുമാത്രമായിരുന്നു ഒരു സമാധാനം.

എങ്ങനെയെന്നറിയില്ല വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഒരു ഫോണ്‍കോളില്‍ നിന്നാണ് വീണ്ടും അവനെ തിരിച്ചു കിട്ടുന്നത്. പിന്നെ നമ്മള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. പഴയതൊന്നും ചികഞ്ഞതേയില്ല. അവനേതോ സ്വര്‍ണ്ണക്കട മുതലാളിയുടെ ഡ്രൈവറാണെന്നും സുഖജീവിതമാണെന്നും പറഞ്ഞിരുന്നു. കല്ല്യാണം കഴിച്ചോ എന്നു ചോദിച്ചപ്പോള്‍ എന്നെപ്പോലെതന്നെ അവനും വ്യക്തമായ ഒരുത്തരം തന്നിരുന്നില്ല എന്നുമാത്രം.

കടല്‍ക്കരയില്‍ നിന്നും ആളുകള്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. സന്ധ്യ അതിന്‍റെ മുഴുവന്‍ വിഷാദവും മേഘങ്ങളില്‍ വരച്ചുവച്ച് അവനേയും കാത്തിരിക്കുകയാണ്. ഇനിയും ശ്രമിച്ചു നോക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്നു തോന്നുന്നില്ല. ഷെരീഫ് ഞാന്‍ തിരിച്ചുപോവുകയാണ് എന്‍റെ പാതാളത്തിലേക്ക്..

എന്ത്.. എന്‍റെ  ഫോണ്‍ ബെല്ലടിക്കുന്നുവോ? അവനാണോ? ഒരുനിമിഷം ഞാന്‍ കോരിത്തരിച്ചു നിന്നുപോയി.

ഷെരീഫ് നീ എവിടെയാ?

***
അവന്‍റെ കാറില്‍ അവനോട് ചേര്‍ന്നിരിക്കുമ്പോള്‍ വല്ലാത്തൊരു കുളിര്‍മ തോന്നി എനിക്ക്. അവന്‍ നന്നേ തടിച്ചിട്ടുണ്ട്. പിന്നെയും വെളുത്തിട്ടുണ്ട്.

'സുഹൃത്തേ ഈ രാത്രി നഗരം 
നമുക്കുവേണ്ടി ഉറങ്ങാതിരിക്കും
ചില്ലുകൊട്ടാരങ്ങളുടെ വാതിലുകളെല്ലാം
നമുക്കുവേണ്ടി മലര്‍ക്കെ തുറക്കപ്പെടും
മധുചഷകങ്ങള്‍ നിറഞ്ഞു കവിയും
സുബര്‍ക്കത്തിലെ ഹൂറിമാരെല്ലാം
നമുക്കുവേണ്ടി മണ്ണിലേക്കിറങ്ങിവരും..'

എന്നോ മറ്റോ അര്‍ത്ഥമുള്ള നേര്‍ത്ത ഒരു ഉറുദു ഗസല്‍ വണ്ടിയില്‍ അലയടിച്ചുകൊണ്ടിരുന്നു. എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വമോ സ്നേഹമോ അനുഭവിക്കാന്‍ സാധിച്ചു.

എന്നിട്ട് ഷെരീഫ് നീ പറയൂ... കല്ല്യാണം കഴിച്ചില്ല അല്ലേ?- ഞാന്‍ പതിയെ ചോദിച്ചു.

ഇല്ല- അവന്‍ മൌനം മുറിച്ചു.

എന്താ അങ്ങനെ?- ഞാന്‍ പഴയ സ്വാതന്ത്ര്യം വീണ്ടും ഉപയോഗിച്ചു. അവനത് തീരെ  രസിച്ചില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ വണ്ടി ഇത്ര കര്‍ശനമായി ചവിട്ടി നിര്‍ത്തില്ലല്ലോ.

ഇല്ല, ഇനിയൊരിക്കലും അത് സാധ്യമല്ല, എന്‍റെ മുതലാളിയും കല്ല്യാണം കഴിച്ചിട്ടില്ല. ഞാന്‍ അയാളുടെ ഡ്രൈവറാണ്. എല്ലാ അര്‍ത്ഥത്തിലും- അവന്‍ എന്നെ നോക്കിച്ചിരിച്ചു. വളരെ പുരാതനമായ ഒരു ചിരി.

അവന്‍റെ വലിയ മുലകളിലേക്കും സുറുമയെഴുതിയ കണ്ണുകളിലേക്കും ചുവന്ന ചുണ്ടുകളിലേക്കും ഞാന്‍ മാറിമാറി നോക്കി. മമ്മാലിക്ക അറുത്തിട്ട പോത്തിന്‍റെ ചങ്കില്‍ നിന്നും അവസാനമായി കേട്ടിരുന്ന വികൃതമായ ഒരു ശബ്ദം എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തേക്കുവന്നു.










































2013, നവംബർ 24, ഞായറാഴ്‌ച

g

സൈതലവി നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ ചൂണ്ടുവിരലുകൊണ്ട് വടിച്ചെടുത്ത് കുടഞ്ഞുകളഞ്ഞു. പരസ്പരം പിണഞ്ഞുപോയിരുന്ന ഒരു ചാറ്റല്‍മഴയും ഉച്ചക്കാറ്റും അയാളെ മറികടന്ന് തിരകളിലേക്ക് പാഞ്ഞുപോയി. അസൈനാര്‍ വരുമോ? അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു. തീര്‍ച്ചയായും വരും. ഉത്തരവും അയാള്‍ തന്നെ പറഞ്ഞു.

കടല്‍ക്കരയിലെ  വാടകക്കുതിരകള്‍ ഓടുകയല്ല, വളരെമെല്ലെയാണ് സഞ്ചരിക്കുന്നത്. കുതിരക്കാരന് അവയുടെ പുറത്തിരിക്കുന്ന കുട്ടികളുടെ സുരക്ഷയില്‍ നല്ല ശ്രദ്ധയുണ്ട്. പക്ഷേ, ഒരിക്കല്‍ കയറിയ കുട്ടികള്‍ പിന്നീടൊരിക്കലും കയറുമെന്ന് തോന്നുന്നില്ല.  ഇത്ര പതിയെ നടക്കുന്ന കുതിരകളെ അവര്‍ക്ക് ഇഷ്ടമാവണമെന്നില്ല, തിരകള്‍ക്ക് എന്തൊരു വേഗതയാണ്! ആ ചെറിയ കുട്ടി എത്രാമത്തെ ഐസ്ക്രീമാണിത്? അയാള്‍ വെറുതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.



അസൈനാര്‍ തീര്‍ച്ചയായും വരും. എങ്ങനെയാണ് അവന് വരാതിരിക്കാന്‍ പറ്റുക. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തമ്മില്‍ കാണാം എന്ന് ഉറപ്പുകിട്ടിയ ഒരു ദിവസമാണിന്ന്. തന്നെപ്പോലെതന്നെ അവനും വളരെ ആകാംക്ഷ നിറഞ്ഞ ഒരു ദിവസം തന്നെയാവില്ലേ ഇന്ന്. ഇത്രയും വര്‍ഷങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അത്രവലിയ ഒരു കാലയളവൊന്നുമല്ല. ഓര്‍മ്മകളില്‍ ഒരുപാടൊന്നും ചികയേണ്ടിവരുന്നില്ല ഒന്നും. എല്ലാം ഈ കടല്‍ പോലെ അത്രയ്ക്ക് അടുത്തുതന്നെയുണ്ട്. 

കോയപ്പറമ്പ് ലക്ഷംവീട് കോളനിയില്‍ അക്കൊല്ലം യത്തീംഖാനയില്‍ നിന്നും ഒളിച്ചോടിയവര്‍ അസൈനാര്‍ എന്ന ഞാനടക്കം മൂന്നുപേരായിരുന്നു. മറ്റു രണ്ടുപേര്‍ സൈതലവിയും മുഹമ്മദ്‌ ശാഫിയുമാണ്.

കോളനിയില്‍ മൊത്തം നാല്‍പ്പത്തിയഞ്ചു വീടുകളായിരുന്നു അക്കാലത്ത്. വീടുകള്‍ എന്നാല്‍ ഇ.എം.എസിന്‍റെ കാലത്തോ മറ്റോ  സമചതുരാകൃതിയില്‍ മുറിച്ചുകിട്ടിയ നാലുസെന്‍റുകളില്‍ നിറഞ്ഞു കിടക്കുന്ന കട്ടപ്പുരകളായിരുന്നു. ഓരോ വീടിനെയും നെടുകെ മുറിക്കുന്ന ഒരു വലിയ ചുമരു കാണും. അതിന്‍റെ രണ്ടു ഭാഗത്തും ഏതു സമയത്തും സംഭവിച്ചേക്കാവുന്ന  ഒരു ആഭ്യന്തരയുദ്ധത്തിന്‍റെ സാദ്ധ്യതകള്‍ ഇടയ്ക്കിടെ തെളിയിച്ചുകൊണ്ട് രണ്ടു ശത്രുരാജ്യങ്ങള്‍ പോലെ ഓരോ കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നുണ്ടാവും. തൊട്ടപ്പുറം നടക്കുന്ന ജനനമോ മരണമോ ഒരു വിഷയമേ ആയിരുന്നില്ല, ആര്‍ക്കും.  മുമ്പെന്നോ കുമ്മായം തേച്ചു വെളുപ്പിച്ചിരുന്ന ചുമരുകളിള്‍ കരിയും പുകയും മുറുക്കാന്‍ തുപ്പലുകളും പതിഞ്ഞ് പ്രാചീനമായ ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കും. ഓരോ വീടിന്‍റെയും രണ്ടു ചെറിയ മുറ്റങ്ങളില്‍ അരികുപറ്റി ചെറുനാരകം, മധുരപ്പുളി, ചാമ്പ തുടങ്ങിയ അധികം ഉയരമില്ലാത്ത ചെടികള്‍ പൂത്തും കായ്ച്ചും ഞെളിഞ്ഞു നില്‍ക്കുന്നത് കാണാം. പച്ചമുളക്, കാ‍ന്താരി, വഴുതന എന്നിവയൊക്കെ വിവിധ നിറങ്ങളില്‍ കായ്ച്ചു നില്‍ക്കുന്നത് അത്ര കൃത്യമായി ഇപ്പൊഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. വീടുകള്‍ക്ക് നടുവിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലൂടെ ആല്‍മരങ്ങളുടെ ഫോസിലുകള്‍ പോലെ ഒരു പാട് ശിഖരങ്ങള്‍ പടര്‍ന്നു കിടക്കുന്ന നടപ്പുവഴികള്‍ കാണാം. കാലങ്ങളായി നടന്നു തേഞ്ഞ വഴികള്‍ ഏതിരുട്ടിലും തെളിഞ്ഞു കിടക്കും. മദിച്ചു തളര്‍ന്ന വൈകുന്നേ രങ്ങളിലേക്ക് രാത്രി കറുത്ത് തുടങ്ങുമ്പോള്‍ അരണ്ട ചിമ്മിനി വിളക്കുകള്‍ തെളിയാന്‍ തുടങ്ങും. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ചെറിയ ചെറിയ കുപ്പികളുമായി ചുറ്റുവട്ടത്തെ പണക്കാരുടെ വീടുകളിലേക്ക് മണ്ണെണ്ണ കടം വാങ്ങാന്‍ നടക്കും. ഒരിക്കലും കിട്ടില്ല എന്നറിയാമായിരുന്നിട്ടും എന്തിനാണ് ഉമ്മ എന്നെയിങ്ങനെ നിത്യവും പറഞ്ഞയക്കുന്നത് എന്നതിന്‍റെ ഉത്തരം കാലിക്കുപ്പിയുമായി തിരികെ വരുമ്പോള്‍ അടുക്കളവഴി ഇറങ്ങിപ്പോകുന്ന അറവുകാരന്‍ മമ്മാലിക്ക തരാറുണ്ടായിരുന്നു. സന്ധ്യാസമയത്താണ് കോളനിയില്‍ അതിര്‍ത്തി യുദ്ധങ്ങള്‍ ആരംഭിക്കുക. വെടിമറിയം, മഞ്ഞക്കുഞ്ഞാത്തു, ഇരുമ്പ് കല്യാണി തുടങ്ങിയ പോരാളികള്‍ രംഗത്തിറങ്ങിയാല്‍ അവിടെ മാലപ്പടക്കത്തിനു തീകൊടുത്ത പ്രതീതിയായിരിക്കും. ആ സമയത്ത് കോളനിയിലെ യുവാക്കള്‍ ഒളിഞ്ഞിരുന്നു വീക്ഷിക്കാന്‍ കാരണം ക്ലൈമാക്സില്‍ പരസ്പരം മുണ്ട്പൊക്കി വെളുത്ത കുണ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാനായിരിക്കണം.

യതീംഖാനയില്‍ നിന്നും ഒളിച്ചോടിയവരില്‍ മുഹമ്മദ്‌ ഷാഫിയെ മൂന്നുദിവസം കഴിഞ്ഞ് കാലും കയ്യും കെട്ടിയിട്ട് ഓട്ടോറിക്ഷയില്‍ ഇട്ട് തിരിച്ചു കൊണ്ടുപോയിരുന്നു. മമ്മാലിക്കയാണ് അതിന് മുന്‍കൈയെടുത്തിരുന്നത്. മമ്മാലിക്ക  ഷാഫിയുടെ മൂത്താപ്പയാണ്. കോളനിയിലെ പഞ്ചായത്ത് കിണറില്‍ പോത്ത് വീണപ്പോള്‍ അയാളാണ് ഇറങ്ങിയെടുത്തിരുന്നത്. സൈക്കിള്‍ ബാലന്‍സുകാരന്‍ ബാബുക്കാക്കും കിണറു കുഴിക്കുന്ന പപ്പേട്ടനും ഒക്കെ ഭയങ്കര പേടിയായിരുന്നു, കിണറിലിങ്ങാന്‍. മൂന്നോ നാലോ ദിവസം പോത്ത് കിണറില്‍ കിടന്ന് മുക്രയിട്ടു. രാത്രി ഉമ്മയുടെ പള്ളയ്ക്കു പറ്റിക്കിടക്കുമ്പോള്‍ കേള്‍ക്കാമായിരുന്നു പോത്തിന്‍റെ പുകില്. കുട്ടികളാരും കിണറിന് അടുത്തുപോകില്ല. അറ്റ വേനല്‍ക്കാലമായിരുന്നു. ആകെയുള്ള വെള്ളത്തിന്‍റെ സ്രോതസും നിലച്ചുപോയ അവസ്ഥ. അപ്പൊഴാണ് വീരാജ് പേട്ടയില്‍ കന്നുകാലികളെ കൊണ്ടുവരാന്‍ പോയ മമ്മാലിക്ക എത്തുന്നത്. ഒരു വൈകുന്നേരം. അങ്ങനെ ബാബുക്കയും പപ്പേട്ടനുമടക്കം അഞ്ചാറുപേരെ വിളിച്ചുകൂട്ടി  കമ്പയും കോണിയുമൊക്കെ കൊണ്ടുവന്ന് പോത്തിനെ കരയ്ക്കെടുത്ത ഒരു സീന്‍ ഉണ്ട്, മനസ്സില്‍ ഇപ്പോഴും. അന്ന് രാത്രിയും മമ്മാലിക്ക വീട്ടില്‍ വന്നിരുന്നു.  ഉമ്മ എന്നോട് മാറിക്കിടക്കാന്‍ പറഞ്ഞപ്പോഴാണ് സാധുബീടി മണക്കുന്ന ഇരുട്ടിലേക്ക് ഞാന്‍ ഉണര്‍ന്നത്. എല്ലാം കഴിഞ്ഞ് പോകാന്‍ നേരത്ത് ചെക്കനെ നാളെതന്നെ പിടിച്ചുകെട്ടി യതീംഖാനയില്‍ കൊണ്ടാക്കണം എന്ന്‍ അയാളോട് ഉമ്മ പറയുന്നത് കേട്ടു. അന്നുരാത്രിയായിരുന്നു ഉമ്മയുടെ തലയിണക്കടിയില്‍ നിന്നും പോത്തിറച്ചി മണക്കുന്ന മുപ്പതുരൂപയും എടുത്ത് ഞാന്‍  പോകുന്നത്. പൂഴിക്കടവുവരെ നടന്നുപോയി  രാവിലെ അഞ്ചുമണിയുടെ ഹരിദാസ് ബസ്സിനുകയറി കണ്ണൂരേക്ക്‌ നാടുവിടുകയായിരുന്നു.




ഒന്നുരണ്ടു മാസം ബസ്സ്റ്റാന്റിലെ ഹില്‍ട്ടന്‍ ഹോട്ടലിലായിരുന്നു പണി. അങ്ങനെ ഒരു ദിവസം ഉമ്മയെക്കാളും സൈതലവിയെ  കാണാനുള്ള കലശലായ പൂതി മൂത്തപ്പോള്‍ നാട്ടിലേക്കു തിരിച്ചുപോയി. അന്ന് ഉമ്മയ്ക്ക് നൂറുരൂപ കൊടുത്തിരുന്നു. ഇനി മമ്മാലിക്കയെ അടുപ്പിക്കരുത്  ഇങ്ങനെ ഞാന്‍ ഇടയ്ക്കിടെ പൈസ കൊണ്ടുതരും എന്നു പറഞ്ഞപ്പോള്‍ ഉമ്മ കണ്ണുനിറച്ച് എന്നെ ചേര്‍ത്തു പിടിച്ചതും , ഇനി അവിടെത്തന്നെ പോയി നിന്നോളൂ എന്ന്  സമ്മതം തന്നതും ഓര്‍മ്മയിലുണ്ട്. തിരിച്ചുപോകുമ്പോള്‍ സൈതലവിയേയും കൂടെ കൊണ്ടുപോകാന്‍ പറഞ്ഞു അവന്‍റെ  ഉമ്മ. അത്ര സന്തോഷിച്ച മറ്റൊരു ദിവസം ഏതാണെന്നറിയില്ല. അന്ന്‍ ആദ്യമായിട്ടായിരുന്നു അവന്‍ കണ്ണൂര് കാണുന്നത്. ഞാന്‍  അവനെ  ടാക്കീസില്‍ കയറ്റി സിനിമ കാണിച്ചു കൊടുത്തു; ഇരുപതാം നൂറ്റാണ്ട്. അന്നാണ് രണ്ടുപേരും കൂടി റെയില്‍വേ സ്റ്റേഷനടുത്തെ കോര്‍ണിഷ് ഹോട്ടലില്‍ പണിക്കു കയറുന്നത്. അന്നുരാത്രി ഹോട്ടലിനുള്ളില്‍ കിടന്നുറങ്ങുമ്പോള്‍  ഉമ്മോ വെടി വെക്കാന്‍ വരുന്നേ, എന്നൊക്കെ നിലവിളിച്ചിരുന്നു അവന്‍.

ഹോട്ടലിലെ പണികളൊക്കെ വളരെ പെട്ടെന്നു തന്നെ സൈതലവി പഠിച്ചു കഴിഞ്ഞിരുന്നു. എല്ലാ പാത്രങ്ങളും കഴുകിത്തീര്‍ന്ന ഒരു പാതിരയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോള്‍ മേലാസകലം ചൊറിഞ്ഞു തടിച്ച അവനോട്‌ ഞാന്‍ യതീംഖാനയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നുവെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍? എന്നു ചോദിച്ചിരുന്നു. ഇല്ല, ഇവിടെയാണ്‌ നല്ലത്, നാസര്‍ ഉസ്താദിനെ പേടിക്കേണ്ടല്ലോ എന്നുപറഞ്ഞ് അവന്‍ ചുരുണ്ടുകിടന്നുറങ്ങി. ശരിയാണ്, അതൊരു പേടിസ്വപ്നം തന്നെയായിയിരിക്കും അവന്. ഹോസ്റ്റലിലെ നിരത്തിയിട്ട കട്ടിലുകളില്‍ ഉറക്കം വേരുപിടിക്കുമ്പോഴാണ് ഉസ്താദ് മെല്ലെ കയറിവരിക. അവിടെയുള്ള ഏറ്റവും കറുത്തുമെലിഞ്ഞ കുട്ടി ഞാനയിരുന്നത്കൊണ്ട് ഒരിക്കലും എനിക്കങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. പക്ഷേ, തടിച്ചു വെളുത്ത അവന്‍ മാത്രമായിരുന്നു പലപ്പോഴും ഇരയാവുക. വെളിച്ചം കെടുത്തിയാലും വെന്‍റിലേറ്റര്‍ വഴി അരിച്ചിറങ്ങുന്ന അരണ്ട വെട്ടത്തില്‍ എനിക്ക് എല്ലാം കാണാമായിരുന്നു. അവന്‍റെ പ്രതിരോധങ്ങളൊക്കെ ശ്വാസംമുട്ടി മരിച്ചുപോവുകയാണ് പതിവ്. പിറ്റേ ദിവസം കക്കൂസിലിരിക്കാന്‍ പോലും പറ്റാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവന്‍ ക്ലാസിലിരിക്കുന്നത് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാഴ്ചയായിരുന്നു. വെള്ളിയാഴ്ച്ചകളില്‍ അവന്‍  അലക്കാന്‍ കൊണ്ടുവരുന്ന വെളുത്ത ഒറ്റമുണ്ടില്‍ കൊഴുത്ത ശുക്ലവും ചോരയും കട്ടപിടിച്ചു കിടന്നിരുന്നു.

ഞാന്‍ ഒന്നുകൂടി അവനെ ട്രൈ ചെയ്തു നോക്കി, ബെല്ലടിക്കുന്നുണ്ട്. പക്ഷേ, പ്രതികരണമൊന്നും കാണുന്നില്ല. ഇനിയിപ്പോള്‍ ട്രെയിനോ മറ്റോ വൈകിക്കാണുമോ? കാത്തിരിക്കുക തന്നെ എന്തായാലും വരും. ഞാനൊരു പ്രതീക്ഷയുടെ കരിങ്കല്‍ കഷണത്തില്‍ സിഗെരെറ്റ് വലിച്ചും മടുത്തുപോയ കടലിലേക്ക്‌ നോക്കിയും തനിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ പോലും നമ്മള്‍ ഉമ്മമാരെക്കുറിച്ച് സംസാരിച്ചിട്ടേയില്ല എന്നു തോന്നുന്നു. ഏതു നിമിഷവും ഉമ്മയുടെ കോന്തലയില്‍ തൂങ്ങി നടന്നിരുന്ന മൂന്നുമക്കളില്‍ മൂത്തവനായിരുന്നവല്ലോ അവന്‍. ഇളയത് രണ്ടു പെണ്‍കുട്ടികളായിരുന്നു. കൈച്ചുമ്മ  എന്നായിരുന്നു അവന്‍റെ ഉമ്മയുടെ പേര്. പാരമ്പര്യമായി ചെറിയൊരു മാനസികാസ്വാസ്ഥ്യം അവര്‍ക്കും കിട്ടിയിരുന്നു. കൂട്ടത്തിലെ ഏറ്റവും ഇളയ കുട്ടിക്ക് അഞ്ചാംപനിവന്ന്‍ ബോധമില്ലാതെ തോളിലിട്ട്‌ ദൂരെയുള്ള  സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൈച്ചുമ്മ നടന്നുപോയ ഒരു കഥ എന്‍റെ ഉമ്മ പറഞ്ഞുതന്നിരുന്നു. അവിടെയെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചുപോയ വിവരം അവരറിഞ്ഞതത്രെ. അപ്പോള്‍ തന്നെ കുട്ടിയെ അതേപോലെ ചുമലില്‍ കിടത്തി നട്ടപ്പാതിരയ്ക്ക്  നാട്ടിലെ ഹൈദ്രോസ്  പള്ളിവരെ തിരിച്ചു നടന്നുവത്രേ കൈച്ചുമ്മ. അവന്‍റെ മറ്റേ പെങ്ങളൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? സറീന എന്നാണ് പേര്. നല്ല വെളുത്ത പെണ്‍കുട്ടി.   






















2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

കാര്‍ക്കോട്ടക്കരിക്കുന്നിന്‍റെ
നഗ്നമായ അരക്കെട്ടിനെ ചുറ്റിക്കിടക്കുന്ന
ഒരു നടപ്പുവഴിയുണ്ടായിരുന്നു.
കുഞ്ഞായിസ്ത്താൻറെ
പൊന്നരഞ്ഞാണം പോലെ.

സ്കൂളും വിട്ടുവന്നാല്‍ ഉമ്മാമ 
എന്‍റെ കയ്യും പിടിച്ച് അങ്ങനെ നടക്കും 
കുന്നിന്‍റെ ഉച്ചിയിലെ കരിമ്പനയില്‍ 
യക്ഷിക്കഥ ഉറങ്ങിക്കിടക്കുന്നുണ്ടാവും 
ഉണര്‍ത്തരുത് എന്ന് പറയും.

സമരകഥകള്‍ പലവുരു ആവര്‍ത്തിക്കപ്പെടും 
കല്ല്യാട്ടെസ്മാനും കരക്കാട്ടിടം നായനാരും എം. എസ്. പിക്കാരും ശത്രുപക്ഷത്ത് യക്ഷിപ്പനകള്‍പോലെ വളര്‍ന്നു നില്‍ക്കും. കാവുമ്പായിക്കുന്നിലും,പരിസരങ്ങളിലും, വെടിയേറ്റു വീണവര്‍ ഇക്കാക്കമാരാണെന്നു തോന്നും. സങ്കടം വരും.
ഇങ്ക്വിലാബ് സിന്ദാബാദ് സാമ്രാജ്യത്തം തുലയട്ടെ എന്ന്‍ ഉമ്മാമ്മയും ഞാനും മുദ്രാവാക്യങ്ങളാവും....


വഴി അവസാനിക്കുന്ന
മുണ്ടോൻ വയലിൻറെ കരയിൽ 
പരൽമീനുകൾ താമസിക്കുന്ന 
കൈത്തോടിന്റെ മരപ്പാലം കടന്നാൽ 
വല്ല്യുപ്പാപ്പാൻറെ ചായക്കട.
വലിയൊരു പത്തായം പോലുള്ള മരപ്പെട്ടിക്കു മുകളില്‍ 
ഓലമേഞ്ഞ ഒളിത്തവാളമായിരുന്നു അത്.
ചാണകം മെഴുകിയ മുറ്റം നിറയെ
പൊക്കന്‍ പാപ്പനും, കുഞ്ഞമ്പു മാഷും, അലിയാര്‍ക്കാക്കയും   
മുറുക്കാന്‍ തുപ്പലുകൊണ്ട് പൂക്കളം വരയുന്നുണ്ടാവും.
ചുമരു നിറയെ ചുണ്ണാമ്പുവിരലുകള്‍ 
ആയിരക്കണക്കിന് മുറുക്കലുകളുടെ പറ്റടയാളങ്ങള്‍ 
രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഓര്‍മകളെ ചവച്ചരച്ചും നീട്ടിത്തുപ്പിയും അവര്‍..

ചെന്നുകയറിയ ഉടനെ 
ഉപ്പാപ്പ എനിക്ക് രണ്ടു ഒണ്ടന്‍ ഗ്ലാസ്സുനിറയെ 
നീട്ടിയൊഴിച്ചു തണുപ്പിച്ച 
പാലുംവെള്ളവും വലിയൊരു ബണ്ണും തരും.
ഒരുഗ്ലാസ്സ് പാലുംവെള്ളം ബണ്ണിനുള്ളതാണ്. 

ഉമ്മാമ്മ കടയിലെത്തിയാല്‍ മുറുക്കിത്തുപ്പുകാര്‍ 
മുറുമുറുത്തുകൊണ്ടു പിരിഞ്ഞുപോകും.
പിന്നെ ചാണകം തെളിയും തൂത്തുവാരലുമാണ്.

ആ സമയത്താണ് ദിനേശനും, സലീമും, പ്രിയേച്ചിയും, പ്രമോദേട്ടനും ഒക്കെ വരിക. പിന്നെ ഞങ്ങള്‍ കൈത്തോട്ടിലെ പരല്‍ മീനുകളെ പിടിച്ചു കരയിലിട്ടു പെടപ്പിച്ചും, കുന്നിന്മുകളിലെ നെല്ലിമരത്തില്‍ വലിഞ്ഞു കയറിയും, മധുരപ്പുളി പെറുക്കിയും, കണ്ണിമാങ്ങകള്‍ എറിഞ്ഞുവീഴ്ത്തിയും അര്‍മാദിച്ചു നടക്കും....

ഊരുചുറ്റി തിരികെ വരുമ്പോള്‍ കൂ എന്ന്‍ ഒച്ചവെക്കണം
ഇല്ലെങ്കില്‍ വല്യുപ്പാപ്പ കലമ്പും.
പിള്ളേരല്ലേ, വേണ്ടാത്തതെന്തെങ്കിലും കണ്ടുപോയാലോ
എന്ന്‍ ഉമ്മാമ്മ കുതറിമാറും.

കുന്നിറങ്ങിയെത്തിയാല്‍ ഉപ്പാപ്പ ചോദിക്കും 
പൊനം കൃഷി കയിഞ്ഞ്ക്കാ മക്കളേ
എത്രപറ ചോളം കിട്ടി എന്ന്‍?

ഉമ്മൂമ്മ ഓരോരുത്തര്‍ക്കും ഈരണ്ടുവെച്ച് 
പല നിറങ്ങളിലുള്ള നാരങ്ങമിഠായികള്‍ എണ്ണികൊടുക്കും..
കൂയ് കൂയ് എന്ന്‍ ആര്‍പ്പു വിളിച്ച് അവര്‍ പലപല 
വഴികളിലേക്കു പിരിഞ്ഞുപോകും.

എനിക്ക് വീണ്ടും രണ്ടു ഗ്ലാസ്സു
പാലുംവെള്ളവും ബണ്ണും തരും.
കീശനിറയെ നാരങ്ങമിഠായിയും..

തിരികെ ഉപ്പാപ്പയും ഉമ്മമ്മയും 
മുന്നിലും പിറകിലും ഞാന്‍ നടുവിലുമായി 
കുന്നുചുറ്റി വീട്ടിലേക്കു തിരിക്കും...

അപ്പോള്‍ ഉപ്പാപ്പ പറയും..
നമ്മളെ  ചെക്കനില്ലേ ഓന്‍ വല്ല്യ ആളാവും.
ഉപ്പയില്ലാത്ത വെഷമോം ഉമ്മാന്റെ സൂക്കേടും ഒന്നും 
ഓനെ ആരും അറീക്കണ്ട.. എന്നൊക്കെ..
ഞാന്‍ വെറുതെ ഓലപ്പന്ത്‌ തട്ടുന്നതാണെന്നും
ഒന്നും  കേള്‍ക്കുന്നില്ല  എന്നും നടിക്കും.

***

ഉപ്പാപ്പാ.... ഉമ്മമ്മാ.. നിങ്ങളുടെ ഖബറിടങ്ങളിലെ
മൈലാഞ്ചിച്ചെടികള്‍  ഒരു പാടു വളര്‍ന്നു. 
എന്നേക്കാള്‍ വലുതായി..

പക്ഷേ....

2013, ജൂലൈ 31, ബുധനാഴ്‌ച


പശുമരം 

കുഞ്ഞമ്മാമാ കുഞ്ഞമ്മാമാ..
നമ്മക്ക്... ഒരു പശുവമ്പ ഉണ്ടായിനേ...
ആ പശുവമ്പക്ക്...ഒരു കുഞ്ഞമ്പ ഉണ്ടായിനേ..
ചോന്ന കുഞ്ഞമ്പ, നല്ല കുഞ്ഞമ്പ..
ആ, കുഞ്ഞമ്പക്ക് ഞാനാന്നേ.. പുല്ലു പറിച്ചു കൊടുക്ക്വാ..
ഞാനാനാന്നേ... കാടിയുമ്പം കൊടുക്ക്വാ 

കുഞ്ഞമ്മാമാ കുഞ്ഞമ്മാമാ..
ആ കുഞ്ഞമ്പയില്ലേ.. ൻറെ കൂടെ...
പാടത്തും, പറമ്പത്തും,കാട്ടിലും,ഒക്കെ വര്വേ..
ആ കുഞ്ഞമ്പക്ക്.. ഞാൻ മുത്തം കൊടുക്കലുണ്ടേ..
ആ കുഞ്ഞമ്പ... ഇക്കും.. മുത്തം തരാറുണ്ടേ..

കുഞ്ഞമ്മാമാ, കുഞ്ഞമ്മാമാ.. 
ഒരീസില്ലേ.. കുഞ്ഞമ്മാമാ..
ഞാനേ... ഉസ്കൂളി പോയതേന്വേ..
വെരുമ്പക്കില്ലേ.... കുഞ്ഞമ്മാമാ...

ഞാനതു പറയൂലാ...

ഏ കുഞ്ഞമ്മാമാ.. 
പിന്നെയുണ്ടല്ലോ കുഞ്ഞമ്മാമാ..
അമ്മ പറയലാന്നേ...
അപ്പാപ്പനും വല്ല്യേട്ടനും ഒക്കെ കൂടി 
കുഞ്ഞമ്പേനെ കണ്ടത്തില്  കുഴികുഴിച്ച്  നട്ടതാന്ന്...

കുഞ്ഞമ്മാമാ,കുഞ്ഞമ്മാമാ..
എത്ര ദീസായീന്നോ... രാവിലേം  ഉച്ചക്കും  വൈന്നേരോം 
കുഞ്ഞാവ, കണ്ടത്തിൽ പോയി നോക്കുന്നൂന്നോ... 

കുഞ്ഞമ്പ, മരമായി മൊളച്ചു വര്വോ കുഞ്ഞമ്മാമ?

കുഞ്ഞമ്മാമാ, കുഞ്ഞമാമാ.. 
ഈ നാട്ടിലുള്ള എല്ലാ വെഷത്തവളേനെയും-
കൊല്ലണം,അല്ലേ കുഞ്ഞമ്മാമാ?







2013, ജൂലൈ 28, ഞായറാഴ്‌ച

കാലിഡോസ്കോപ്

"ഇന്നത്തെ കാലിഡോസ്കോപ്പിൽ രമേശൻ എന്ന മുപ്പത്തൊന്നുകാരനെയാണ്പരിചയപ്പെടുത്തുന്നത്"

ചാനൽ അവതാരക പ്രത്യക്ഷപ്പെടുന്നു

(യുവാവിനെ രണ്ടുമൂന്നുപേർ ചേർന്ന് നിർബന്ധിച്ചു പുറത്തേക്കു കൊണ്ടുവരുന്നു,ചാരുകസേരയിൽ ഇരുത്തുന്നു.വേണ്ട, താത്പര്യമില്ല എന്ന് അയാൾ കുതറിയോടുന്നു)

ഇനിയൊരു ഇടവേളയാണ്.

('നാളെയെനിക്ക് സ്പൈസി ഓട്സ് ഉണ്ടാക്കിത്തരുമോ?' എന്ന്  ഒരാൾ ഭാര്യയെ ഉറക്കത്തിൽ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന പരസ്യമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് ഞങ്ങൾ രണ്ടുമൂന്നുപേർ രമേശനെ പാടവരമ്പിലും കുന്നിൻമൂട്ടിലും മറ്റുമായി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു, രമേശനിപ്പോൾ പൂമുഖത്തെ ചാരുകസേരയിൽ വളരെ മാന്യനായി ഇരിക്കുകയാണ്. ഇനി ഓടിയാൽ വെടിവെച്ചു കൊന്നുകളയും
എന്ന ഭീഷണി ഇത്രമേൽ ഫലിക്കുമെന്ന് ഞങ്ങൾപോലും പ്രതീക്ഷിച്ചതല്ല)

അവതാരക തുടരുന്നു:

"എന്താണ് രമേശനെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തനാക്കുന്നത് എന്നു നോക്കാം.

മുപ്പത്തിയൊന്നാം വയസ്സിലും ഒരു ദിവസം പോലും
മുടങ്ങാതെ ഉറക്കത്തിൽ  കിടക്കപ്പായയിൽ
മൂത്രമൊഴിക്കുന്നു എന്നതാണ് ഇദ്ദേഹത്തിൻറെ പ്രത്യേകത"

(രമേശൻ വളരെ വിഷാദ ചിത്തനായി  വെടിവെച്ചു കൊല്ലപ്പെടേണ്ട അവസ്ഥയെ തരണം ചെയ്യാൻ എന്നപോലെ ഇരിക്കുമ്പോൾ ഒരു പരസ്യത്തിനുള്ള സമയമാണ്)

"പെട്ടന്നുതന്നെ തിരികെ വരാം"
(കുട്ടികളുടെ സ്നഗ്ഗിയുടെ പരസ്യവും, കെയർഫ്രീ നാപ്കിന്റെ പരസ്യവും മിന്നിമറയുന്നു)

അവതാരക തുടരുന്നു:

"സ്വന്തമായി കൃഷിചെയ്തു ജീവിക്കുന്ന
അവിവാഹിതനായ രമേശന്റേത്
അമ്മയും മകനും മാത്രമുള്ള സംതൃപ്ത കുടുംബമാണ്.

ജനിച്ചതുമുതൽ ഒരു ദിവസം പോലും മുടങ്ങാതെ
ഇങ്ങനെയൊരു ക്രിയേറ്റിവിറ്റി കണ്ടിന്യു ചെയ്യുന്നു
എന്നതു കൊണ്ടുതന്നെ, അഥവാ  11315 ദിവസം തുടർച്ചയായി
കിടക്കപ്പായയിൽ കാര്യം സാധിച്ചു എന്നതുകൊണ്ടുതന്നെ
ലിംകാ ബുക്സ് ഓഫ് റെക്കോഡ്സിലും ഗിന്നസ് ബുക്കിൽ തന്നെയും
രമേശന്റെ പേര് രേഖപ്പെടുത്തേണ്ടാതാണ്.
പക്ഷേ, നിരാശാവഹമായ ഒരു സത്യം അതിനു സാധിച്ചില്ല എന്നതാണ്.
നമ്മുടെ ഭരണ സംവിധാനത്തിൻറെ കെടുകാര്യസ്ഥത എന്നല്ലാതെ
എന്തു പറയാൻ..

മൂത്രാനുഭവങ്ങളുടെ കാലാതീതമായ അടയാളപ്പെടുത്തലുകൾക്ക് വേണ്ടി വിവാഹ ജീവിതംവരെ ഉപേക്ഷിച്ചിരിക്കുന്ന രമേശൻ ഒരു ജീവിത സാക്ഷാൽക്കാരത്തിന്റെ ത്യാഗോജ്വലമായ ഉദാഹരണമാണ്.... ഒരുതരം സാക്രിഫൈസ്..

പറയൂ മിസ്റ്റർ രമേശ്‌ താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ഇനിയങ്ങോട്ട് ജീവിതത്തിൽ എന്താണ് ആഗ്രഹം?"

(രമേശൻ ഭയന്നുവിറച്ച സ്കൂൾ കുട്ടിയെപ്പോലെ ഞങ്ങൾ ഒളിച്ചുപിടിച്ചിരിക്കുന്ന ആയുധത്തിന് മുന്നിൽ എഴുന്നേറ്റു നിന്ന് സംസാരിക്കാൻ തുടങ്ങുന്നു)

"ഒരു ചെറിയ ഇടവേളയും കൂടി"

(ഈ  സമയത്ത് രമേശൻ കരഞ്ഞുകൊണ്ടു തുടർന്നു: "എനിക്കൊന്നും പറയാനില്ല സർ....  ദയവുചെയ്ത് ഇതു നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. സത്യമായിട്ടും ഇതൊരു രോഗമാണ്. എത്ര ഡോക്ടർ മാരെ കണ്ടിട്ടും നേരെയാകുന്നില്ല. കല്ല്യാണം വരെ വേണ്ടെന്നു വെച്ചത്, ആദ്യരാത്രിയിൽ...."  - കേരളത്തിലെ അറിയപ്പെടുന്ന ഒരു ചാനൽ പ്രവർത്തകൻ എന്ന നിലയിൽ ഇത്തരം പ്രതിസന്ധികളിൽ ഇടപെടാതിരിക്കാൻ എനിക്ക് സാധ്യമല്ല എന്നതുകൊണ്ട് ഞാൻ വളരെ സഹാനുഭൂതിയോടെ അദ്ദേഹത്തെ സമീപിച്ചു കൊണ്ട് പറഞ്ഞു: "അറിയാം സുഹൃത്തേ... പക്ഷേ ഇത് ഞങ്ങളുടെ ചാനലിൻറെ നില നിൽപ്പിൻറെ പ്രശ്നമാണ്.. അതിലുപരി ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നം.. ദയവുചെയ്ത് സഹകരിക്കണം ഇല്ലെങ്കിൽ തീർച്ചയായും ആയുധം ഉപയോഗിക്കേണ്ടിവരും")

"ക്ഷമിക്കണം, വളരെ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രമേശനിലെക്കു വരികയാണ്.
പറയൂ ഇനി എന്താണ് താങ്കളുടെ ജീവിതലക്‌ഷ്യം?"

രമേശൻ മടികൂടാതെ മൈക്കുവാങ്ങുന്നു,
തുടരുന്നു: "സത്യം പറഞ്ഞാൽ ഇത് ഇത്രയും വലിയ ഒരു കലയാണെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഇത്രയും കാലം എനിക്ക് 'ഒന്നി'ൽ മാത്രമേ തുടരാൻ പറ്റിയുള്ളൂ, എന്നതിൽ തീർത്തും കുണ്‍ഠിതപ്പെടുന്നു.
ഇനിയങ്ങോട്ട് ഇന്നുമുതൽ എൻറെ പ്രവർത്തന മേഖല 'രണ്ടിലേക്കും' വ്യാപിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്"

"ഇനി നമുക്ക് വ്യത്യസ്തരായ  പുതിയ വ്യക്തികളുമായി അടുത്താഴ്ച ഇതേ സമയത്തു വീണ്ടും കാണാം. നന്ദി... നമസ്കാരം"

2013, ജൂലൈ 27, ശനിയാഴ്‌ച

നീലസാരികളുടെ ബീച്ച്

ഞാൻ കാത്തിരിക്കുന്ന മുഖം
വിരസവേളകളിൽ 
വിരുന്നു വരാറുള്ള 
സൗഹൃദ സംഭാഷണങ്ങളുടെ 
നിറങ്ങളിൽ വരച്ചെടുത്ത വിഷാദമാണ്.. 

നീലസാരിയാണ് വേഷം 
എന്നുമാത്രം സൂചിപ്പിച്ചിരുന്നു, 
കടും നീലയെന്നോ ആകാശനീലയെന്നോ 
ഇളംനീലയെന്നോ പറഞ്ഞിരുന്നില്ല..
വെറും നീലനിറം, അത്രമാത്രം..

ഞാൻ കറുപ്പാണെന്ന്
അവൾക്കറിയാം..
കണ്ടില്ലെങ്കിലും എല്ലാകറുപ്പും
കറുപ്പാണെന്ന് ആർക്കും
പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ..

തൊട്ടടുത്തെ സിമന്റു
ബെഞ്ചിലിരുന്ന
ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്ന
കടുംനീലനിറം അവളായിരിക്കില്ല,
കൂടെ മറ്റൊരു കറുപ്പ്  നെടുവീർപ്പുകൾ കൊണ്ടു
തിരകളെണ്ണുന്നത് കാണാം.. 

അപ്പുറത്ത് ബദാംമരച്ചുവട്ടിൽ
മൗനത്തിന്റെ പോപ്പ്കോണുകൾ
കൊറിക്കുന്ന ആകാശനീല സാരി
അവളായിരിക്കില്ല,
കൂടെ ഒരു കറുപ്പ് ജീൻസ് വീണ്ടുംവീണ്ടും
സിഗരെറ്റ്‌ കുറ്റികൾ
ചവിട്ടി ഞെരിക്കുന്നുണ്ട്..

ഇപ്പോൾ,
കരഞ്ഞുചീർത്ത പൂച്ചക്കണ്ണുകൾ
തൂവാലകൊണ്ട്മറച്ചുപിടിച്ച്
ഓട്ടോയിൽ വന്നിറങ്ങിയ
ഇളംനീലയുടെ കൂടെ ഒരു തടിച്ചകറുപ്പ്
നടന്നുപോകുന്നുണ്ടായിരുന്നു..
അതും അവളായിരിക്കില്ല.. 

അകലെ  മണൽപ്പരപ്പിലൂടെ
നിലവിളിച്ചുകൊണ്ട് നീലക്കടലിലേക്ക്
ഓടിപ്പോകുന്ന വെറും നീലനിറം
അവളായിരിക്കുമോ?
കൂടെ ഒരു കരിനിഴൽ പോലുമില്ല..

ആയിരിക്കില്ല..
എങ്കിലും, ഇനിയൊരു-
കാത്തിരിപ്പിന് സാധ്യതയുമില്ല.

വൈകിയെത്തുമ്പോൾ

രാത്രി വണ്ടിയിൽ
മംഗലാപുരത്ത്പോകുമ്പോൾ
പാളത്തിന്റെ അപ്പുറത്ത് നിന്നും
ഒരാൾ മൂത്രമൊഴിക്കുന്നത് കണ്ടിരുന്നു.... 

അയാളെ കാത്തുനിന്ന് കാത്തുനിന്ന് 
കുരയ്ക്കാൻപറ്റാത്ത 
ഒരുദിവസത്തിൻറെ 
നിരർത്ഥകതയെ ശപിച്ചുകൊണ്ട്
അയൽ വീട്ടിലെ പട്ടി
ഉറങ്ങിക്കാണണം.

ചിലപ്പോൾ കുറച്ചുനേരം മുമ്പേ 
എത്തുകയാണെങ്കിൽ
ചവിട്ടിപ്പോകേണ്ടിയിരുന്ന ഒരു മൂർഖൻ പാമ്പ്‌
കാത്തിരുന്ന് മടുത്ത് ഇടവഴി-
മുറിച്ചു കടന്നിട്ടുണ്ടാവണം.

പടവുകൾ കയറി വീടെത്തിയാൽ
വാതിൽ തുറന്ന ഉടനെ
അകത്തേക്ക് ചാടിക്കയറാൻ 
തക്കം പാർത്തു നിൽക്കുന്ന പൂച്ച 
എലിയെ പിടിക്കാനുള്ള 
എളുപ്പവഴിയെ കുറിച്ച് ചിന്തിക്കുന്നുണ്ടാവണം.

വീട്ടിൽ കയറിയ ഉടനെ ആർത്തിയോടെ 
വെള്ളം കുടിക്കാനെടുക്കുന്ന പളുങ്ക് പാത്രം 
നിലത്തു വീണു തകരേണ്ടിയിരുന്ന-  
സ്വപ്നങ്ങൾ ഭീതിയോടെ ചേർത്തുവെച്ച് 
ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവാണം.

ഒരാൾ വൈകിയെത്തുമ്പോൾ എന്തൊക്കെ പ്രശ്നങ്ങളാണ്.